SignIn
Kerala Kaumudi Online
Thursday, 25 April 2024 12.39 AM IST

മനക്കരുത്താൽ പെരിയാറ് കീഴടക്കാൻ ആസീം

azeem-saji

ആലുവ: ജന്മനാ ഇരുകൈകളും ഇല്ലാത്തതിന്റെ വിഷമതകളും മറ്റ് ശാരീരിക വെല്ലുവിളികളും മനക്കരുത്താൽ മറികടന്ന് അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർന്ന മുഹമ്മദ് ആസീമിന്റെ (15) ഇപ്പോഴത്തെ ലക്ഷ്യം നിറഞ്ഞൊഴുകുന്ന പെരിയാർ നീന്തിക്കടക്കുകയാണ്. നെതർലൻഡ്സ് ആസ്ഥാനമായ കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷന്റെ 2021ലെ ചിൽഡ്രൻസ് പീസ് പ്രൈസിന്റെ മൂന്നു ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്ന, കോഴിക്കോട് വെളിമ്മണ്ണ ആലത്തുകാവിൽ ആസീം ആലുവയിൽ കടുത്ത പരിശീലനത്തിലാണ്. അയ്യായിരത്തോളം പേരെ പെരിയാറിൽ നീന്തൽ പരിശീലിപ്പിച്ചിട്ടുള്ള സജി വാളശേരിലാണ് പരിശീലകൻ.

വെളിമ്മണ്ണയിലെ സ്വന്തം സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം അനുവദിക്കാൻ ഹൈക്കോടതി ഉത്തരവ് നേടിയ ആസീമിനെക്കുറിച്ചുള്ള പത്രവാർത്ത ശ്രദ്ധയിൽപ്പെട്ട സജി മൂന്നര വർഷംമുമ്പ് പിതാവ് മുഹമ്മദ് ഷഹീദിനെ ഫോണിൽ ബന്ധപ്പെട്ട് മകനെ ആലുവയിൽ സൗജന്യമായി നീന്തൽ പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. പ്രളയവും കൊവിഡും അസീമിന്റെ ആലുവയിലേക്കുള്ള യാത്ര വൈകിപ്പിച്ചു.

കഴിഞ്ഞ ആഴ്ചയാണ് ആസീം പിതാവുമൊത്ത് പരിശീലനത്തിനായി ആലുവയിലെത്തിയത്. സജിയുടെ വീട്ടിലാണ് താമസം. ഓൺലൈൻ പഠനത്തിനും നിസ്‌കാരത്തിനും ഭക്ഷണത്തിനും ഉൾപ്പെടെ എല്ലാ സൗകര്യവും ക്രൈസ്തവ വിശ്വാസിയായ സജി ഇരുവർക്കുമായി വീട്ടിൽ ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെയും വൈകിട്ടും രണ്ടു മണിക്കൂർ വീതം മണപ്പുറം ദേശം കടവിൽ പരിശീലനം. നീന്തൽ അറിയാത്ത ആസീം ഒരാഴ്ചയ്ക്കകം ഏറെ മുന്നേറി. ഇപ്പോൾ മണിക്കൂറോളം വെള്ളത്തിൽ കിടക്കാൻ ആസിമിന് കഴിയും. ജംസീനയാണ് ആസീമിന്റെ മാതാവ്. ആറ് സഹോദരങ്ങളുണ്ട്.

 ആരും മുങ്ങിമരിക്കരുത്

നീന്തൽ അറിയാത്തതിനാൽ പെരിയാറിൽ ആരും മുങ്ങി മരിക്കരുത് എന്ന സന്ദേശത്തോടെ 13 വർഷം മുമ്പാണ് സജി പെരിയാറിൽ സൗജന്യ നീന്തൽ പരിശീലനമാരംഭിച്ചത്. പരിശീലിപ്പിച്ചവരിൽ 1300 പേർ പെരിയാർ നീന്തിക്കടന്നു. അഞ്ച് വയസുകാരും ഇരു കണ്ണുകൾക്കും കാഴ്ചയില്ലാത്തവരും ഭിന്നശേഷിക്കാരും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമെല്ലാമുണ്ട് ഇവരിൽ.

ആസീം ഉൾപ്പെടെ പ്രത്യേക പരിഗണന അർഹിക്കുന്ന നാല് പേർക്കാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. ഇവരിൽ ട്രെയിനപകടത്തിൽ മുട്ടിന് താഴെ ഇരുകാലുകളും അറ്റുപോയ കൊല്ലം സ്വദേശിയും കാക്കനാട് സ്വകാര്യ ഐ.ടി കമ്പനിയിലെ ഉദ്യോഗസ്ഥനുമായ ഷാൻ (29) ഇന്ന് പെരിയാർ നീന്തിക്കടക്കും. 70 വയസിലേക്ക് കടക്കുന്ന തായ്ക്കാട്ടുകര സ്വദേശി ആരിഫ, മാള അന്നമനട സ്വദേശി വിശ്വംഭരൻ (70) എന്നിവർ കഴിഞ്ഞ ദിവസം പെരിയാർ നീന്തിക്കടന്നു.

 രണ്ട് കൈയ്യും കാലും ഉണ്ടായിട്ടും നീന്തൽ പഠിക്കാത്തവർക്ക് പ്രചോദനമാകാനാണ് ജന്മനാ കൈകളില്ലാത്ത, കാലുകൾക്ക് വൈകല്യമുള്ള, ആസീം വെളിമ്മണ്ണയെ നീന്തൽ പഠിപ്പിക്കാൻ തീരുമാനിച്ചത്. 27ന് രാവിലെ 8ന് ആസീം പെരിയാറിന് കുറുകെ നീന്തും.

- സജി വാളശേരി, നീന്തൽ പരിശീലകൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.