SignIn
Kerala Kaumudi Online
Friday, 19 April 2024 5.03 PM IST

ഒന്നര വർഷത്തിനു ശേഷം ഫസ്റ്റ് ബെൽ,​ പള്ളിക്കൂടം ഉണർന്നു, കൂടെ കുട്ടികളും

school

കൊച്ചി: ഒന്നര വർഷത്തിനു ശേഷം കുസൃതികളും കളിചിരികളുമായി സ്കൂളുകൾ ആഹ്ലാദതിമിർപ്പിൽ. കൊവിഡ് മഹാമാരി നൽകിയ നീണ്ട ഓൺലൈൻ അദ്ധ്യയന കാലത്തിനു ശേഷം കുരുന്നുകൾ വീണ്ടും അക്ഷരമുറ്റത്തേക്ക് നടന്നടുത്തു. കേരളപ്പിറവി ദിനത്തിൽ കിരീടം വച്ചും മിഠായികൾ വാങ്ങിയും സ്കൂൾ കവാടം കടന്ന് കുരുന്നുകൾ എത്തി. ബാഗിൽ സാനിറ്റൈസറും മുഖത്തു മാസ്‌കുമായി അകലം പാലിച്ചുമായി​രുന്നു രംഗപ്രവേശം. ആദ്യ ബാച്ചിൽ ഉൾപ്പെട്ടവരാണ് ഇന്നലെ എത്തിയത്.

 ജാഗ്രത കൈവിടാതെ പ്രവേശനോത്സവം

മുപ്പത്തടം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലായി​രുന്നു ജില്ലാതല പ്രവേശനോത്സവം. മന്ത്രി പി.രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങളിൽ വീഴ്ച വരുത്താതെ അദ്ധ്യയനം മുന്നോട്ടു കൊണ്ടുപോകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സബ് കളക്ടർ വിഷ്ണു രാജ് വിദ്യാർത്ഥികളെ സ്വീകരിച്ചു. ഹരിത പ്രോട്ടോകോൾ പാലിച്ചുള്ള അലങ്കാരങ്ങളും വിദ്യാലയങ്ങളിൽ ഒരുക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോർജ് പഠനോപകരണ വിതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി, കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഹണി.ജി. അലക്‌സാണ്ടർ എന്നിവർ പങ്കെടുത്തു.

 70,000 കുട്ടി​കളെത്തി​

2,67,000 വിദ്യാർത്ഥികളുള്ള എറണാകുളം ജില്ലയിൽ ഇന്നലെ ഹാജരായത് 70,000ൽ പരം പേർ. മാതാപിതാക്കളുടെ സമ്മതപത്രവുമായാണ് കുട്ടി​കളെത്തി​യത്.

ഒന്നാംക്ലാസ് വിദ്യാർത്ഥികൾ - 21,500

ഹാജരായ അദ്ധ്യാപകർ - 11,500

 തുറക്കാത്തത് 7 സ്കൂൾ

ജില്ലയിൽ ഇന്നലെ 7 സ്കൂളുകൾ തുറന്നില്ല. 6 അൺ എയ്ഡഡ് സ്കൂളുകളും 1 എയ്ഡഡ് സ്കൂളുമാണി​വ. നവദീപ്തി ഇ.എം.എസ് കരുമാലൂർ, മാർഗ്രിഗോറിയസ് ഇ.എം.എസ് നോർത്ത് പറവൂർ, മേരി ട്രീസ ക്രിസ്റ്റ ഇ.എം.എസ് നോർത്ത് പറവൂർ, സെന്റ് മേരീസ് ഇ.എം.എസ് മോറക്കാല, ജമാത്തെ ഇ.എം.എസ് മോറക്കാല, സ്പ്രീംഗ്ഡേൽ ഇ.എം സ്കൂൾ പാമ്പക്കുട എന്നീ അൺ എയ്ഡഡ് സ്കൂളുകളും എം.ടി എൽ.പി സ്കൂൾ കാരിയേലി എന്ന എയ്ഡഡ് സ്കൂളുമാണ് തുറക്കാതിരുന്നത്. അൺ എയ്ഡഡ് സ്കൂളുകളിൽ വിദ്യാർത്ഥികൾ എത്താത്തത് മൂലവും എയ്ഡഡ് സ്കൂളിൽ അദ്ധ്യാപികയ്ക്ക് കൊവിഡ് വന്നതുമാണ് പ്രശ്നം.

 ഇടമലയാർ സ്കൂളും തുറന്നു

ആശയക്കുഴപ്പങ്ങൾക്ക് വിരാമമിട്ട് ഇടമലയാ‌ർ സ്കൂളും ഇന്നലെ തുറന്നു. 46 ആദി​വാസി​കുട്ടി​കൾ പഠി​ക്കുന്ന സ്കൂളി​ൽ 18 പേരാണ് ഇന്നലെ വന്നത്. ഒന്നാം ക്ലാസുകാർ 4 പേരുണ്ട്. പൊങ്ങൻചുവട്, താളുംകണ്ടം കുടി​കളി​ലെത്തി​ വിദ്യാർത്ഥികളെ അദ്ധ്യാപക‌ർ ജീപ്പിലെത്തി സ്കൂളിലേക്ക് കൊണ്ടുവരി​കയായി​രുന്നു. ജീപ്പിൽ തന്നെ വിദ്യാർത്ഥികളെ തിരികെ വീട്ടിലും എത്തിച്ചു. ഇന്നുമുതൽ രക്ഷകർത്താക്കൾ സ്വന്തം ചിലവിൽ വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കണം.

അറാക്കാപ്പിൽ നിന്നും പലായനം ചെയ്തെത്തിയ ആദിവാസി കുടുംബങ്ങൾ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്നതിനാൽ സ്കൂൾ തുറക്കാൻ സാധിക്കാത്ത സ്ഥിതി ആയിരുന്നു. ഇത് കേരളകൗമുദി റിപ്പോർട്ട് ചെയ്തതതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പ്രവേശനോത്സവം നടത്തി സ്കൂൾ തുറന്നത്.

 മാസുമയും നാസിമും യാസ്മിനും എസ്.ആർ.വിയിൽ

എല്ലാത്തവണത്തേയും പോലെ ഇത്തവണയും അന്യസംസ്ഥാന കുട്ടികൾ ജില്ലയിലുണ്ട്. ആകെ 5,000 വിദ്യാ‌ർത്ഥികളാണ് ജില്ലയിൽ പഠിക്കുന്നത്. എസ്.ആ‌ർ.വി സ്കൂളിൽ ഒന്നാം ക്ലാസിനു ശേഷം സ്കൂളിൽ എത്താൻ പറ്റാതിരുന്ന സഹോദരങ്ങളായ അസാം സ്വദേശികളായ മാസുമ കാത്തുവും നാസിം അഹമ്മദും എസ്.ആർ.വി സ്കൂളിലെ മൂന്നാംക്ലാസിൽ ഉണ്ട്. ഒപ്പം നാലാം ക്ലാസുകാരി ലക്നൗ സ്വദേശിയായ യാസ്മിനും. മൂന്നുപേർക്കും മലയാളം അറിയില്ല. ഇവരെ മലയാളം പഠിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അദ്ധ്യാപകർ.

 കലാപരിപാടികളുമായി

എസ്.എച്ച് കോളേജ്

തേവര എസ്.എച്ച് കോളേജ് ഏജ് ഫ്രണ്ട്ലി ക്ലബിന്റെ നേതൃത്വത്തിൽ എറണാകുളം ഗേൾസ് എൽ.പി.സ്കൂളിൽ പ്രവേശനോത്സവം നടത്തി. ക്ലബ് കോർഡിനേറ്ററും അദ്ധ്യാപകനുമായി എബിൻ അമ്പിളിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘം മാജിക് ഷോ, പാട്ട്, ഡാൻസ്, കാർട്ടൂൺ ഷോ എന്നിവയുമായാണ് ക്ളാസുകൾ വർണാഭമാക്കിയത്.

 വാക്സിൻ എടുക്കാത്ത

അദ്ധ്യപകർ 191 പേർ

ജില്ലയിൽ വാക്സിൻ എടുക്കാത്തത് 191 അദ്ധ്യാപകർ. ഇതിൽ അലർജിയുള്ളവർ, കൊവിഡ് വന്ന് 3 മാസം ആകാത്തവർ, മതപരമായ കാരണങ്ങളാൽ എടുക്കാത്തവർ എന്നിവരാണ് ഉള്ളത്.

 കൊവിഡ് മാനദണ്ഡം പാലിച്ച് മുന്നോട്ട്

ജില്ലയിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ബാച്ച് തിരിച്ച് ക്ലാസുകൾ മുന്നോട്ടു കൊണ്ടുപോകും. 6 പ്രവൃത്തി ദിനങ്ങളാണ് ഉള്ളത്. ഇതിൽ ഓരോ ഡിവിഷനേയും വിദ്യാർത്ഥികളുടെ എണ്ണത്തിനു അനുസരിച്ച് എ1, എ2, എ3 എന്നിങ്ങനെ തിരിച്ച് രണ്ട് ദിവസം വീതം ക്ലാസുകൾ നടത്തും. 2 ബാച്ച് ആണെങ്കിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒരു ബാച്ചും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അടുത്ത ബാച്ചിന്റെയും ക്ലാസുകൾ നടത്തും.

ഹണി ജി. അലക്സാണ്ടർ,

വിദ്യാഭ്യാസ ഉപ ഡയറക്ട‌ർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.