SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.48 PM IST

തിരഞ്ഞെടുപ്പ്: പ്രതീക്ഷയോടെ മുന്നണികൾ

vote

നേമമാകും തൃക്കാക്കര
ജോർജ് കുര്യൻ (എൻ.ഡി.എ)

ആമുഖം ആവശ്യമില്ലാത്ത സ്ഥാനാർത്ഥിയാണ് എ.എൻ.രാധാകൃഷ്ണൻ. വികസനം ഉയർത്തിക്കാട്ടിയാണ് ഞങ്ങൾ വോട്ടുചോദിക്കുന്നത്. ഏറ്റവും കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളിലൊന്നാണ് ഈ മണ്ഡലം. കേന്ദ്രസർക്കാരിന്റെ ജലജീവൻപദ്ധതി കാര്യക്ഷമമായി നടപ്പാക്കിയിരുന്നെങ്കിൽ ഈ പേരുദോഷം ഉണ്ടാവുമായിരുന്നില്ല.

ഗതാഗതകുരുക്കാണ് മറ്റൊരു പ്രശ്നം. വൈറ്റില ഫ്ളൈഓവർ നിർമ്മാണത്തിലെ അപാകതകളെ കുറിച്ച് മെട്രോമാൻ ഇ.ശ്രീധരൻ തുടക്കത്തിൽ തന്നെ ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ ഗൗനിച്ചില്ല. ഇതിന്റെ ശിക്ഷ ജനങ്ങളാണ് അനുഭവിക്കുന്നത്. ബംഗളൂരു, ഹൈദരബാദ് തുടങ്ങിയ ഐ.ടി കേന്ദ്രങ്ങളുമായി താരതമ്യം ചെയ്താൽ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ഇൻഫോപാർക്ക് പിന്നിലാണ്.

ഇക്കാര്യങ്ങളെല്ലാം ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ച എൽ.ഡി.എഫ് സർക്കാർ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിലെ കലാപാഹ്വാനം കണ്ടില്ലെന്നു നടിച്ചു. 2016ൽ നേമത്ത് ലഭിച്ച വിജയം 2022ൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

തൃക്കാക്കര ആരുടെയും

കോട്ടയല്ല: ഇ.പി.ജയരാജൻ (എൽ.ഡി.എഫ്)

എൽ.ഡി.എഫ് വൻഭൂരിപക്ഷത്തോടെ വിജയിക്കും. ജനപ്രിയ സ്ഥാനാർത്ഥി, സംസ്ഥാനസർക്കാരിന്റെ ഭരണനേട്ടങ്ങൾ ഇതെല്ലാം അനുകൂലഘടകങ്ങളാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള, സേവന മനഃസ്ഥിതിയുള്ള ഡോക്ടർ ജോ ജോസഫിന് വൻ സ്വീകാര്യതയാണ്.

പ്രളയ, കൊവിഡ് കാലങ്ങളിൽ സേവനപ്രവർത്തനങ്ങളുമായി അദ്ദേഹം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു. തൃക്കാക്കരയുടെ വികസനത്തിന് ഇത്രകാലവും തടസം നിന്നത് യു.ഡി.എഫാണ്. മുനിസിപ്പാലിറ്റി ഭരിക്കുന്നത് യു.ഡി.എഫാണ്. നിയമസഭയിലും പാർലമെന്റിലും അവരുടെ പ്രതിനിധികളാണ്. പൊതുവായ വികസനമല്ലാതെ മറ്റു യാതൊരു ക്ഷേമപ്രവർത്തനങ്ങളും ഈ മണ്ഡലത്തിൽ ഉണ്ടായിട്ടില്ല.

വികസനതത്പരരായ ജനങ്ങൾ ഇത്തവണ എൽ.ഡി.എഫിനെ വിജയിപ്പിക്കും. തൃക്കാക്കര ആരുടെയും കോട്ടയല്ല. അഹങ്കാരവും തൻ പ്രമാണിത്തവും കൊണ്ടാണ് അങ്ങനെയൊക്കെയുള്ള തോന്നലുകൾ ഉണ്ടാകുന്നത്. ജനങ്ങളാണ് പരമാധികാരികൾ. മണ്ഡലം ആരുടെയും കുത്തകയല്ലെന്ന് 31ന് ജനങ്ങൾ വിധിയെഴുതും.

വേരുകളുള്ള മണ്ഡലം:

വി.ഡി.സതീശൻ (യു.ഡി.എഫ്)

കോൺഗ്രസിനടക്കം യു.ഡി.എഫ് ഘടകകക്ഷികൾക്ക് വേരുള്ള സ്ഥലമാണ് തൃക്കാക്കര. മികച്ച സ്വീകാര്യതയുള്ള സ്ഥാനാർത്ഥിയും വിജയം ഉറപ്പിക്കുന്ന ഘടകമാണ്. വായ തുറന്നാൽ വർഗീയവിഷം ചീറ്റുന്ന പി.സി.ജോർജിന്റെ അനുഗ്രഹം തേടി മൽസര രംഗത്തിറങ്ങിയ ഇടതുസ്ഥാനാർഥിയെ വോട്ടർമാർ അംഗീകരിക്കില്ല.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം നേതൃത്വം കൂടിയാലോചിച്ച് ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് തന്നെ വിജയം ഉറപ്പിക്കുന്ന ചരിത്ര സംഭവമായി. സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിച്ചതുകൊണ്ട് പ്രവർത്തനങ്ങളും പര്യടനവും നേരത്തെ തുടങ്ങാനായതും ഗുണകരമായി. ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് മണ്ഡലത്തിലാകെ. വികസനമാണ് പ്രചാരണ വിഷയമെന്ന് പറഞ്ഞ് എൽ.ഡി.എഫ് രംഗത്തെത്തിയത് യു.ഡി.എഫിന് ഗുണമായി. വിമാനത്താവളം, അന്താരാഷ്ട്ര സ്റ്റേഡിയം, ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, ഗെയിൽ പദ്ധതി, ഗോശ്രീ, മെട്രോ റെയിൽ തുടങ്ങി പല പദ്ധതികളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് യു.ഡി.എഫാണ്. 50 കൊല്ലം മുമ്പുള്ള വികസന കാഴ്ചപ്പാടോടെയുള്ള പദ്ധതിയെന്ന നിലയിലാണ് കെ-റെയിലിനെ എതിർക്കുന്നത്. ട്വന്റി20 സ്ഥാനാർഥികൾ മൽസരരംഗത്തില്ലാത്തതും യു.ഡി.എഫിന് ഗുണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.