SignIn
Kerala Kaumudi Online
Friday, 29 March 2024 6.15 AM IST

കല്യാണം മുടക്കുന്ന കാട്ടാനകൾ

fg

കൊച്ചി: അദൃശ്യരായ കുറെ കല്യാണം മുടക്കികൾ എല്ലാ നാട്ടിലുമുണ്ടാകും. പ്രേമനൈരാശ്യം, അസൂയ, കുശുമ്പ്, കുന്നായ്മ എന്നീ സാമൂഹിക തിന്മകളുടെ പേരിലാണെങ്കിലും തടിമിടുക്കുള്ള മല്ലന്മാരുടെ പിടിയിലാകുന്നതോടെ ആ കഥ കഴിയുകയാണ് പതിവ്. എന്നാൽ എറണാകുളം ജില്ലയുടെ കിഴക്കൻ മലയോരമേഖലയിലെ സ്ഥിതി അതല്ല, ഇവിടെയുമുണ്ട് കുറെ കല്യാണം മുടക്കികൾ. പക്ഷേ അവരുടെ രോമത്തെ തൊടാൻ പോയിട്ട് അടുത്തുചെല്ലാൻ പോലും നാട്ടുകാർക്ക് ധൈര്യമില്ല. പറഞ്ഞുവരുന്നത് കുട്ടമ്പുഴ, കോട്ടപ്പടി, കവളങ്ങാട്, പിണ്ടിമന പ്രദേശങ്ങളിലെ കാര്യമാണ്. നല്ല വിദ്യാഭ്യാസവും സമ്പത്തും സൗന്ദര്യവുമൊക്കെയുള്ള ഇവിടുത്തെ ചെറുപ്പക്കാർക്ക് പുറം നാടുകളിൽ നിന്നുവരുന്ന കല്യാണാലോചനകൾ മുടക്കുന്നത് മനുഷ്യരല്ല, കാട്ടാനകളാണ്.

കല്യാണം മാത്രമല്ല പുതുതലമുറയുടെ ജീവിതസ്വപ്നങ്ങളെല്ലാം തല്ലിത്തകർക്കുകയാണ് കാടിറങ്ങി വരുന്ന കരിവീരന്മാർ. എപ്പോൾ വരുമെന്നെോ എന്തുചെയ്യുമെന്നോ ആർക്കും ഒരു നിശ്ചയവുമില്ല. വരുന്നവഴി മുമ്പിൽപ്പെടുന്നത് കന്നുകാലിയാണെങ്കിലും ജീവനോടെ വച്ചേക്കില്ല. കാർഷികസാധനങ്ങളുടെ കാര്യം പറയുകയും വേണ്ട. അതിന്റെ പേരിൽ ചീത്തയാകുന്നത് നാട്ടിലെ ചെറുപ്പക്കാരാണ്. ആനശല്യമുള്ള നാട്ടിലെ പയ്യൻ എന്ന ദുഷ്പേര് കാരണം പലർക്കും കല്യാണം നടക്കുന്നില്ല. മംഗല്യഭാഗ്യമില്ലാതെ യുവത്വത്തിന്റെ മുക്കാൽഭാഗവും പിന്നിട്ടവർ നിരവധിയുണ്ട്. ഇനി ദൂരെനാട്ടിൽ നിന്നും ചെറുക്കന്റെ പഠിപ്പും സമ്പത്തുമൊക്കെ ഇഷ്ടപ്പെട്ട് സുമനസ്കരായ പെണ്ണുവീട്ടുകാർ വന്ന് പരിസരം നിരീക്ഷിക്കുമ്പോഴായിരിക്കും വനാതിർത്തിയിൽ നിന്നുള്ള കാട്ടാനകളുടെ ചിന്നംവിളി. അതോടെ സംബന്ധം പോയിട്ട് ചായപോലും വേണ്ടാന്ന് പറഞ്ഞ് അവരും സ്ഥലം വിടും.

ഇന്നും ഇന്നലെയുമല്ല കാലം കുറേയായി ഈ ആന കളി തുടങ്ങിയിട്ട്. സർക്കാരും വനംവകുപ്പുമൊന്നും കാര്യത്തിന്റെ ഗൗരവം മനസിലാക്കി ഇടപെടാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്. ചുമ്മാ ഒരുദിവസം പൊട്ടിമുളച്ചവരല്ല കുട്ടമ്പുഴയിലെ ജനത. നൂറ്റാണ്ടിലേറെയായി മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകരും അവരുടെ പിൻതലമുറക്കാരുമാണ്. നാടിന് കോടികളുടെ വിദേശനാണ്യം സംഭാവന ചെയ്തവരാണ്. പക്ഷേ കാലമേറെ പുരോഗമിച്ചിട്ടും വന്യമൃഗങ്ങളോട് പൊരുതി ജീവിക്കാനാണ് ഈ നാട്ടിലെ യുവാക്കളുടെ തലവര. പ്രധാനവില്ലൻ ആനയാണെങ്കിലും മാനും മയിലും കുരങ്ങും മലയണ്ണാനും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണിൽചോരയില്ലാത്ത നടപടിയുമൊക്കെ ഈ നാടിന് ശാപമാവുകയാണ്...( തുടരും)

 റബർ കൃഷിയുടെ ഈറ്റില്ലം

കേരളത്തിൽ ആദ്യമായി റബർ തോട്ടം ആരംഭിച്ചത് കുട്ടമ്പുഴ പ്രദേശത്തായിരുന്നെന്ന് പ്രാദേശിക ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 1899 ൽ തട്ടേക്കാട് പക്ഷി സങ്കേതത്തിനപ്പുറം ഇടമലയാർ പ്രദേശത്ത് 7 ഏക്കർ സ്ഥലത്ത് വനംവകുപ്പ് നട്ടുപിടിപ്പിച്ച തോട്ടമാണ് ഇന്ത്യയിലെ ആദ്യത്തെ റബർ എസ്റ്റേറ്റ്. പഴയ മൂന്നാർ റോഡിനോട് ചേർന്ന് പെരിയാറിന്റെ വലതുകൈയിൽ തുടങ്ങിയ തോട്ടം വിജയിച്ചതിനെ തുടർന്നാണ് ജെ.എ. ഹണ്ടർ, കെ.ഇ. നിക്കൊളബ്‌സൺ എന്നിവരുടെ നേതൃത്വത്തിൽ 1902 - 04 കാലത്ത് തട്ടേക്കാട് ആദ്യത്തെ സ്വകാര്യ റബർ തോട്ടം തുടങ്ങിയത്. വന്യമൃഗങ്ങളും മാറാരോഗങ്ങളും പ്രതികൂലമായിട്ടും പതറാതെ പിടിച്ചുനിന്ന് തോട്ടം മേഖലയിൽ ജോലി ചെയ്തും, തെരുവപുല്ല് കൃഷിചെയ്തും, ഈറ്റ വെട്ടിയുമൊക്കെ കഠിനാധ്വാനം ചെയ്തവരുടെ പിന്മുറക്കാരാണ് ഇന്നും വന്യമൃഗശല്യത്തിന് ഇരകളാകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.