കൊച്ചി: അന്താരാഷ്ട്ര പരമ്പരാഗത മത്സ്യബന്ധനം, മത്സ്യക്കൃഷി വർഷാചരണത്തിന്റെ ഭാഗമായി 24 മുതൽ 28 വരെ വൈപ്പിനിൽ മത്സ്യോത്സവം സംഘടിപ്പിക്കും. ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരമാണ് പരിപാടി. ഞാറക്കൽ ജയ് ഹിന്ദ് മൈതാനത്ത് നടക്കുന്ന മത്സ്യോത്സവത്തിൽ വിവിധ വകുപ്പുകൾ, ഏജൻസികൾ, ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും പ്രദർശിപ്പിക്കുന്ന സ്റ്റാളുകളും സെമിനാറുകളും ഉണ്ടാകും. ഇത് സംബന്ധിച്ച ആലോചനായോഗം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ വികസനകാര്യ കമ്മിഷണർ ചേതൻ കുമാർ മീണ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ജയശ്രീ, സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി, സിഫ്നെറ്റ്, മറൈൻ ലിവിംഗ് റിസോഴ്സ് ആൻഡ് ഇക്കോളജി സെന്റർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി ആൻഡ് ട്രെയിനിംഗ്, സെൻട്രൽ മറൈൻ ആൻഡ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൃഷി വിജ്ഞാൻ കേന്ദ്ര, കുഫോസ്, കുസാറ്റ് തുടങ്ങിയ സ്ഥാപങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |