SignIn
Kerala Kaumudi Online
Tuesday, 16 April 2024 11.22 PM IST

ജില്ലയ്ക്ക് പരിഗണ നൽകി ബഡ്ജറ്റ്

budget

കൊച്ചി: എറണാകുളം ജില്ലയ്ക്ക് സാദ്ധ്യമായ പരിഗണന നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ കന്നി ബഡ്ജറ്റ്. കൊവിഡ് പ്രതിസന്ധി വലിയ പ്രതീക്ഷകൾ നിറവേറ്റാൻ തടസമായെന്നാണ് സൂചനകൾ.
ആരോഗ്യമേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന പദ്ധതികൾ ജില്ലയ്ക്കും നേട്ടമാകും. സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും പകർച്ചവ്യാധികൾക്ക് പത്ത് കിടക്കകൾ സ്ഥാപിക്കും. ജില്ലാ, ജനറൽ ആശുപത്രികളിൽ ഓട്ടോക്ലേവ് റൂം അണുവിമുക്തമുറികളാക്കി മാറ്റും.
മെഡിക്കൽ കോളേജുകളിൽ പകർച്ചവ്യാധികൾക്ക് ഐസലേഷൻ വാർഡുകൾ എറണാകുളത്തിനും ലഭിക്കും.
തീരദേശസംരക്ഷണ പദ്ധതി ജില്ലയിലെ 46 കിലോമീറ്റർ തീരദേശത്തിന് ആശ്വാസമാകും. പ്രായോഗികതയിൽ ആശങ്കകളുണ്ടെങ്കിലും ചെല്ലാനം, വൈപ്പിൻ മേഖലയ്ക്ക് പ്രതീക്ഷ പകരുന്നതാണ് പദ്ധതി. തീരദേശ സംരക്ഷണത്തിനുള്ള 11,000 കോടിയുടെയും കടലാക്രമണം നേരിടാനുള്ള 1,500 കോടിയുടെയും വിഹിതവും ജില്ലയ്ക്ക് ലഭിക്കും.

ആരോഗ്യമേഖലയ്ക്ക് മുൻഗണനയും അടിയന്തരപ്രാധാന്യവും

തീരദേശവാസികളുടെ ആവശ്യങ്ങളോട് അനുഭാവം

ടൂറിസം മേഖലയ്ക്ക് കൈത്താങ്ങും പ്രതീക്ഷയും

ചെറുകിട, സൂക്ഷ്മ വ്യവസായങ്ങൾക്ക് വായ്പയുടെ കൈത്താങ്ങ്

ലോക്ക് ഡൗണിൽ തകർച്ചയെ നേരിടുന്ന വ്യാപാരമേഖലയ്ക്ക് നിരാശ

ടൂറിസത്തിന് ഉണർവേകും
ടൂറിസം മേഖലയ്ക്ക് പ്രഖ്യാപിച്ച 500 കോടി രൂപയുടെ വായ്പയും വിപണനത്തിന് 50 കോടി വകയിരുത്തിയതും കൊച്ചിയ്ക്കും ഗുണകരമാകും. കൊവിഡ് പ്രതിസന്ധിയിൽ അടച്ചുപൂട്ടപ്പെട്ട ഹോട്ടലുകൾക്കുൾപ്പടെ സഹായം ലഭിക്കും. ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫീബിയൻ വാഹനം കൊച്ചിക്കും ലഭിക്കും.
പരിസ്ഥിതിസൗഹൃദ ഗതാഗതത്തിന് നിരത്തിലിറക്കുന്ന 10 ഹൈഡ്രജൻ ബസുകളുടെ വിഹിതം കൊച്ചിക്ക് ലഭിക്കും. കൊച്ചി വിമാനത്താവളത്തിന്റെയും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും സഹകരത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

മത്സ്യത്തൊഴിലാളികൾക്ക് നിരാശ
മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കാത്തതിൽ കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രതിഷേധിച്ചു. പ്രതിമാസം 5,000 രൂപ വീതം ദുരിതാശ്വാസമായി അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത് പരിഗണിക്കാത്തത് ഖേദകരമാണെന്ന് പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.
കടൽകയറ്റത്തിന് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുമെന്നതും ഗവേഷണ സ്ഥാപനങ്ങളേയും തദ്ദേശീയ ജനതയെയും പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുമെന്നതും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.


വ്യാപാരികൾക്ക് പ്രതിഷേധം
കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകിയത് സ്വാഗതാർഹമാണെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് പറഞ്ഞു. വ്യാപാരികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പരിഗണിക്കാത്തത് നിരാശാജനകമാണ്. പലിശരഹിതമോ കുറഞ്ഞ നിരക്കിലോ വായ്പ ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. വ്യാപാര, വ്യവസായ മേഖലകൾക്ക് കൊവിഡ് പ്രതിസന്ധി മറികടക്കാൻ ആശ്വാസനടപടികൾ പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹമാണെന്ന് പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും പറഞ്ഞു.

ഒന്നും കിട്ടിയില്ലെന്ന്
ചില്ലറവില്പനമേഖലയെ നിരാശപ്പെടുത്തിയെന്ന് ഓൾ ഇന്ത്യാ മൊബൈൽ റീട്ടെയിൽ അസോസിയേഷൻ ആരോപിച്ചു. കൊവിഡ് പാക്കേജും ആരോഗ്യരംഗത്തെ കരുതലും സ്വാഗതാർഹമാണ്. കടക്കെണിയിലായ വ്യാപാരികൾക്ക് കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കണമെന്ന ആവശ്യം അവഗണിച്ചതായി അസോസിയേഷൻ പ്രസിഡന്റ് യാസിൽ അറാഫത്ത്, സെക്രട്ടറി ബാബു ഒഴിയിൽ എന്നിവർ പറഞ്ഞു.

പരിഗണന ആശ്വാസകരം
വ്യവസായികളെ സമ്മർദ്ദത്തിലാക്കി നികുതി പിരിക്കില്ലെന്ന പ്രഖ്യാപനം പ്രഖ്യാപനം ആശ്വാസകരമാണെന്ന് കേരള സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ. നിസാറുദ്ദീൻ പറഞ്ഞു.
പുതിയ സംരംഭങ്ങൾക്ക് വായ്പ നൽകാൻ 1600 കോടി രൂപ മാറ്റിവച്ചത് സ്വാഗതം ചെയ്യുന്നു. പലിശ സബ്‌സിഡിക്ക് തുക അനുവദിച്ചതും സഹായകമാണ്. ചെറുകിട, സൂക്ഷ്മ വ്യവസായങ്ങൾക്ക് വായ്പയ്ക്ക് നീക്കിവച്ച തുക അപര്യാപ്തമാണ്.

പാക്കേജ് വേണം

ബഡ്‌ജറ്റ് സ്വാഗതാർഹമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ. ടൂറിസം പുനരുജ്ജീവനത്തിനും ചെറുകിട, സൂക്ഷ്മ വ്യവസായത്തിനും പ്രഖ്യാപിച്ച പാക്കേജിന് ഹോട്ടൽ റസ്റ്റോറൻറ് മേഖലയ്ക്കും അർഹതയുണ്ട്. വ്യാപാരമേഖലയ്ക്ക് കെ.എസ്.എഫ്.ഇ വഴി പ്രഖ്യാപിച്ച അധിക വായ്പാപദ്ധതി, ഓൺലൈൻ ഡെലിവറിക്കും വൈദ്യുതി സ്‌കൂട്ടർ വാങ്ങാനുള്ള വായ്പാപദ്ധതി എന്നിവ ഹോട്ടൽ മേഖലയ്ക്ക് ഗുണകരമാണ്. പദ്ധതികളുടെ ഗുണഫലം ഹോട്ടൽ, റെസ്റ്റോറന്റ് ഉൾപ്പെടെ ചെറുകിട വ്യാപാര വ്യവസായ മേഖലയ്ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും ആവശ്യപ്പെട്ടു.

മെഡിക്കൽ കോളേജിന് പരിഗണന കിട്ടിയില്ല
എറണാകുളം മെഡിക്കൽ കോളേജിനും കൊച്ചി കാൻസർ സെന്ററിനും പരിഗണന കിട്ടിയില്ല. നിർമാണപ്രവർത്തനങ്ങൾ സ്തംഭിച്ച നിലയിലാണ് കാൻസർ സെന്റർ. മെഡിക്കൽ കോളേജിന്റെ വികസനവും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക് നിർമാണവും അനിശ്ചിതത്വത്തിലാണ്. ആരോഗ്യമേഖലയ്ക്ക് ഉയർന്ന പ്രാധാന്യം ലഭിച്ചപ്പോഴും കൊച്ചിയിലെ പ്രധാന സ്ഥാപനങ്ങൾ അവഗണിക്കപ്പെട്ടത് നിരാശപ്പെടുത്തുന്നതാണെന്ന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്‌മെന്റ് ഭാരവാഹി ഡോ.കെ.എൻ. സനിൽകുമാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUDGET
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.