SignIn
Kerala Kaumudi Online
Friday, 19 April 2024 8.37 PM IST

കെ.വി. തോമസിന്റെ കളംമാറ്റം തൃക്കാക്കരയിൽ കുഴപ്പമാകില്ലെന്ന് കോൺഗ്രസ്

kv-thomas

കൊച്ചി: പ്രൊഫ.കെ.വി. തോമസ് പാർട്ടി വിട്ടാലും തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയസാദ്ധ്യതയെ പ്രതികൂലമായി ബാധിക്കില്ലെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം. കെ.വി. തോമസിനൊപ്പം അണികളാരും പാർട്ടി വിടില്ല. ലത്തീൻ ഉൾപ്പെടെ കത്തോലിക്കാ സമുദായവുമായി അദ്ദേഹത്തിനുള്ള അടുപ്പം മറ്റു നേതാക്കളെ കളത്തിലിറക്കി മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കെ.വി. തോമസ് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാൻ ഇടയില്ലെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. സി.പി.എമ്മുമായി സഹകരിച്ചാലും കോൺഗ്രസ് വോട്ടുകൾ വലിയ തോതിൽ മറിക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. അദ്ദേഹം കോൺഗ്രസ് വിട്ടാൽ സർക്കാരുമായി ബന്ധപ്പെട്ട സ്ഥാനങ്ങളായിരിക്കും സി.പി.എം നൽകുക. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്.

കെ.വി. തോമസുമായി അടുപ്പം പുലർത്തുന്ന നേതാക്കൾ പോലും കോൺഗ്രസ് വിടില്ലെന്നാണ് സൂചനകൾ. ഒരു ഗ്രൂപ്പിന്റെ ഭാഗമാകാതെ ദീർഘനാളായി തുടരുന്നതുമൂലം ഒപ്പം നിന്നിരുന്ന പലരും പിൻവാങ്ങിയിരുന്നു. തോമസിന് പിന്നാലെ വലിയൊരു ഒഴുക്ക് കോൺഗ്രസിൽ നിന്നുണ്ടാകില്ലെന്നും നേതാക്കൾ കരുതുന്നു.

ബെന്നി ബഹനാനും പി.ടി. തോമസും വിജയിച്ച തൃക്കാക്കര നഷ്ടമാകാനുള്ള സാഹചര്യവും സാദ്ധ്യതകളും തീരെയില്ലെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം വിലയിരുത്തുന്നു. രാഷ്ട്രീയമായും മാറ്റങ്ങൾ സംഭവിച്ചിട്ടില്ല. പി.ടി തോമസ് എന്ന വികാരവും തിരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കുമെന്നാണ് വിലയിരുത്തൽ.

സി.പി.എം ലക്ഷ്യം ന്യൂനപക്ഷവോട്ട്

ജില്ലാ ആസ്ഥാനമായ കാക്കനാട് ഉൾപ്പെടുന്ന തൃക്കാക്കര മണ്ഡലത്തിന്റെ പകുതിയോളം കൊച്ചി കോർപ്പറേഷൻ പരിധിയിലാണ്. പാലാരിവട്ടം, ഇടപ്പള്ളി, വൈറ്റില, കടവന്ത്ര മേഖലകൾ തൃക്കാക്കരയിലാണ്. ലത്തീൻ കത്തോലിക്കർ ഉൾപ്പെടെ ക്രൈസ്തവവിഭാഗങ്ങൾ ധാരാളമുള്ള മണ്ഡലമാണിത്. കത്തോലിക്കാ ബിഷപ്പുമാരുമായും വൈദികരുമായും ദീർഘകാലബന്ധമുള്ള തോമസ് വഴി കോൺഗ്രസ്, യു.ഡി.എഫ് വോട്ടുകൾ ഇടത്തേയ്ക്ക് തിരിക്കാമെന്നാണ് സി.പി.എം കരുതുന്നത്. ന്യൂനപക്ഷവിഭാഗങ്ങളെ ഒപ്പമെത്തിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗം കൂടിയാണ് കെ.വി. തോമസിനെ ആകർഷിക്കുന്നതെന്നാണ് സി.പി.എം നൽകുന്ന വിവരം.

ധൃതി കൂട്ടാതെ

മുന്നണികൾ

റംസാൻ നോയമ്പിന് ശേഷം ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യക്തമാണെങ്കിലും സ്ഥാനാർത്ഥി നിർണ്ണയം മൂന്നു മുന്നണികളും കാര്യമായി ചർച്ച ചെയ്തിട്ടില്ല. പാർട്ടി സമ്മേളനം, പാർട്ടി കോൺഗ്രസ് എന്നിവയുടെ തിരക്കിലായിരുന്നു സി.പി.എം നേതൃത്വം. താഴേത്തട്ടിൽ പ്രവർത്തകരെ സജ്ജമാക്കുന്ന നീക്കങ്ങൾ തുടങ്ങി. കെ.വി. തോമസ് ഒപ്പമെത്തുമോയെന്നത് കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം.

കോൺഗ്രസിലും കാര്യമായ ചർച്ചകൾ ഉയർന്നിട്ടില്ല. പി.ടി. തോമസിന്റെ ഭാര്യ ഉമയെ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നുണ്ടെങ്കിലും അവർ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ജില്ലയെന്ന നിലയിൽ സംസ്ഥാന നേതൃത്വമാകും സ്ഥാനാർത്ഥി നിർണയത്തിൽ പ്രധാനപങ്ക് വഹിക്കുക. ബൂത്ത് തലത്തിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി നേതാക്കൾ പറഞ്ഞു.

ബി.ജെ.പിയും സ്ഥാനാർത്ഥി നിർണയത്തിലേയ്ക്ക് കടന്നിട്ടില്ല. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അണിയറനീക്കങ്ങൾ തുടരുകയാണ്. ഗൃഹസമ്പർക്കം ഉൾപ്പെടെ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, THRIKKAKARA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.