SignIn
Kerala Kaumudi Online
Saturday, 20 April 2024 3.45 AM IST

ഒറ്റയ്ക്കാണോ വരുന്നത്.... നഗരത്തിൽ ഷീലോഡ്ജുണ്ട്

she-loadge

കൊച്ചിയിൽ ഒറ്റയ്ക്കെത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യം ഒരുക്കി നഗരസഭ

കൊച്ചി: ജോലി, ഇന്റർവ്യൂ തുടങ്ങി പലവിധ ആവശ്യങ്ങൾക്കായി കൊച്ചിയിലേക്ക് വരുന്ന സ്ത്രീകൾ താമസത്തിന്റെ കാര്യം ആലോചിച്ച് ഇനി ടെൻഷനടിക്കേണ്ട. പെണ്ണുങ്ങൾക്ക് സമാധാനമായി അന്തിയുറങ്ങാൻ കൊച്ചി കോർപ്പറേഷൻ ഇടം ഒരുക്കുന്നു. എറണാകുളം നോർത്ത് പരമാര റോഡിലെ ലിബ്ര ഹോട്ടലാണ് ഷീലോഡ്‌ജായി മാറുന്നത്. ഒന്നോ രണ്ടോ ദിവസം ഇവിടെ തങ്ങാം. അതിനപ്പുറം താമസിക്കാൻ അനുവാദമില്ല. ലോഡ്‌ജിന്റെ കാര്യങ്ങൾ നോക്കി നടത്തുന്നതിനായി വനിതാവാർഡൻ ഉണ്ടാകും. ഷീലോഡ്‌ജിന്റെ നടത്തിപ്പ് വിശ്വസ്തരായ ഏതെങ്കിലും ഏജൻസിയെ ഏൽപ്പിക്കാനാണ് കോർപ്പറേഷൻ ഉദ്ദേശിക്കുന്നത്. കുറഞ്ഞ നിരക്കിലാകും വാടക.

22 മുറികൾ

ആദ്യഘട്ടത്തിൽ 22 മുറികളാണ് സ്ത്രീകൾക്കായി മാറ്റിവയ്ക്കുന്നത്. ഇതിന്റെ അറ്റകുറ്റ പണികളെല്ലാം കഴിഞ്ഞു. അറ്റാച്ച്‌ഡ് ബാത്ത് റൂം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി ഈ മാസം തന്നെ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ അവതരിപ്പിച്ച കോർപ്പറേഷന്റെ കന്നി ബഡ്ജറ്റിൽ ഷീ ലോഡ്ജ് ഉൾപ്പെട്ടിരുന്നു.

എങ്ങോട്ടും എളുപ്പത്തിൽ പോകാം

സുരക്ഷിതത്വവും യാത്രാസൗകര്യവുമുള്ളതിനാൽ നഗരകേന്ദ്രമായ നോർത്തിൽ ഷീലോഡ്ജ് പ്രവർത്തിക്കുന്നത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് അനുഗ്രഹമാകും. നോർത്ത് സ്റ്റേഷനിൽ നിന്ന് നടക്കാൻ മാത്രം ദൂരം, ഒട്ടുമിക്ക ദീർഘദൂര ട്രെയിനുകളുടെയും സ്റ്റോപ്പ് നോർത്തിലാണ്. കലൂർ ബസ് സ്റ്റാൻഡ്, സൗത്ത് സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി, ബൈപാസ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താം. തൊട്ടടുത്തുള്ള നോർത്ത് ബസ് സ്റ്റോപ്പിൽ നിന്നാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ബസ് കിട്ടും. അതല്ലെങ്കിൽ നോർത്തിൽ നിന്ന് മെട്രോ പിടിക്കാം. വൈറ്റില ഹബ്ബിൽ ചെന്നെത്താനും പ്രയാസമില്ല.

പറഞ്ഞു തുടങ്ങിയിട്ട് എട്ടു വർഷം

യു.ഡി.എഫിലെ ടോണി ചമ്മിണി മേയറായിരുന്ന സമയത്താണ് ഷീലോഡ്‌ജ് പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതി കടലാസിൽ ഒതുങ്ങി. തുടർന്നുവന്ന സൗമിനി ജെയിനിന്റെ ഭരണകാലത്തും എല്ലാ ബഡ്‌ജറ്റിലും ഷീലോഡ്ജിനെ കുറിച്ച് പരാമർശമുണ്ടായെങ്കിലും യാതൊന്നും സംഭവിച്ചില്ല.

അതിനിടെ ലിബ്രഹോട്ടൽ സാമൂഹ്യവിരുദ്ധർ കൈയേറി. അവിടം മാലിന്യനിക്ഷേപകേന്ദ്രമായി. മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിയാതായി. കെട്ടിടത്തിന് കേടുപാടുകൾ കണ്ടുതുടങ്ങി. മേയർ അഡ്വ. എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി വന്നതോടെ ലിബ്ര ഹോട്ടലിന്റെ ശനിദശ മാറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SHE LODGE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.