SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.37 PM IST

സ്ത്രീധനത്തേക്കാൾ ഭീകരം ഈ മാമ്മൂലുകൾ

fg

കൊച്ചി: കൊലപാതകത്തിലോ ആത്മഹത്യയിലോ അവസാനിക്കുന്ന ഗാർഹിക പീഡനത്തിന് പിന്നിൽ സ്ത്രീധനത്തെ വെല്ലുന്ന മാമ്മൂലുകളും പ്രധാന വില്ലനാകുന്നു. വിവാഹം മുതൽ ആദ്യപ്രസവാനന്തരം ഭർതൃഗൃഹത്തിലേക്കുള്ള മടക്ക യാത്രവരെ നീളുന്ന അനാചാരജഡിലമായ ചിട്ടകളും ശീലങ്ങളുമാണ് പല കുടുംബങ്ങളുടെയും സ്വൈരജീവിതം തകർക്കുന്നത്. മാമ്മൂൽപ്രകാരം കിട്ടേണ്ടത് കിട്ടിയില്ലെങ്കിൽ അമ്മായി അമ്മയുടേയും നാത്തൂന്മാരുടെയും കുത്തുവാക്കും പഴിയും കേട്ട് നരകയാതന അനുഭവിക്കുന്നവർ നിരവധി ഭാര്യമാർ ഇന്നും കേരളത്തിലുണ്ട്. പ്രാദേശികമായി വ്യത്യാസപ്പെട്ടതെങ്കിലും വിചിത്രമാണ് പല ആചാരങ്ങളും.

 അമ്മായിയമ്മയ്ക്ക് വള

ആലപ്പുഴ ജില്ലയിലും പത്തനംതിട്ട ജില്ലയുടെ ചില ഭാഗങ്ങളിലും വിവാഹം കഴിച്ചുകൊണ്ടുവരുന്ന വധു ഭർത്താവിന്റെ മാതാവിന് സ്വർണവള ഇടണം. വളയുടെ തൂക്കത്തിനനുസരിച്ചാകും വധുവിന്റെ ഭാവിജീവിതം. വധു ആദ്യദിവസം തന്നെ മുഴുവൻ ആഭരണങ്ങളും അഴിച്ച് അമ്മായിയമ്മയുടെ കൈയ്യിൽ കൊടുക്കണമെന്ന ദുരാചാരവും ചില സ്ഥലങ്ങളിലുണ്ട്. പിന്നീട് അവർ നൽകുന്നതുമാത്രമെ വധു ധരിക്കാവൂ.

 അടുക്കള കാണൽ

വിലപിടിപ്പുള്ള ഗൃഹോപകരണങ്ങളുമായി അടുക്കള കാണാൻ ചെല്ലാതെ പെൺമക്കളെ വിവാഹം കഴിച്ചുവിട്ട വീട്ടിലേക്ക് അവളുടെ അമ്മയ്ക്ക് പ്രവേശനമില്ല. അടുക്കള കാണലിൽ കുടുംബത്തിന്റെ അന്തസിനനുസരിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ കിട്ടിയില്ലെങ്കിൽ അതാകും പഴി. അലാമാരയാണ് കൊടുക്കുന്നതെങ്കിൽ അതിന്റെ യുള്ളിൽ കുറച്ച് പണവും വച്ചിരിക്കണമെന്നാണ് അലിഖിത ചട്ടം.

 താലികെട്ട് അവകാശം

വരന്റെ സഹോദരിക്ക് വധുവിന്റെ വീട്ടുകാർ നൽകേണ്ട മാമ്മൂലിന് പേര് താലികെട്ട് അവകാശം. സ്വർണം അല്ലെങ്ങിൽ പണമാണ് നൽകേണ്ടത്. മുസ്ലീം വിഭാഗത്തിലെ ഒരു ആചാരമാണിത്.

 പ്രസവത്തിന് കൂട്ടൽ

ഏഴാം മാസത്തിൽ ഗർഭിണിയെ കൂട്ടിക്കൊണ്ടുപോകാൻ വീട്ടുകാർ വരുമ്പോൾ 7 കൂട്ടം പലഹാരങ്ങൾ വരന്റെ മാതാപിതാക്കൾക്ക് കാഴ്ച വയ്ക്കണം. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഭാഗത്ത് മറ്റൊരു ആചാരം കൂടിയുണ്ട്. മാതാപിതാക്കൾ മകളെ പ്രസവത്തിന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെങ്കിൽ മരുമകന് സ്വർണമാലയൊ മോതിരമൊ നൽകണം. വിവാഹപന്തലിൽ വച്ച് ഇത് രണ്ടും കൊടുത്തതാണെങ്കിലും വീണ്ടും കൊടുക്കണം.

 കുഞ്ഞിന്റെ നൂലുകെട്ട്

ഭർത്താവും കുടുംബക്കാരും നൂലുമായി വരുമ്പോൾ അതിനനുസരിച്ചുള്ള ആടയലങ്കാരങ്ങൾ ഒരുക്കിയില്ലെങ്കിൽ പൂരം പൊടിപൂരമാകും. അമ്മായിമ്മയും നാത്തൂന്മാരും ഉറഞ്ഞുതുള്ളും. പെണ്ണിനെനോക്കി കണ്ണിറുക്കി, നീ അങ്ങോട്ട് വന്നേക്ക് എന്നൊരു താക്കീതുമുണ്ടാകും. പ്രസവാവധി കഴിഞ്ഞ് ഭർതൃവീട്ടിലേക്ക് മടങ്ങുമ്പോൾ കുഞ്ഞിനെ ഇട്ടുമൂടാൻ സ്വർണമില്ലെങ്കിൽ നൂലുകെട്ടിന്റെ പകകൂടി തീർത്ത് പണികിട്ടിയിരിക്കും.

ഇത്തരം ദുരാചാരങ്ങളുടെ പേരിൽ കണ്ണീരുകുടിക്കുന്ന സ്ത്രീജന്മങ്ങളും സാക്ഷരകേരളത്തിൽ നിരവധിയുണ്ട്. സ്ത്രീധനം നിരോധിച്ചതൊക്കെ വേറെകാര്യം, കൊടുക്കാനും വാങ്ങാനും സമ്പന്നർക്കിടയിൽ മത്സരമാണ്. എന്നാൽ നിവർത്തിയില്ലാത്ത രക്ഷിതാക്കളുടെ പെൺമക്കൾ മാമ്മൂൽ കുരുക്കിന്റെ ഇരകളായി ജീവിതം ഹോമിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.