SignIn
Kerala Kaumudi Online
Saturday, 20 April 2024 1.24 AM IST

തൃപ്പൂണിത്തറയെ പുളകം കൊള്ളിച്ച് അത്തം ഘോഷയാത്ര

t

തൃപ്പൂണിത്തുറ: പൊന്നോണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ ആഘോഷമായി അത്തം ഘോഷയാത്ര. തൊടുപുഴയ്ക്കു സമീപം കുടയത്തൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആത്മശാന്തിക്കായി മൗന പ്രാർത്ഥനയോടെയായിരുന്നു ചടങ്ങുകൾക്ക് തുടക്കം.

അതിരാവിലെപെയ്ത കനത്തമഴ അത്തം ആഘോഷത്തിന്റെ തുടക്കത്തിൽ തെല്ല് മങ്ങലേല്പിച്ചെങ്കിലും സ്റ്റീഫൻ ദേവസിയുടെ ഫ്യൂഷൻ കച്ചേരിയോടെ ആവേശം അലതല്ലി. തുടർന്ന് ഗതകാല സ്മരണകളുയർത്തിയ പരമ്പരാഗത നാടൻകലകളും വ്യത്യസ്ത കലാരൂപങ്ങളും രാജവീഥിയിൽ അണിനരന്നതോടെ അരങ്ങ് കൊഴുത്തു.

രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം രാജനഗരിയിലെ ചമയക്കാഴ്ചകൾ കാണാൻ ആയിരങ്ങളാണ് തൃപ്പൂണിത്തുറയിലേക്ക് ഒഴുകിയത്. തെയ്യവും തിറയും കുമ്മാട്ടിയും പടയണിയും മയിലാട്ടവും കാവടിയും ബൊമ്മലാട്ടവും പുലികളിയും ഒന്നൊന്നായി വീഥിയിലേക്കിറങ്ങിയതോടെ ജനങ്ങൾ പൊന്നോണ ലഹരിയിലാറാടി. സ്റ്റാച്ച്യു, കിഴക്കേക്കോട്ട, വടക്കേക്കോട്ട, കോട്ടയ്ക്കകം വഴി രണ്ടരയോടെ ഘോഷയാത്ര അത്തംനഗറിൽ സമാപിച്ചു.

തുടർന്ന് സിയോൻ ഓഡിറ്റോറിയത്തിൽ നടന്ന പൂക്കള പ്രദർശനം വർണവൈവിദ്ധ്യം കൊണ്ടും ജനസാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി. വൈകിട്ട് ലായം കൂത്തമ്പലത്തിൽ കലാസന്ധ്യക്ക് തിരിതെളിഞ്ഞതോടെ ഉത്രാടം വരെ നീളുന്ന ഓണം കലാസാംസ്ക്കാരിക പരിപാടികൾക്ക് തിരശീല ഉയർന്നു.

മുളന്തുരുത്തി ടോപ്പ് സാറ്റാറിന് ഒന്നാംസ്ഥാനം

അത്തച്ചമയ ഘോഷയാത്രയിൽ അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങളിൽ മുളന്തുരുത്തി ടോപ്പ് സ്റ്റാറിന്റെ പ്രകൃതിയുടെ വികൃതിക്ക് ഒന്നാംസ്ഥാനം. തെക്കുംഭാഗം ചങ്ങാതിക്കൂട്ടത്തിന്റെ ബാഹുബലി രണ്ടാംസ്ഥാനവും വിപഞ്ചിക ആർട്സ് ആൻഡ് സ്പോർടിസിന്റെ ഭഗത് സിംഗ് മൂന്നാംസ്ഥാനവും നേടി. പൂക്കള മത്സരത്തിൽ മഴവിൽ ആർട്സ്, വരാപ്പുഴ ഒന്നാം സ്ഥാനവും റെഡ്സൺ പള്ളുരുത്തി രണ്ടാംസ്ഥാനവും നവോദയ എളമക്കര മൂന്നാം സ്ഥാനവും നേടി.

കേരളത്തിന്റെ സാംസ്കാരിക തനിമ: തോമസ് ചാഴിക്കാടൻ

കേരളത്തിന്റെ സാംസ്‌കാരിക തനിമയുടെ പ്രതീകമാണ് തൃപ്പൂണിത്തുറ അത്തച്ചമയമെന്ന് തോമസ് ചാഴിക്കാടൻ എം.പി. പറഞ്ഞു. ഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ ഓണാഘോഷത്തിന് യഥാർത്ഥത്തിൽ തുടക്കം കുറിക്കുന്നത് രാജനഗരിയായ തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തോടെയാണ്. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷം അത്തച്ചമയം പ്രതീകാത്മകമായിരുന്നത് ഒഴിച്ചാൽ 1961ൽ ഓണം മലയാളികളുടെ ദേശീയ ആഘോഷമായി പ്രഖ്യാപിച്ചതുമുതൽ നാളിതുവരെ അത്തച്ചമയവും ഘോഷയാത്രയും തനിമചോരാതെ സംഘടിപ്പിക്കായത് എല്ലാവരുടേയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ നടന്ന ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അത്തപതാകയുടെ കൊടിയേറ്റം എം.എൽ.എ നിർവഹിച്ചു. തൃപ്പൂണിത്തുറ നഗരസഭ അദ്ധ്യക്ഷ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ പ്രദീപ്കുമാർ, സംഘാടക സമിതി ജനറൽ കൺവീനർ പി.കെ പീതാംബരൻ തുടങ്ങിയവർ സംസാരിച്ചു.

തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളുമാണ് ഘോഷയാത്രയുടെ ഭാഗമായത്. ഇതിനു പുറമേ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും കുടുംബശ്രീ പ്രവർത്തകരും ആശാ പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങൾ ഘോഷയാത്രയിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ATHAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.