കൊച്ചി: ജില്ലയിൽ കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന് കച്ചമുറുക്കി ആരോഗ്യ വകുപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുന്നത് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഗുരുതരാവസ്ഥയിലുള്ളവർക്കായി അമ്പലമുകൾ കൊവിഡ് കെയർ സെന്റർ, ആലുവ ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ്, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ എല്ലാം കൊവിഡ് ഐ.സി.യു പ്രവർത്തിക്കുന്നുണ്ട്.
ജില്ലയിൽ ആവശ്യത്തിന് ഓക്സിജൻ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും ഓക്സിജൻ എത്തിക്കും.
ആംബുലൻസിന്റെ എണ്ണം വേണ്ടത്ര ഇല്ല. 32 108 ആംബുലൻസുകൾ ഉള്ളതിൽ 24 എണ്ണം മാത്രമേ ഉപയോഗിക്കുന്നുള്ളു.
പി.വി.എസ് ആശുപത്രി പൂട്ടിയ പശ്ചാത്തലത്തിൽ നിലവിൽ ജില്ലയിൽ കൊവിഡ് ആശുപത്രിയില്ല. ഇത് പരിഹരിക്കുന്നതിനായി അമ്പലമുകൾ കൊവിഡ് കെയർ സെന്റർ സജ്ജമാക്കും. ജില്ലാ ഇ.എസ്.ഐ ആശുപത്രി കൊവിഡ് ആശുപത്രി ആക്കുന്നത് പരിഗണനയിൽ ഉണ്ട്. കേന്ദ്രസർക്കാർ സ്ഥാപനം ആയതിനാൽ അധികൃതർക്ക് ഇതിനായി അപേക്ഷ നൽകും.
ജില്ലയിൽ നിലവിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഇല്ല. ഫോർട്ടുകൊച്ചി, മൂവാറ്റുപുഴ, പറവൂർ, കോതമംഗലം, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രികളിൽ ഡൊമിസിലിയറി കെയർ സെന്ററുകൾ (ഡി.സി.സി) ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങളാണ് ഇതിന് മുന്നിട്ടിറങ്ങേണ്ടത്. അമ്പലമുകളിൽ ഓക്സിജൻ കിടക്കകളോട് കൂടിയ കൊവിഡ് ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനവും ശക്തിപ്പെടുത്തും.
സ്വകാര്യ ആശുപത്രികളിൽ 2903 കൊവിഡ് കിടക്കകളും സർക്കാർ മേഖലയിൽ 524 കിടക്കകളുമാണ് ഉള്ളത്.
ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരുടെ യോഗം ഉടൻ ചേർന്ന് കൂടുതൽ നിയന്ത്രണങ്ങളെ പറ്റി തീരുമാനിക്കും. ആരാധനാലയങ്ങളിലെ പരിപാടികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലസ്റ്ററുകൾ ആയി മാറുന്നതിൽ കൂടുതൽ ശ്രദ്ധ നൽകാനും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസ് പ്രവർത്തകരുടെ സേവനവും പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണം.
ഇന്നലെ 4100 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴി 4087 പേർക്കാണ് രോഗം. ടി.പി.ആർ തുടർച്ചയായി നാലാംദിവസവും 30 കടന്നു. ഇന്നലെ 30.65 ആണ് നിരക്ക്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20,124 ആണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |