കൊച്ചി: ക്രിസ്മസ് സ്റ്റാർ ഉണ്ടാക്കാൻ അറിയാമോ. എന്നാൽ മറ്റന്നാൾ കൊച്ചി മെട്രോ സ്റ്റേഷനിലേക്ക് വരൂ. കിടിലൻ നക്ഷത്രമാണെങ്കിൽ ക്യാഷ് പ്രൈസും കൈനിറയെ സമ്മാനവുമായി മടങ്ങാം. സമ്മാനം ഒന്നും കിട്ടിയില്ലെങ്കിലും സങ്കടപ്പെടേണ്ട. പ്രോത്സാഹന സമ്മാനവും മെട്രോ ഒരുക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയാണ് സ്റ്റാർ നിർമ്മാണം മത്സരം സംഘടിപ്പിക്കുന്നത്. ആലുവ, മുട്ടം, കലൂർ, പേട്ട സ്റ്റേഷനുകളിലാണ് വാശിയേറിയ മത്സരം നടക്കുക. രണ്ട് മണിക്കൂറാണ് സ്റ്റാർ നിർമ്മിക്കാൻ ലഭിക്കുന്ന സമയം. 5000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനക്കാരന് 3000 രൂപയും മൂന്നാം സ്ഥാനക്കാരന് 2000 രൂപയും ലഭിക്കും. നക്ഷത്രം നിർമ്മിക്കാനാവശ്യമായ സാധനങ്ങൾ മത്സരാർത്ഥികൾ കൊണ്ടുവരണം. നിർമ്മിക്കുന്ന നക്ഷത്രത്തിന്റെ പരമാവധി വലിപ്പം ഒരു മീറ്ററാണ്. രജിസ്ട്രേഷൻ സൗജന്യം. മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കും ഒപ്പം യാത്ര ചെയ്യുന്ന ആൾക്കും മത്സരം നടക്കുന്ന സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്ര സൗജന്യമാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും മത്സരം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും കെ.എം.ആർ.എൽ വെബ്സൈറ്റ് സന്ദർശിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |