കാലടി: കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലന്റെ ജീവിതം നൃത്തശില്പ രൂപത്തിൽ അവതരിപ്പിച്ച് കാലടി ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസ്. സ്കൂളിന്റെ നൃത്തസംഗീതോത്സവത്തിൽ അവതരിപ്പിച്ച എ.കെ.ജിയുടെ പോരാട്ടഗാഥയുടെ ദൃശ്യാവിഷ്ക്കാരം കാണികളെ വിസ്മിപ്പിച്ചു.സ്കൂൾ ഡയറക്ടർ പ്രൊഫ. പി.വി. പീതാംബരൻ രചിച്ച കവിതയെ ആസ്പദമാക്കി നൃത്താദ്ധ്യാപികമാരായ ശ്രീക്കുട്ടി മുരളി, അഞ്ജന.പി.സത്യൻ, അനുശ്രീ വി, ഐശ്വര്യ വി എന്നിവർ ചേർന്നാണ് നൃത്തശില്പം ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്.
കെ. കേളപ്പന്റെ സ്വാതന്ത്ര്യസമരവീര്യം ഏറ്റെടുത്ത് എ.കെ.ജി നടത്തിയ പോരാട്ടങ്ങളായ ഗുരുവായൂർ സത്യാഗ്രഹം, കണ്ഠോത്ത് സമരം എന്നിവ ദൃശ്യവത്കരിച്ചു. പോരാട്ടങ്ങളിലൂടെ അദ്ദേഹം പാവങ്ങളുടെ പടത്തലവനായതും പട്ടിണിജാഥയും തിരുവിതാംകൂർ ഉത്തരവാദിത്വ ഭരണത്തിനായി നടത്തിയ ജാഥയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിറവിക്കിട നൽകിയ പാറപ്രം സമ്മേളനവും നൃത്തശില്പത്തിന് പ്രമേയമായി.
പതിനാറ് മിനിറ്റ് ദൈർഘ്യമുള്ള നൃത്തശില്പം അവതരണം കൊണ്ട് മികവ് തെളിയിച്ചു.
നൃത്തശില്പത്തിന് സങ്കേതിക സഹായം നർത്തകി സുധാ പീതാംബരൻ, ഡോ. സി.പി. ഉണ്ണികൃഷ്ണൻ എന്നിവർ ഒരുക്കി. സംഗീത സംവിധാനവും വയലിനും കീ ബോർഡും പി.ബി. ബാബുരാജ് നിർവഹിച്ചു. വായ്പ്പാട്ട് ജയൻ പെരുമ്പാവൂർ, തബല കിരൺ എൻ. കരുൺ, പുല്ലാങ്കുഴൽ ഷാജി ടി. ഹരിമുരളി, ചായം ജോയ് പോട്ട, ബാബു മണിക്യമംഗലം, സുരേന്ദ്രൻ ഊരകം, ബാബു ഇരിങ്ങാലക്കുട എന്നിവർ നിർവഹിച്ചു.
നാസ് ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച നൃത്തശില്പം ശ്രീശങ്കര സ്കൂളിന്റെ യൂ ട്യൂബ് ചാനൽ വഴി ലോകമെങ്ങളും എത്തിച്ചതായി പ്രൊഫ. പി.വി. പീതാംബരൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |