SignIn
Kerala Kaumudi Online
Thursday, 25 April 2024 11.06 PM IST

ആവേശമുടയാതെ നിശബ്ദ പ്രചാരണം

df

കൊച്ചി: നാല് ആഴ്ച നീണ്ടുനിന്ന പ്രചാരണ കോലാഹലങ്ങൾ കെട്ടടങ്ങിയതിനു പിന്നാലെയുള്ള നിശബ്ദ പ്രചാരണ ദിവസത്തിലും ആവേശം ഒട്ടും ചോരാതെ മുന്നണികൾ. പ്രചാരണ ദിവസങ്ങളിൽ കാണാൻ സാധിക്കാതിരുന്നവരെ നേരിൽ കണ്ടും പരിപാടികളിൽ പങ്കെടുത്തും സ്ഥാനാർത്ഥികൾ വോട്ടുറപ്പിച്ചു. മൂവരുടെയും കൂടെ നിരവധി പ്രവർത്തകരുമുണ്ടായിരുന്നു. വീടുകൾ, ഫ്‌ളാറ്റുകൾ, ചടങ്ങുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു നിശബ്ദ പ്രചാരണം.

 രോഗികളെ സന്ദർശിച്ച് ജോ

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് നടത്തിയ അവസാനവട്ട കൂടിക്കാഴ്ചകളിൽ ഊഷ്മള സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഭവന സന്ദർശനങ്ങൾക്കിടയിലും അസുഖങ്ങൾ ഉള്ളവരെയും ലിസി ആശുപത്രിയിലെ രോഗികളെയും കണ്ടുമുട്ടുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. കാക്കനാട്, തമ്മനം, ഗാന്ധിജയന്തി റോഡ്, പുതിയ റോഡ്, പള്ളിപ്പടി, പൂണിത്തുറ, കടവന്ത്ര തുടങ്ങിയ ഭാഗങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് നിശബ്ദ പ്രചാരണദിനത്തിൽ ഡോ.ജോ ജോസഫ് പിന്തുണ ഉറപ്പിച്ചത്.

മെട്രോയിൽ വോട്ടുതേടി ഉമ

കൊച്ചി മെട്രോയിൽ രാവിലെ യാത്ര ചെയ്ത് കൊണ്ടായിരുന്നു ഉമ തോമസിന്റെ നിശബ്ദ പ്രചാരണം തുടങ്ങിയത്. കുസാറ്റ് മുതൽ കലൂർ സ്റ്റേഡിയം വരെ ആയിരുന്നു ഉമയുടെ യാത്ര. മെട്രോ ഇൻഫോ പാർക്ക് വരെ നീട്ടാത്തതും പത്തടിപ്പാലത്തെ അറ്റകുറ്റപ്പണി മൂലം മെട്രോ ട്രെയിനുകൾ വൈകി ഓടുന്നതും ട്രെയിനുകൾക്കിടയിലെ സമയ ദൈർഘ്യം കൊണ്ടുള്ള ബുദ്ധിമുട്ടുകളും യാത്രക്കാർ ഉമയുമായി പങ്കുവച്ചു. മണ്ഡലത്തിൽ വോട്ടില്ലാത്തവർ സുഹൃത്തുക്കളോട് പറയണം എന്ന അഭ്യർത്ഥന കൂടി യാത്രക്കാരോട് പറഞ്ഞാണ് ഉമ മടങ്ങിയത്. മഹാരാജാസ് കോളേജിലെ കെ.എസ്.യു സ്ഥാപക ദിനാഘോഷത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു.

 ക്ഷേത്ര സന്ദർശനം തുടർന്ന് എ.എൻ.ആർ

രാവിലെ എട്ട് മണിയോടെ തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രദർശനത്തിന് ശേഷം ചമ്പക്കര മേഖലയിൽ ആയിരുന്നു വീടുകളിലൂടെയുള്ള വോട്ടുതേടൽ. തുടർന്ന് എളംകുളം, കടവന്ത്ര, പാലച്ചുവട്, പാലാരിവട്ടം, തൃക്കാക്കര, ഇടപ്പള്ളി, മാമംഗലം, തമ്മനം, അയ്യനാട്, പാലച്ചുവട്, വെണ്ണല, വൈറ്റില, കാക്കനാട് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. ഇടവേളകളിൽ നേരിട്ട് കാണാൻ സാധിക്കാതിരുന്ന വോട്ടർമാരെ ഫോണിൽ വിളിച്ചും വോട്ട് തേടി. വൈകിട്ടോടെ മണ്ഡലത്തിലെ ബൂത്തുകൾ സന്ദർശിച്ച് അവസാനഘട്ട ഒരുക്കങ്ങൾ സ്ഥാനാർത്ഥി വിലയിരുത്തി.

 പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു. മഹാരാജാസ് കോളേജിലെ സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന വോട്ടിംഗ് മെഷീൻ ഉൾപ്പെടെയുള്ള സാമഗ്രികൾ അതത് ബൂത്തുകളിൽ നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥർ കൈപ്പറ്റി. നാളെ രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഇന്നലെ രാവിലെ 8ന് ആരംഭിച്ച വിതരണ നടപടികൾ ഉച്ചയോടെ അവസാനിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ ഗിരീഷ് ശർമ്മയുടെയും മേൽനോട്ടത്തിലായിരുന്നു നടപടികൾ. വോട്ടെടുപ്പിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും നാളെ രാവിലെ ആറിന് മോക്ക് പോളിംഗ് നടത്തി, ഏഴിന് വോട്ടെടുപ്പ് ആരംഭിക്കുമെന്നും ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു.

ആകെ 239 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ ഒരു പിങ്ക് ബൂത്തും, അഞ്ച് മാതൃകാ ബൂത്തുകളും ഉൾപ്പെടുന്നു. പൂർണ്ണമായും വനിതാ ഉദ്യോഗസ്ഥർ മാത്രം നിയന്ത്രിക്കുന്ന വനിതാ പോളിംഗ് കേന്ദ്രമാണ് പിങ്ക് ബൂത്ത്. ഇവിടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്നതും വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആണ്. ബൂത്തുകളിലേക്കായി ആകെ 239 പ്രിസൈഡിംഗ് ഓഫീസർമാരെയും 717 പോളിംഗ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരിക്കുന്നത്.  തൃക്കാക്കരയിൽ വേറിട്ട പ്രചാരണം... വോട്ട് നാടിന്, ഓർമ്മയ്ക്കായ് നടാം മരം കൊച്ചി: തൃക്കാക്കരയിൽ സ്ഥാനാർത്ഥികളും നേതാക്കളും വോട്ട് ചോദിച്ചപ്പോൾ ആലപ്പുഴക്കാരൻ ഫിറോസ് അഹമ്മദ് മാസ്‌കും വൃക്ഷത്തൈയും നൽകിയാണ് പ്രചാരണം നടത്തിയത്. 'വോട്ട് നാടിന്, മാസ്‌ക് ജീവന്, മരം പ്രകൃതിക്ക് ' എന്ന പ്രചാരണം ജനങ്ങൾക്ക് പുതുമയുമായി. സമ്മർദമില്ലാതെ എല്ലാവരും വോട്ടു ചെയ്യണമെന്നാണ് ഫിറോസിന്റെ പ്രചാരണം. വോട്ടിന്റെ ഓർമ്മയ്ക്കായി ഒരു മരത്തൈ നട്ട് പ്രകൃതിസംരക്ഷണത്തിൽ പങ്കുചേരാൻ സമ്മതിദായകരെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടവകാശം എല്ലാവരും വിനിയോഗിക്കണമെന്ന് പ്രചാരണം നടത്തുന്ന അദ്ദേഹം പരിസ്ഥിതി ജൈവസംരക്ഷണ പ്രവർത്തകനും വനമിത്രാ പുരസ്‌കാര ജേതാവുമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഉൾക്കൊള്ളിച്ച ലഘുലേഖ, ഫെയ്‌സ് മാസ്‌ക്കുകൾ എന്നിവ തൈക്കൂടം, പൂണിത്തുറ, പേട്ട, ചമ്പക്കര, വൈറ്റില, തമ്മനം, പാലാരിവട്ടം, വാഴക്കാല, കാക്കനാട്, തൃക്കാക്കര തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം ചെയ്തു. ലഭിച്ച പ്രതികരണവും പ്രോത്സാഹനവും സന്തോഷം നൽകുന്നതാണെന്ന് ഫിറോസ് അഹമ്മദ് പറഞ്ഞു. പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പും വിവിധ സ്ഥലങ്ങളിൽ പ്രചാരണം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ പ്രവർത്തനങ്ങൾക്ക് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആദരവ് 2021ൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്ന് ഫിറോസ് ഏറ്റുവാങ്ങിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, VOTE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.