SignIn
Kerala Kaumudi Online
Thursday, 28 March 2024 9.29 PM IST

നിലതെറ്റിക്കും നിയന്ത്രണം

df

കൊച്ചി: കൊവിഡ് ലോക്ക്ഡൗണിനുശേഷം മെല്ലെ പച്ചപിടിച്ചു തുടങ്ങിയ വ്യാപാര മേഖലയ്ക്ക് ഇരുട്ടടിയാവുകയാണ് ഒമിക്രോൺ പശ്ചാത്തലത്തിൽ നാളെ മുതൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം. രാത്രി 10മുതൽ രാവിലെ അഞ്ചുവരെ കർശനവിലക്ക് ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ തിങ്കളാഴ്ചയാണ് ഉത്തരവിറക്കിയത്. ഭക്ഷണശാലകളെയാകും നിയന്ത്രണം ഏറെ ബാധിക്കുക. കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതിനു ശേഷം രാത്രി ഏറെവൈകിയും നഗരത്തിലെ ഭക്ഷണശാലകളിൽ വൻതിരക്ക് അനുഭവപ്പെട്ടിരുന്നു. ക്രിസ്മസ് ആഘോഷവേളയിൽ ഈ തിരക്ക് വർദ്ധിക്കുകയും ചെയ്തിരുന്നു. പുലർച്ചെ ഒന്നര വരെയൊക്കെ തുറന്നിരുന്ന ഭക്ഷണശാലകൾ നഗരത്തിലുണ്ടായിരുന്നു. എല്ലായിടത്തും ഭക്ഷണംകഴിക്കാനും വാങ്ങാനുമായെത്തുന്നവരുടെ വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു.

പുതുവത്സര ആഘോഷസമയത്തും തങ്ങൾ ഈ തിരക്ക് പ്രതീക്ഷിച്ചിരുന്നുവെന്ന് ഹോട്ടലുടമകൾ പറയുന്നു. നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഏറെ നിരാശാജനകമാണെന്നും വൈകിട്ട് ഒൻപത് മുതലുള്ള കച്ചവടത്തെ ഇത് കാര്യമായി ബാധിക്കുമെന്നും എം.ജി റോഡിലെ സോന ഹോട്ടൽ ഉടമ ഷെഹബാസ് പറഞ്ഞു.

പടക്ക കച്ചവടക്കാരെയും നിയന്ത്രണം ഏറെ ബാധിക്കും. കഴിഞ്ഞ രണ്ടുവർഷവും പടക്ക വിൽപന നടന്നിരുന്നില്ല. ക്രിസ്മസിന് കച്ചവടം നടന്നെങ്കിലും നന്നേ കുറവായിരുന്നു. പുതുവത്സരം കൊച്ചിക്കാർ മാറ്റൊട്ടും കുറയാതെ ആഘോഷിക്കുമെന്ന പ്രതീക്ഷയിലാണ് ശിവകാശിയിൽ നിന്നുൾപ്പെടെ ഇവർ പടക്കമെത്തിച്ചത്. രാത്രി ആഘോഷത്തിന് നിയന്ത്രണം വരുന്നതോടെ ആളുകളും സംഘടനകളുമൊക്കെ ആഘോഷങ്ങൾ വേണ്ടെന്ന് വയ്ക്കും. പടക്കം പൊട്ടാതെ പെട്ടിയിലിരിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്ന് വർഷങ്ങളായി പടക്കവിൽപന നടത്തുന്ന എറണാകുളം സ്വദേശി ജോൺസൺ പറയുന്നു.

കാർണിവലും മറ്റ് ആഘോഷങ്ങളും വേണ്ടെന്ന് ഇതിനോടകം തീരുമാനിച്ചുകഴിഞ്ഞു. ഫോർട്ടുകൊച്ചിയിലെ പുതുവത്സരാഘോഷത്തിന് നിരവധിപ്പേരാണ് നഗരത്തിൽ നിന്നുപോയിരുന്നത്. മുൻവർഷങ്ങളിൽ ഓട്ടോക്കാർക്ക് ചാകര ദിവസങ്ങളായിരുന്നു ക്രിസ്മസ് മുതൽ പുതുവത്സര ദിനംവരെ. ലോക്കഴിഞ്ഞതിനാൽ ഇത്തവണ നഗരത്തിലെമ്പാടും രാത്രി തിരക്ക് പ്രതീക്ഷിച്ചിരുന്ന ഇവർക്കും കനത്ത തിരിച്ചടിയാണ് നിയന്ത്രണങ്ങൾ.

ലോക്ക്ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടത് തീയറ്റർ ഉടമകൾക്കായിരുന്നു.

രാത്രി നിയന്ത്രണങ്ങളേത്തുടർന്ന് സെക്കൻഡ്‌ഷോ ഞായറാഴ്ച വരെ നിർത്തിവയ്ക്കാൻ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ് കെ.വിജയകുമാർ അറിയിച്ചു.

 ക്രിസ്മസ് പൊലിച്ചില്ല
ക്രിസ്മസ് ആഘോഷസമയത്ത് കച്ചവടം പൊടിപൊടിക്കുമെന്ന് വിചാരിച്ചെങ്കിലും വിചാരിച്ച വരുമാനം ഉണ്ടായില്ലെന്ന് വ്യാപാരികൾ പറഞ്ഞു. വൻകിട വസ്ത്രശാലകൾക്ക് പോലും പ്രതീക്ഷിച്ചതിനേക്കാൾ 20ശതമാനം കച്ചവടം കുറവായിരുന്നു. ജുവല്ലറികൾക്കും വിചാരിച്ച നേട്ടമുണ്ടാക്കാനായില്ലെന്ന് അവർ വ്യക്തമാക്കി.

 സുരക്ഷ ശക്തമാക്കി പൊലീസും
പുതുവത്സര സമയത്ത് നഗരത്തിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊലീസ്. തിരക്കേറിയ സ്ഥലങ്ങളിലും മാളുകളിലുമെല്ലാം ശക്തമായ പരിശോധനകളുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു അറിയിച്ചു. യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേ മഫ്ടിയിലും കൂടുതൽ പൊലീസിനെ നിയോഗിക്കും. ഇടറോഡുകളിലടക്കം നിരന്തര പട്രോളിംഗിനും നിർദേശം നൽകിയിട്ടുണ്ട്.


 നിലവിലെ നിയന്ത്രണങ്ങൾ അനാവശ്യമാണ്. രാത്രിമാത്രം നിയന്ത്രണം ഏർപ്പെടുത്തിയിട്ട് എന്താണ് ഗുണം.
രാജീവ്
ഓട്ടോഡ്രൈവർ,

കലൂർ

 ഇടയ്ക്കിടെ ഇങ്ങനെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ സ്ഥാപനം നിറുത്തേണ്ടി വരുമെന്ന് ഉറപ്പാണ്.
അനിൽ
ഫുട്‌വേൾഡ്,

തമ്മനം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, RESTRICTIONS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.