കൊച്ചി: ജില്ലയിൽ കൊവിഡ് രോഗമുക്തിനിരക്ക് ഉയരുന്നുവെന്ന സന്തോഷ വാർത്തയ്ക്കിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ചാഞ്ചാട്ടം ആശങ്കയുളവാക്കുന്നു.കഴിഞ്ഞ രണ്ടുദിവസങ്ങളെ അപേക്ഷിച്ച് ഒരു ശതമാനത്തിലേറെയാണ് ഇന്നലെ രേഖപ്പെടുത്തിയ ടി.പി.ആർ. നിരക്ക്. അതുകൊണ്ടുതന്നെ ജില്ലയിലെ പ്രതിദിന കൊവിഡ് പോസിറ്റിവ് കേസുകളുടെ എണ്ണത്തിലും കാര്യമായ കുറവ് ഉണ്ടാകുന്നില്ല. ഇന്നലെ മാത്രം 1769 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യുന്ന ജില്ലകളിൽ അഞ്ചാം സ്ഥാനത്താണ് എറണാകുളം. ലോക്ക്ഡൗൺ ഉൾപ്പെടെ കർശന നിയന്ത്രണം തുടരുമ്പോഴും രോഗം സ്ഥിരീകരിക്കുന്നവരിൽ 95 ശതമാനത്തിൽ അധികവും സമ്പർക്കവ്യാപനമാണെന്നതും ആശങ്കയുളവാക്കുന്നുണ്ട്. സമ്പർക്കവ്യാപനത്തിന് ഇരയായതിൽ 10 പേർ ആരോഗ്യ പ്രവർത്തകരാണ്.
പ്രാദേശിക തലത്തിൽ ഏറ്റവും അധികം കേസുകൾ റിപ്പോർട്ടുചെയ്യുന്നത് തൃക്കാക്കരയിലാണ്. ഇന്നലെ മാത്രം 97 പുതിയകേസുകൾ ഇവിടെ റിപ്പോർട്ടുചെയ്തു. എടത്തല ( 67), കളമശേരി (62) പ്രദേശങ്ങളിലും ഉയർന്ന തോതാണ് രേഖപ്പെടുത്തിയത്. അതേസമയം ഐക്കാരനാട്, കുമ്പളം, തേവര, നായരമ്പലം, പല്ലാരിമംഗലം, മാറാടി, ഏഴിക്കര, കീരംപാറ, ചോറ്റാനിക്കര, തുറവൂർ, പൈങ്ങോട്ടൂർ, അശമന്നൂർ, ആവോലി, ഇലഞ്ഞി, കല്ലൂർക്കാട്, കുട്ടമ്പുഴ, തിരുവാണിയൂർ, പനയപ്പിള്ളി, പോണേക്കര, മുടക്കുഴ, മുളന്തുരുത്തി, രാമമംഗലം, അയ്യപ്പൻകാവ്, ആയവന, ചക്കരപ്പറമ്പ്, ചെങ്ങമനാട്, പച്ചാളം, പാമ്പാകുട, പൂണിത്തുറ പ്രദേശങ്ങളിൽ സ്ഥിതി ആശ്വാസരമാണ്. ഇവിടങ്ങളിൽ 5 ൽ താഴെ കേസുകൾ മാത്രമാണ് പുതുതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 16.29 ശതമാനം.
ഇന്നലെ പുതുതായി രോഗമുക്തി നേടിയവർ: 1778
വീടുകളിൽ പുതുതായി നിരീക്ഷണത്തിലായവർ: 1998
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ സംഖ്യ: 58335
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ: 20452
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |