SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.02 PM IST

അക്ഷരശ്ലോക മുത്തശ്ശി 94ലും അരങ്ങിൽ സജീവം

saraswathy-amma

കളമശേരി: അക്ഷരശ്ളോക സദസുകളിലെത്തിയാൽ പതിനേഴിന്റെ ചെറുപ്പമാണ് 94കാരി സരസ്വതിഅമ്മയ്ക്ക്. എതിരാളികൾക്ക് കടുത്ത മത്സരം ഉറപ്പ്. നവതി പിന്നിട്ടെങ്കിലും ഏലൂർ മഞ്ഞുമ്മൽ വലിയ വീട്ടിൽ സരസ്വതിഅമ്മയുടെ മനസിൽ ആയിരക്കണക്കിന് ശ്ളോകങ്ങൾ തെളിമ മങ്ങാതെ കളിയാടുന്നു. ആറായിരത്തിൽപ്പരം ശ്ലോകങ്ങളും രാമായണത്തിലെ ഒട്ടുമിക്ക വരികളും മനപ്പാഠം. പതിവായി പുതിയ ശ്ലോകങ്ങൾ പഠിക്കുകയും ദിവസവും മുടക്കം വരുത്താതെ ചൊല്ലുകയും ചെയ്യും. അക്ഷര ശ്ലോകം, കാവ്യകേളി, നാരായണീയ പാരായണം തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ല.

മഞ്ഞുമ്മൽ കരയോഗം നടത്തുന്ന മത്സരത്തിൽ 10 വർഷമായി സരസ്വതിഅമ്മക്കാണ് ഒന്നാം സമ്മാനം. കൊവിഡ് വ്യാപനത്തിനു മുമ്പ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ എല്ലാമാസവും അവസാന ഞായറാഴ്ചയും മുപ്പത്തടം ചന്ദ്രശേഖരപുരം ക്ഷേത്രത്തിൽ മലയാള മാസം ഒന്നിനും മഞ്ഞുമ്മലിൽ രണ്ടാം ശനിയാഴ്ചയും അക്ഷരശ്ലോക സദസിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ജ്യേഷ്ഠൻ ബാലകൃഷ്ണൻ ശ്ലോകങ്ങളും കവിതകളും ചൊല്ലുന്നത് കേട്ട് താത്പര്യം തോന്നിയാണ് പഠനം തുടങ്ങിയത്. വിവാഹ ശേഷം കുടുംബ ജീവിതം ഭർത്താവ് കൃഷ്ണൻകുട്ടി മേനോനുമൊത്ത് ഡൽഹിയിലായിരുന്നു. നാട്ടിൽ മടങ്ങിയെത്തി സംഗീതജ്ഞനായ ബി.മോഹനന്റെ അക്ഷരശ്ലോക സമിതിയിൽ സജീവമായി. അദ്ദേഹത്തിന്റെ പ്രോത്സാഹനം നീണ്ട ഇടവേളയ്ക്കുശേഷം 67 -ാം വയസിൽ വീണ്ടും പഴയ കഴിവുകൾ പൊടി തട്ടിയെടുക്കാൻ പ്രചോദനമായി.

കേരളത്തിലെ പ്രധാന വേദികളിലെല്ലാം പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടി. കൊടുങ്ങല്ലൂർ കോവിലകം നടുവം കവികളുടെ അനുസ്മരണ ചടങ്ങ്, എൻ.എസ്.എസ്. പറവൂർ താലൂക്ക് യൂണിയൻ, ഏലൂർ എം.ഇ.എസ് ഈസ്റ്റേൺ യു.പി.സ്കൂൾ, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം, ആലുവ സംഗീത സഭ, മുപ്പത്തടം ചന്ദ്രശേഖരപുരം ദക്ഷിണ കൈലാസം അക്ഷരശ്ലോക സമിതി തുടങ്ങിയ നിരവധി വേദികളിൽ ആദരിക്കപ്പെടുകയും പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയ്തു.

രാവിലെ പത്രം മുഴുവൻ വായിക്കും. ബാക്കി സമയം വാട്ട്സ് അപ് ഗ്രൂപ്പിൽ അക്ഷരശ്ലോകം അവതരണം, പുസ്‌തകവായന തുടങ്ങിയവ രാത്രി 11 മണി വരെ തുടരും. അമ്മയെ പ്രോത്സാഹിപ്പിച്ചും വേദികളിലേക്ക് കൂടെ സഞ്ചരിച്ചും മകൻ ഡോ.അനിലും മകൾ ഉഷാറാണിയും കൂടെയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, AKSHARA SLOKAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.