കൊച്ചി: സംസ്ഥാനത്തിനു പുറത്ത് ജനപ്രീതിയാർജിച്ച് കേരളാ ഭാഗ്യക്കുറി. അതിർത്തി പ്രദേശങ്ങളിൽ നിന്ന് വലിയ തോതിൽ ടിക്കറ്റുകൾ തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും കടത്തുന്നു. കേന്ദ്ര പേപ്പർ ലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരം നിയമവിരുദ്ധമാണ് ഈ വില്പന. കേരളത്തിൽ അച്ചടിക്കുന്ന ലോട്ടറി കേരളത്തിൽ വില്ക്കാൻ മാത്രമേ നിയമമുള്ളൂ. കൂടുതൽ തുകയ്ക്ക് കേരളത്തിന് പുറത്തു കേരള ലോട്ടറി വിൽക്കുന്ന സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണെന്ന് ലോട്ടറി വകുപ്പ് അധികൃതർ വ്യക്തമാക്കി. രണ്ടാഴ്ച മുമ്പ് കമ്പത്തു നിന്ന് തമിഴ്നാട് പൊലീസ് 6000 കേരള ലോട്ടറികൾ പിടിച്ചെടുത്ത് കേസാക്കിയിരുന്നു. പിടിക്കപ്പെട്ടാൽ ലഘുവായ ശിക്ഷയേയുള്ളൂ. പിടിയിലാകുന്നവർ ഇത് തുടരുകയാണ് പതിവ്. പാലക്കാട്, കളിയിക്കാവിള, വയനാട് ജില്ലകൾ വഴിയാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് ലോട്ടറി കടത്ത്.
അന്യസംസ്ഥാനക്കാർക്ക് ലോട്ടറി അടിച്ചാൽ സമ്മാനം നൽകുന്നത് വകുപ്പിന്റെ പ്രത്യേക കമ്മിറ്റി കൂടി പരിശോധിച്ച ശേഷമാണ്. ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ധാരാളം പേർ സമ്മാനാർഹരാകാറുണ്ട്. അവർക്കും കമ്മിറ്റിയുടെ അംഗീകാരം വാങ്ങിയാണ് സമ്മാനം നൽകുക.
ബി.സുരേന്ദ്രൻ
ഡെപ്യൂട്ടി ഡയറക്ടർ,
ഇന്റേണൽ ഇന്റലിജൻസ് ആൻഡ് ഇൻസ്പെക്ഷൻ വിഭാഗം, കേരള ലോട്ടറി
കേരളത്തെ ഉറ്റുനോക്കി 6 സംസ്ഥാനങ്ങൾ
സിക്കിം, നാഗാലാൻഡ്, മേഘാലയ, പഞ്ചാബ്, ഗോവ, വെസ്റ്റ്ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ ലോട്ടറി കേരളത്തിൽ വിൽക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നുണ്ട്. ഗോവ ലോട്ടറിയുടെ ഓഫീസ് കേരളത്തിൽ തുടങ്ങാൻ അനുമതി തേടിയെങ്കിലും നിരസിച്ചിരുന്നു. കേന്ദ്രസർക്കാർ വഴി സിക്കിം കേരളത്തിൽ ലോട്ടറി വിൽക്കാൻ അനുമതി തേടിയിട്ടുണ്ട്. അന്യസംസ്ഥാന ലോട്ടറികൾ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് കേരളം. ഇതിന്റെ പേരിൽ നിയമയുദ്ധങ്ങളും നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |