കൊച്ചി: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കൊച്ചിയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും പ്രത്യേക പരിപാടികൾ നടന്നു. ദേശിയപാത വികസന അതോറിട്ടിയുടെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ നടന്ന മാസ് യോഗ പ്രദർശനം കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ, വ്യോമയാന സഹമന്ത്രി ജനറൽ (റിട്ട) ഡോ. വി. കെ. സിംഗ് ഉദ്ഘാടനം ചെയ്തു. പ്രദർശനത്തിൽ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ പങ്കാളികളായി. യോഗ പരിശീലകൻ ജയദേവൻ പ്രദർശനം നയിച്ചു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കൊച്ചി, തിരുവനനന്തപുരം ഉൾപ്പെടെ രാജ്യത്തിന്റെ 75 നഗരങ്ങളിലാണ് യോഗദിനം വിപുലമായി ആഘോഷിച്ചത്. ദേശീയപാത അതോറിട്ടി അഡീഷണൽ സെക്രട്ടറി അമിത് ഘോഷ്, കളക്ടർ ജാഫർ മാലിക്, എൻ.എച്ച്.എ കേരള റിജിയണൽ ഓഫീസർ ബി.എൽ. മീണ, സതേൺ നേവൽ കമാൻഡ് ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർ സി. ആരതി, എസ്.ഇ. നരേന്ദ്ര ശർമ തുടങ്ങിയവർ പങ്കെടുത്തു.
എറണാകുളം ഇൻഫന്റ് ജീസസ് ചർച്ച് പാരിഷ് ഹാളിൽ കൊച്ചി സിറ്റി പൊലീസിന്റെ യോഗാ പരിശീലനം രാവിലെ 07.00 ന് ആരംഭിച്ചു. ഐ.ജി. സി. നാഗരാജു, തപോഷ് ബസുമതാരി, ഡെപ്യൂട്ടി കമ്മിഷണർ വി.യു.കുര്യാക്കോസ്, ഡി.എച്ച്.ക്യു കൊച്ചി സിറ്റി കമാൻഡന്റ് കെ.സുരേഷ് എന്നിവർ ഉൾപ്പടെ 54 പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ഗ്രേഡ് ആർ.എ.എസ്.ഐ. സിജു ജോൺ യോഗ പരിശീലനം നൽകി.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) നേതൃത്വത്തിൽ ബോധവത്കരണവും യോഗപരിശീലനവും നൽകി. ഫോർട്ട് കൊച്ചി കമ്യൂണിറ്റി ഹാളിൽ നടന്ന പരിശീലനത്തിന് ലളിത വേണുഗോപാൽ, കെ. വിജയകുമാർ, കെ. സ്മിത എന്നിവർ നേതൃത്വം നൽകി. സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.എം. നജ്മുദ്ധീൻ, എം.മജീദ് എന്നിവർ പ്രസംഗിച്ചു.
ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് കലൂർ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. യോഗാചാര്യ ഡോ.ജലജ യോഗ പരിശീലനത്തിന് നേതൃത്വം നൽകി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ഷാജി മൂത്തേടൻ പ്രസംഗിച്ചു. ജില്ലയിൽ 141 സ്ഥലങ്ങളിൽ ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ യോഗാദിനം ആചരിച്ചു.
ബി.ജെ.പി ഇടപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗാചാര്യ വന്ദനവും യോഗാ ക്ലാസും നടത്തി. മേനോൻ പറമ്പ് റോഡിൽ പുതുവേലിൽ ഇല്ലത്ത് ആചാര്യ ലളിതാംബിക മോഹൻദാസിനെ കെ.എസ്. ഉഷാദേവി പൊന്നാടയണിയച്ച് ആദരിച്ചു. ജുവൽ ചെറിയാൻ ദക്ഷിണ നൽകി, ഏലൂർ ഗോപിനാഥ്, രാജഗോപാൽ സി.മേനോൻ, പി.ആർ. സുരേഷ്, ബി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |