കൊച്ചി: കാക്കൂരിലെ മലർവാടിയിൽ 'പണം കായ്ക്കുന്ന' മരങ്ങളുടെ തൈകൾ റെഡിയാണ്. തിരുമാറാടി ഗ്രാമപഞ്ചായത്തിലെ കാക്കൂർ സർവീസ് സഹകരണ ബാങ്കിന്റെ ഹൈടെക് കാർഷിക നഴ്സറിയാണ് മലർവാടി.
സംസ്ഥാനത്ത് നിലവിൽ ലഭ്യമായതിൽവച്ച് ഏറ്റവും ഗുണമേന്മയുള്ള അത്യുല്പാദന ശേഷിയുള്ള തെങ്ങ്, കമുക്, പ്ലാവ്, മാവ്, കശുമാവ്, പേര തുടങ്ങി കറിവേപ്പുവരെയുള്ള വൃക്ഷലതാദികളും പച്ചക്കറി വിത്തുമൊക്കെയായി ഹരിതസമ്പുഷ്ടമാണിവിടം.
നിലത്തുനിന്ന് വിളവെടുക്കാൻ കഴിയുന്ന കുള്ളൻതെങ്ങും ഇന്റർമംഗള കമുകും ബട്ട് പ്ലാവുമൊക്കെ നഴ്സറിയിൽ പാകമായിട്ടുണ്ട്. എല്ലാവരും പ്ലാവ് നട്ടാൽ ഉണ്ടാകുന്ന ചക്കയെല്ലാം എന്തുചെയ്യുമെന്നൊന്നും ആശങ്കവേണ്ട. തിന്നുതീർക്കാനാവാത്ത പോലെ ചക്കയുണ്ടാവുകയാണെങ്കിൽ അതിനും ബാങ്കിനുമുമ്പിൽ പരിഹാരമുണ്ട്. കാർഷിക വിളകളിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങളുണ്ടാക്കി മാർക്കറ്റ് ചെയ്യുന്നതിന് നബാർഡിന്റെ സഹായത്തോടെ വിപുലമായൊരു പദ്ധതിക്കും തുടക്കമിട്ടുകഴിഞ്ഞു. പൾപ്പ് എടുത്ത് മാർക്കറ്റ് ചെയ്യുന്നതിന് പുറമെ 142 ഇനം ചക്കവിഭവങ്ങൾ തയ്യാറാക്കി വിപണിയിലിറക്കാനാണ് പരിപാടി. അതുകൊണ്ടും പരിഹാരമാകുന്നില്ലെങ്കിൽ ചക്കയും ചിലയിനം പച്ചക്കറികളുമൊക്കെ സ്വാഭാവിക നിറത്തിൽ ഉണക്കിസൂക്ഷിക്കാനുള്ള സാങ്കേതികവിദ്യയും വികസിപ്പിച്ചിട്ടുണ്ട്. ചെറിയതോതിൽ പ്രവർത്തനം ആരംഭിച്ച നഴ്സറി തന്നെ ഇന്നൊരു വിപുലമായ കാർഷിക ഉദ്യാനമായി മാറി. മത്സ്യക്കുളവും ഫൗണ്ടനുമൊക്കെയായി സന്ദർശകർക്ക് കൗതുകക്കാഴ്ചകളുമുണ്ട്.
കഴിഞ്ഞവർഷം നഴ്സറിയുടെ ലാഭം: ₹ 60 ലക്ഷം
ഗ്രീൻ ആർമിയുടെ സാങ്കേതികസഹായം
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഗ്രീൻ ആർമിയുടെ സേവനവും മലർവാടിയിൽ ലഭ്യമാണ്. ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്താൽ കൃഷിപ്പണികൾ ചെയ്യാൻ പരിശീലനം സിദ്ധിച്ചതാണ് ഗ്രീൻ ആർമി. ജോലിക്ക് ആളെ കിട്ടാനില്ലെന്ന പരാതിയും അതോടെ തീരുന്നു. തൈകളുടെ നടീൽ, പരിചരണം എന്നീകാര്യങ്ങളിൽ സാങ്കേതികോപദേശം മാത്രം മതിയെങ്കിൽ മലർവാടിയുടെ മാനേജർ ഷാജിയെ സമീപിക്കാം.
സാമൂഹ്യക്ഷേമ പദ്ധതികളും നടപ്പാക്കുന്നുണ്ട്
ബാങ്കിന്റെ പ്രവർത്തനത്തിൽ നിന്നുള്ള ലാഭം കാർഷികമേഖലയിലെ സേവനങ്ങൾക്കുവേണ്ടിയാണ് വിനിയോഗിക്കുന്നത്. മലർവാടി നഴ്സറിക്കു പുറമെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞവർഷം രണ്ട് നിർദ്ധനകുടുംബങ്ങൾക്ക് വീടു നിർമിച്ചു കൊടുത്തതു കൂടാതെ കാൻസർ രോഗികൾക്ക് 25000 രൂപയുടെ ധനസഹായം, ആംബുലൻസ്, നീതി മെഡിക്കൽസ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
അനിൽ ചെറിയാൻ, ബാങ്ക് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |