കൊച്ചി: അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നാടിനാകെ മാതൃകയാണെന്നും അവർ നാടിന്റെ രക്ഷകരാണെന്നും കൊച്ചി കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്.മേനോൻ പറഞ്ഞു. കേരളകൗമുദി സുരക്ഷ 22 ദുരന്ത ലഘൂകരണ ബോധവത്കരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പൊതുപ്രവർത്തന രംഗത്തെ ഇടപെടലുകളുടെ സമയത്ത് അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ അടുത്തറിഞ്ഞിട്ടുണ്ട്. മഴയത്തും വെയിലത്തും മഞ്ഞത്തും മണ്ണും ചെളിയും വെള്ളപ്പൊക്കവുമെല്ലാം അവഗണിച്ച് ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന അഗ്നിരക്ഷാ ഉദ്യോഗസ്ഥരെ എത്ര പ്രകീർത്തിച്ചാലും മതിയാകില്ല- പദ്മജ പറഞ്ഞു.
എറണാകുളം നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് നിരവധി തവണ അഗ്നിരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട്. അപ്പോഴെല്ലാം അതിവേഗം സഹായമെത്തിക്കാൻ അവർ കാണിച്ച ജാഗ്രത അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ദുരന്ത സമയങ്ങളിൽ ആരുടെയും നിർദേശങ്ങളില്ലാതെ പ്രവർത്തിക്കുന്ന അവരുടെ നല്ല മനസിനോട് നാട് കടപ്പെട്ടിരിക്കുന്നു. അഗ്നിരക്ഷാ സേനയ്ക്കൊപ്പം ചേർന്ന് വലിയ ദൗത്യത്തിന് മുന്നിട്ടിറങ്ങാനുള്ള കേരളകൗമുദിയുടെ തീരുമാനം ശ്ലാഘനീയമാണെന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |