SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.06 PM IST

അറ്റജീവിതം പറയും, ഈ ഒറ്റക്കൈയ്യൻ ചിത്രങ്ങൾ

sanoj

കൊച്ചി: സഹകരണ എക്‌സ്‌പോ 2022ന്റെ പവലിയൻ കവാടത്തിൽ ഒരു ഒറ്റക്കൈയ്യൻ ചിത്രമുണ്ട്. ഇരിക്കുന്ന ഒരാളുടെ അടുത്ത് അറ്റ് കിടക്കുന്ന ഒരു കൈയ്യുടെ ചിത്രം.. അത് വെറുമൊരു ചിത്രമല്ല.. ഒരു യുവാവിന്റെ ചോരമണമുള്ള യാഥാർത്ഥ്യമാണത്.

പുനലൂർ വിളക്കുവെട്ടം സ്വദേശിയായ സനോജ് നടയിലെന്ന 38കാരൻ വരച്ചതാണ് അതുൾപ്പെടെയുള്ള 20ലേറെ ചിത്രങ്ങൾ. 13 വർഷങ്ങൾക്ക് മുൻപാണ് ശില്പിയും ചിത്രകാരനും കവിയും കളമെഴുത്തു കലാകാരനും ഒക്കെയായിരുന്ന സനോജിന്റെ ജീവിതത്തിലേക്ക് ഇടിത്തീ പോലെ ഒരപകടം പാഞ്ഞെത്തിയത്. സനോജ് സഞ്ചരിച്ച ബസിലേക്ക് ഒരു ടിപ്പർ പാഞ്ഞു കയറി. സനോജിന്റെ വലംകൈ അറ്റ് നിലത്തു വീണു. കൈ തുന്നിചേർക്കാനായി ഒന്നിലേറെ ആശുപത്രികൾ കയറിയിറങ്ങി. ഫലമുണ്ടായില്ല.

അവിശ്വസനീയ തിരിച്ചു വരവ്

അപകടം നടന്ന് ദിവസങ്ങൾക്കകം തന്റെ കൈ ഇനിയില്ലെന്ന് സനോജ് തിരിച്ചറിഞ്ഞു. ആശുപത്രി കിടക്കയിൽവച്ച് തന്നെ ഇടം കൈകൊണ്ട് അക്ഷരങ്ങളെഴുതിയും പതിയെ വരച്ചും പരിശീലനം തുടങ്ങി. അവിടുന്നങ്ങോട്ട് അവിശ്വസനീയ തിരിച്ചു വരവായിരുന്നു. ഒരു വർഷത്തിനുള്ളിൽ, അറ്റുപോയ വലതു കൈയ്യേക്കാൾ വേഗത്തിൽ ഇടം കൈ സഞ്ചാരം തുടങ്ങി. ചിത്രകല ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത സനോജിന്റെ വരയുടെ ലോകത്ത് വീണ്ടും വർണങ്ങൾ നിറഞ്ഞു. ശില്പ നിർമ്മാണവും ക്ഷേത്രങ്ങളിലെ കളമെഴുത്തും വീണ്ടും ആരംഭിച്ചു. എല്ലാം പഴയതുപോലെയായി. ഒരു വ്യത്യാസം മാത്രം, വരയുടെയും എഴുത്തിന്റെയുമെല്ലാം തീക്ഷ്ണത കൂടി.. എല്ലാം ജീവിത യാഥാർത്ഥ്യങ്ങളോട് ചേർന്നു നിൽക്കുന്നവ. വേനലിന് ശേഷം പുൽനാമ്പിനെ പുണരുന്ന ആദ്യമഴ, ആദിവാസി ഊരിലെ പട്ടിണിപാവങ്ങളായ അമ്മയും കുഞ്ഞും, ഇത്തിൾ പടർന്ന് നശിച്ച മരം തുടങ്ങിയ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

കുടുംബം പുലർത്താൻ പെടാപ്പാട്
സനോജിന്റെ അവസ്ഥകൾ അറിഞ്ഞിട്ടും പുനലൂർ സ്വദേശിനിയായ വിജി 2017 അദ്ദേഹത്തിന്റെ ജീവിത സഖിയായി. ഒരു കൈ നഷ്ടപ്പെട്ട സനോജ് പുനലൂർ നഗരസഭയിലെ ഗ്രീൻ വോളണ്ടിയറാണിപ്പോൾ. 5,000രൂപ മാത്രമാണ് വരുമാനം. അമ്മയും ഭാര്യയും മൂന്നര വയസുള്ള കുഞ്ഞുമടങ്ങുന്ന കുടുംബം ഈ തുച്ഛമായ തുകകൊണ്ടാണ് ജീവിക്കുന്നത്. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ഇദ്ദേഹം ലൈഫ് പദ്ധതിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്.

മുൻപ് ചിത്രങ്ങൾ വരച്ച് നൽകുമ്പോൾ പണം വാങ്ങാറില്ലായിരുന്നു എന്നാലിപ്പോൾ കുടുംബം പോറ്റാൻ അതിനും നിർബന്ധിതനാകുന്നു സനോജ്. പക്ഷേ, അപ്പോഴും എല്ലാം ശരിയാകും എന്ന ഉറച്ച പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരൻ. അഞ്ച് മാസം മുൻപ് രൂപീകരിച്ച ആർട്ടിസ്റ്റ് വെൽഫെയർ യൂത്ത് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഭാഗമായാണ് സനോജ് മേളയിലെത്തിയത്.

എക്‌സ്‌പോയിൽ തമിഴ്‌നാട് പ്രതിനിധി സംഘം

കൊച്ചി: സഹകരണ എകസ്‌പോയിൽ തമിഴ്‌നാട് പ്രതിനിധി സംഘം. വകുപ്പിന്റെ ക്ഷണം സ്വീകരിച്ച് 36 അംഗ സംഘമാണ് എക്‌സ്‌പോയ്‌ക്കെത്തിയത്. മന്ത്രി വി.എൻ. വാസവനുമായും സംഘം ആശയവിനിമയം നടത്തി. തമിഴ്‌നാട്ടിലും സമാനപ്രദർശനം സംഘടിപ്പിക്കാൻ താത്പര്യമുണ്ടെന്ന് അവരറിയിച്ചു. ഉപഹാരങ്ങൾ നൽകിയാണ് മന്ത്രി സംഘത്തെ മടക്കിയത്.

നിർദ്ദേശങ്ങളുമായി സെമിനാർ കൺസ്യൂമർഫെഡ് പല പ്രതിസന്ധികളും അതിജീവിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വിലക്കയറ്റം തടയാൻ വിപണി ഇടപെടൽ നടത്തുന്നത് സർക്കാർ സഹാമില്ലാതെയാണെന്നും കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്. കൺസ്യൂമർ മേഖലയിൽ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടൽ എന്ന സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ടി.ജെ. വിനോദ് എം.എൽ.എ. സി.എം.വേണുഗോപാൽ, വി.പി. അനിൽ, എം.കെ. മുഹമ്മദാലി, കെ.ഡി. ഷാജിഎന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, EXPOSANOJ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.