കൊച്ചി: വിദേശ രാജ്യങ്ങളിലേതുപോലെ നിരത്തിലെ ഡ്രൈവിംഗ് ടെസ്റ്ര് ഒഴിവാക്കി ലൈസൻസ് എടുക്കാമെന്ന നിയമം ജൂലായ് ഒന്നിന് രാജ്യത്ത് നിലവിൽ വരുമെങ്കിലും മലയാളികൾ ഇതിനായി ഈ വർഷം അവസാനം വരെയെങ്കിലും കാത്തിരിക്കണം. പരിശീലന കേന്ദ്രങ്ങളുടെ രജിസ്ട്രേഷൻ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇവ തുടങ്ങും വരെ പഴയ രീതി തുടരാണ് തീരുമാനം. കൊവിഡിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നിർത്തി വച്ചിരിക്കുകയാണ്.
3 കോടിയാണ് പ്രശ്നം
മൂന്ന് കോടി രൂപയെങ്കിലും വേണം ഒരു കേന്ദ്രം ഒരുക്കാൻ. ഇതാണ് പ്രശ്നം. ഡ്രൈവിംഗ് സ്കൂളുകൾ ചേർന്ന് യൂണിറ്റ് തലത്തിൽ കേന്ദ്രം ഒരുക്കാനും ആലോചിക്കുന്നുണ്ട്. പുതിയ ചട്ടഭേദഗതി സംബന്ധിച്ച പഠനം നടത്തണമെന്ന നിർദേശം ഇനിയും ഡ്രൈവിംഗ് സ്കൂളുകൾക്ക് ലഭിച്ചിട്ടില്ല. പരിശീലന കേന്ദ്രം തുടങ്ങാനും നടത്തിപ്പിനും സർക്കാർ സഹായമോ കുറഞ്ഞ പലിശയിൽ വായ്പയോ ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
പുതിയ നിയമം
കേന്ദ്രസർക്കാർ ചുമതലപ്പെടുത്തുന്ന ഏജൻസികൾക്ക് അക്രഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ തുടങ്ങാമെന്നാണ് പുതിയ നിയമം. ഇതുപ്രകാരം റീജനൽ ട്രാൻസ്പോർട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ ഇല്ലാതാകും. പകരം നിശ്ചിത മാനദണ്ഡങ്ങളോടെ പ്രവർത്തിക്കുന്ന അംഗീകൃത കേന്ദ്രങ്ങളിൽ പരിശീലനം കഴിഞ്ഞ് റോഡ് ടെസ്റ്റില്ലാതെ ഡ്രൈവിംഗ് ലൈസൻസ് നേടാം.
പരിശീലന കേന്ദ്രത്തിൽ വേണ്ടത്
സമതല പ്രദേശത്ത് രണ്ടേക്കറും മലയോര പ്രദേശത്ത് ഒരേക്കറും ഭൂമി
രണ്ട് ക്ലാസ് മുറി
കമ്പ്യൂട്ടർ, മൾട്ടിമീഡിയ പ്രൊജക്ടർ, ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, ബയോമെട്രിക് അറ്റൻഡൻസ്
കയറ്റവും ഇറക്കവും അടക്കം പരിശീലിപ്പിക്കാനുള്ള ഡ്രൈവിംഗ് ട്രാക്ക്
വർക് ഷോപ്പ് നിർബന്ധം
അഞ്ച് വർഷത്തേക്കാണ് അനുമതി.പിന്നീട് പുതുക്കാം
പഠിച്ച് പാസാകണം
ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 29 മണിക്കൂറും ഹെവി വാഹനങ്ങൾക്ക് 38 മണിക്കൂറുമാണ് ക്ലാസ്. തിയറി, പ്രാക്ടിക്കൽ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഡ്രൈവിംഗ് തിയറി, ഗതാഗത വിദ്യാഭ്യാസം, അടിസ്ഥാന യന്ത്ര അറിവ്, പബ്ലിക് റിലേഷൻ, പ്രഥമശുശ്രൂഷ, ഇന്ധനക്ഷമത തുടങ്ങിയവയാണ് തിയറി ക്ലാസിൽ പൊതുവായുള്ളത്. ഹെവി വാഹനങ്ങളുടെ കാര്യത്തിൽ തിയറിയിൽ എയ്ഡ്സ്, ലഹരി, മദ്യം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം, വാഹന റിപ്പയർ എന്നിവയുമുണ്ട്. നഗര, ഗ്രാമ റോഡുകളിൽ പ്രാക്ടിക്കൽ പരിശീലനത്തിന് കൂടുതൽ സമയം നൽകും.
നിയമം പ്രാബല്യത്തിൽ വരുമെങ്കിലും നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് രീതി തുടരാനാണ് തീരുമാനം. തങ്ങളെ ബാധിക്കുന്ന വിധം കാര്യങ്ങളെത്തിയാൽ കോടതിയെ സമീപിക്കും.
ഡിക്സൻ, ഭാരവാഹി, ഇൻസ്റ്രിട്യൂട്ട് ഒഫ്
ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |