കൊച്ചി: പരിസ്ഥിതി സൗഹൃദ ഇ മൊബിലിറ്റി സ്റ്റാർട്ടപ്പായ വാൻ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡിന് ആറ് കോടി രൂപയുടെ മൂലധന നിക്ഷേപം ലഭിച്ചു. എണ്ണ പ്രകൃതിവാതക സേവന ദാതാക്കളായ ഏഷ്യൻ എനർജി സർവീസസ് ലിമിറ്റഡാണ് തൃക്കാക്കര സ്വദേശി ജിത്തു സുകുമാരൻ നായരുടെ സ്റ്റാർട്ടപ്പിൽ നിക്ഷേപിച്ചത്.
വൈദ്യുത വാഹന മേഖലയുടെ സാദ്ധ്യതകളും ഇന്ത്യയുടെ ഇ മൊബിലിറ്റി ബ്രാൻഡെന്ന നിലയിലുള്ള വാനിന്റെ വളർച്ചയുമാണ് ഏഷ്യൻ എനർജി സർവീസസിനെ ആകർഷിച്ചത്. സ്വകാര്യ എണ്ണ കമ്പനിയായ ഓയിൽ മാക്സ് എന്ന മാതൃ കമ്പനിയാണ് ഏഷ്യൻ എനർജിയുടെ പ്രധാന ഓഹരി ഉടമ.
2019 മാർച്ചിൽ തുടങ്ങിയ വാൻ, ഇന്ത്യൻ ലൈഫ് സ്റ്റൈൽ, ഇ മൊബിലിറ്റി സ്റ്റാർട്ട് അപ്പ് എന്ന നിലയിൽ രാജ്യാന്തര ശ്രദ്ധ നേടിയിട്ടുണ്ട്. വാനിന്റെ ഇ സൈക്കിളുകൾ ഈമാസം വിപണിയിലെത്തും. ഇബൈക്ക്, ഇമോപ്പഡ്, ഇസ്കൂട്ടർ, ഇബോട്ട് തുടങ്ങിയവയാണ് മറ്റ് ഉത്പന്നങ്ങൾ. വരാപ്പുഴയിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ആഗോള ബ്രാൻഡായി വാനിനെ ഉയർത്താൻ നിക്ഷേപം കരുത്താകുമെന്ന് സ്ഥാപകനും സി.ഇ.ഒയുമായ ജിത്തു സുകുമാരൻ നായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |