SignIn
Kerala Kaumudi Online
Thursday, 25 April 2024 12.18 AM IST

തുടരുന്ന സ്ത്രീധന (ആത്മ)ഹത്യകൾ

jis

കൊച്ചി: ഇന്ത്യൻ പാർലമെന്റ് 1961 ൽ സ്ത്രീധനനിരോധന നിയമം പാസാക്കിയെങ്കിലും ഇപ്പോഴും പലരും അറിഞ്ഞമട്ട് ഭാവിക്കുന്നില്ലെന്നാണ് സമകാലിക ആത്മഹത്യകൾ തെളിയിക്കുന്നത്. ആൺകുട്ടിയുടെ വിദ്യാഭ്യാസത്തിനും പെൺകുട്ടിയുടെ വിവാഹത്തിനും വേണ്ടി ബാങ്ക് ബാലൻസ് സൂക്ഷിച്ച് കരുതലിന്റെ കാര്യത്തിൽ പോലും വിവേചനം കാണിക്കുന്ന സമൂഹമാണ് നമ്മുടേത്. മകൾക്ക് കൊടുത്തതിന് ഒപ്പമോ അതിലധികമോ മരുമകൾ ഇങ്ങോട്ടുകൊണ്ടുവരണമെന്ന് വാശിപിടിക്കുന്നവർ. എടുപ്പതു പൊന്നും പണവും ആഡംബര കാറും വിവാഹസമ്മാനമായി നൽകിയിട്ടും ഭർത്തൃവീട്ടിൽ ശാരീരികമായും മാനസികമായും മകൾ ചതഞ്ഞരയുകയാണെന്ന് അറിഞ്ഞാലും മൗനം പാലിക്കുന്നവർ. പെരുമാറ്റവൈകല്യമുള്ള മരുമകനെതിരെ പരാതി നൽകുന്നതിനു പകരം മകൾ വീട്ടിൽ തിരിച്ചെത്തിയാൽ മറ്റുള്ളവർ എന്തു പറയുമെന്ന ഭയത്താൽ ഭർത്തൃവീട്ടുകാരുടെ ആർത്തി ശമിപ്പിക്കാൻ പരക്കംപായുന്നവർ അറിയാതെയാണെങ്കിലും പെൺമക്കൾക്ക് കുരുക്ക് ഒരുക്കുകയാണ്.

ഭർത്താവ് കൊണ്ടുവന്ന പാമ്പിന്റെ കൊത്തേറ്റ് മരിച്ച ഉത്ര, സ്ത്രീധനപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ നടൻ രാജൻ പി. ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്ക, മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ, ഇന്നലെ തീകൊളുത്തി മരിച്ച നിലയിൽ കണ്ട വെങ്ങാനൂർ സ്വദേശി അർച്ചന, ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ച ആലപ്പുഴയിലെ 19 കാരി... സ്ത്രീധനമെന്ന ദുരാചരത്തിൽ പൊലിഞ്ഞുവീഴുന്നവരുടെ പട്ടിക നീളുകയാണ്.

 ഉപദേശങ്ങൾ അവസാനിപ്പിക്കാം

ഡോ. ജിസ ജോസ് ( എഴുത്തുകാരി, അസോ.പ്രൊഫസർ തലശേരി ബ്രണ്ണൻ കോളേജ്)

പതിവുപോലെ പെൺകുട്ടികൾക്കും പെൺവീട്ടുകാർക്കുമുള്ള ഉപദേശങ്ങളാണ് എങ്ങും. കണക്കുപറഞ്ഞ് പണം വാങ്ങുന്നവനും അതിന്റെ പേരിൽ പെൺകുട്ടിയെ കൊല്ലുന്നവനുമൊക്കെ നിരപരാധികൾ.

പെൺവീട്ടുകാർ എന്താണ് ചെയ്യേണ്ടത്. നാട്ടുനടപ്പ് ഇതാണ്. പെൺകുട്ടികൾ കെട്ടിച്ചുവിടാനുള്ള ചരക്കാണ്. സാധാരണ വില്പനകളിൽ വിൽക്കുന്നവർക്കു ലാഭം കിട്ടുമ്പോൾ ഇവിടെ നേരെ തിരിച്ചാണ് എന്നുമാത്രം. വിവാഹവ്യവസായം അവസാനിക്കട്ടെ, സ്വന്തം ശരീരവും ഉദ്യോഗവും പദവിയും പ്രദർശിപ്പിച്ചു വിലപേശി സ്ത്രീധനം വാങ്ങുന്ന സമ്പ്രദായം വൃത്തികെട്ടതാണെന്ന് ആണുങ്ങൾ തിരിച്ചറിയട്ടെ. അന്നു ചിലപ്പോൾ ഇതൊക്കെ അവസാനിച്ചേക്കും.

 യുവതലമുറ പ്രതികരിക്കണം

ഡോ.സി.ജെ.ജോൺ (സൈക്ക്യാട്രിസ്റ്റ്, എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ)

സ്ത്രീധനമെന്ന നാട്ടാചാരത്തെ മറികടക്കാൻ നിയമങ്ങൾ അപര്യാപ്തമാണ്. പുതിയ തലമുറ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് വേണ്ടത്. പെൺകുട്ടികൾക്ക് തുല്യ അവകാശങ്ങളുണ്ടെന്ന് അമ്മമാർ ആൺമക്കളെ പറഞ്ഞു മനസിലാക്കണം. നവവധുവിന്റെ സ്വർണം വിറ്റോ പണയംവച്ചോ വീട്ടിലെ ബാദ്ധ്യതകൾ തീർക്കാമെന്ന ധനതത്വ ശാസ്ത്രത്തിലാണ് പലരും മക്കളുടെ വിവാഹം നടത്തുന്നത്. ദാമ്പത്യത്തിന്റെ അടിസ്ഥാനലക്ഷ്യം തന്നെ ഇതോടെ താറുമാറാകും. സ്ത്രീധനമെന്ന സാമൂഹ്യതിൻമയെ എതിർക്കുകയല്ല, പകരം അതോടൊപ്പം നീങ്ങുകയാണ് ചെയ്യുന്നത്. എന്തു തരും,എത്ര കൊടുക്കും, എന്നീ ചോദ്യങ്ങളോട് വിദ്യാസമ്പന്നർക്ക് പോലും അസഹിഷ്ണുത തോന്നാത്തത് അലോസരപ്പെടുത്തുന്നു

 വാതിൽ അടയ്ക്കരുത്

ഷിജി ശിവജി ( വനിത കമ്മിഷൻ അംഗം )

മകൻ ധനവും മകൾ ഭാരവുമാണെന്ന ചിന്ത മാറണം. വിവാഹിതയായ മകൾക്കായി വീടിന്റെ വാതിൽ എന്നും തുറന്നുകിടക്കുമെന്ന ഉറപ്പ് നൽകണം. സ്വന്തം ജീവനും ആത്മാഭിമാനത്തിനും വില നൽകണമെന്ന് മകളെ ഓർമ്മിപ്പിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, DOWRY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.