കളമശേരി: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ മൂന്ന് പുതിയ ക്ലിനിക്കുകൾ ആരംഭിക്കും. വൻകുടലും മലദ്വാരവും നീക്കം ചെയത് ബാഗ് വെച്ചവർക്ക് ബാഗും ശരീരഭാഗങ്ങളും വൃത്തിയാക്കുന്നത് പരിശീലിപ്പിക്കുന്ന സ്റ്റോമ ക്ലിനിക്ക് ജൂലായ് മൂന്നാം വാരം മുതൽ പ്രവർത്തനം തുടങ്ങും.
സ്വരയന്ത്രവും നാക്കും മുറിച്ചുമാറ്റിയവർക്ക് സംസാരിക്കാനും വിഴുങ്ങാനും പരിശീലനം നൽകുന്ന സ്പീച്ച് ആൻഡ് സ്വാളോയിംഗ് ക്ലിനിക്കിലേക്കുള്ള പതോളജിസ്റ്റിനെ നിയമിക്കാൻ കളക്ടറുടെ അനുമതി ലഭിച്ചതായി റിസർച്ച് സെന്റർ ഡയറക്ടർ ഡോ.ബാലഗോപാൽ പറഞ്ഞു. സ്തനാർബുദം ബാധിച്ച് സ്തനം നീക്കം ചെയ്തവർക്ക് കൈകളുടെ ചലനം വീണ്ടെടുക്കാനുള്ള ലിംഫിഡിമ ക്ലിനിക്ക് എല്ലാ വെള്ളിയാഴ്ചകളിലും പ്രവർത്തിക്കും. പതോളജി അസിസ്റ്റന്റ് പ്രൊഫസർമാരുടെ രണ്ട് ഒഴിവുകളിൽ നിയമനം നടത്താനും അനുമതിയായി. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയേറ്റർ പണി പൂർത്തിയാകുന്ന മുറയ്ക്ക് കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവർത്തിക്കുന്ന തിയേറ്റർ ഇവിടേക്ക് മാറ്റുമെന്നും ഡോ.ബാലഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |