SignIn
Kerala Kaumudi Online
Friday, 19 April 2024 5.27 PM IST

കൊല്ലരുത്...അവരുടെ ഉള്ളിൽ തുടിക്കുന്ന ജീവനുകളാണ്

fish
പ്രജനനകാലത്ത് മത്സ്യങ്ങളുടെ വയറിൽ കാണപ്പെടുന്ന മുട്ടശേഖരം..

നീലേശ്വരം: പുതുമഴയോടെ വയലുകളിലും ചെറുതോടുകളിലും അരുവികളിലും പുഴയിൽ നിന്നും വലിയ ജലാശയങ്ങളിൽ നിന്നും കയറിവരുന്ന മീനുകളെ വെട്ടിയും വലയിട്ടും പിടിക്കുന്ന ഊത്തപിടിത്തം അവയുടെ വംശനാശത്തിന് കാരണമാകുമെന്ന് വിദഗ്ധർ. പൂർണഗർഭാവസ്ഥയിൽ മുട്ടയിടാനായി കയറിവരുന്ന ഇവയ്ക്ക് മറ്റു സമയങ്ങളിൽ കാണിക്കുന്ന അതിജീവന സാമർത്ഥ്യങ്ങളൊന്നുമുണ്ടാകില്ലെന്നതിനാൽ എളുപ്പത്തിൽ പിടിക്കാം.

തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി മീനുകൾ നടത്തുന്ന ദേശാന്തരഗമനത്തെയാണ് ഊത്ത എന്ന് വിളിക്കുന്നത്. ഊത്തക്കയറ്റം, ഊത്തയിളക്കം, ഊത്തൽ, ഏറ്റീൻ കയറ്റം എന്നിങ്ങനെ പ്രാദേശിക വകഭേദങ്ങളുമുണ്ട്. വയർ നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ വയലുകളിലേക്കും മറ്റു ചെറു ജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുമ്പോൾ മത്സ്യങ്ങൾ നിസഹായാവസ്ഥയിലാവും. പ്രജനനകാലത്തായതിനാൽ ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിന് കാരണമാകും. ഇതിനകം പല നാടൻ മത്സ്യങ്ങളും വംശനാശ ഭീഷണിയിലാണ്.

കാലങ്ങളായി തുടരുന്ന ഈ രീതിക്ക് കുഴപ്പമില്ലെന്നാണ് വിശ്വാസമെങ്കിൽ അവിടെയും പിശകുണ്ട്. റോഡുകളും പാലങ്ങളും തടയണകളുമായി തോടുകളും വയലുകളും തമ്മിൽ ഇപ്പോൾ ബന്ധമില്ല. പുഴയിൽനിന്ന് വയലിലേക്ക് മുട്ടയിടാനായി കയറാനുണ്ടായിരുന്ന പലവിധ മാർഗങ്ങളും അടഞ്ഞു. ഓവുചാലുകളും മറ്റുമാണ് ആകെ ആശ്രയം. ഇവിടെ തന്നെ കെണിയൊരുക്കുമ്പോൾ ഒന്നാകെ ഇവ നശിപ്പിക്കപ്പെടുകയാണ്.

വംശനാശഭീഷണിയിൽ 79 മീനുകൾ

60 ഇനം ഭക്ഷ്യയോഗ്യമായവയും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്തവയുമായ മീനുകൾ ഊത്തപ്പിടുത്തം വഴി വംശനാശഭീഷണിയിലാണെന്ന് വിദഗ്ധർ പറയുന്നു. മീനുകൾ സഞ്ചരിക്കുമ്പോൾ അവയുടെ വഴികളെല്ലാം ചിറ കെട്ടിയടച്ച് കെണിയൊരുക്കി സകലമീനിനെയും പിടിക്കുന്ന രീതിയാണ് ഏറെ അപകടം. പുഴയിൽനിന്ന് വയലിലേക്ക് മത്സ്യങ്ങൾ കയറുന്ന തോടിലാവും ഈ കെണിയൊരുക്കുന്നത് എന്നതിനാൽ ഒരൊറ്റ മത്സ്യവും ഇതിൽനിന്ന് രക്ഷപ്പെടില്ല. ഒറ്റാൽ, വല, വെട്ട് എന്നീ രീതികളിലും ഇവയെ പിടികൂടുന്നുണ്ട്. രാത്രി വെട്ടുകത്തിയും ടോർച്ചുമായി ഇറങ്ങി വെട്ടിപ്പിടിക്കുന്നവരും ഏറെയാണ്. കൊതുകുവലയ്ക്കു സമാനമായ വലകൾ ഉപയോഗിച്ച് ചെറിയ മീനുകളെപ്പോലും നശിപ്പിക്കുന്ന പ്രവണതയുമുണ്ട്.

തെളിഞ്ഞാൽ ആറുമാസം തടവ്

പുതുമഴയിലെ ഊത്ത പിടുത്തം നിയമവിരുദ്ധവും ആറു മാസം തടവ് ലഭിക്കുന്ന കുറ്റവുമാണ്. കേരള അക്വാകൾച്ചർ ആൻഡ് ഇൻ ലാൻഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങൾ അദ്ധ്യായം 4, 6, 3,4,5 പ്രകാരമാണ് നിരോധനം. ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നവർക്ക് 15,000 രൂപ പിഴയും 6 മാസം തടവും ലഭിക്കും. ഫിഷറീസ്, റവന്യൂ, പൊലീസ് വകുപ്പുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ഈ വിഷയത്തിൽ നടപടികൾ സ്വീകരിക്കാം.

കേവല വിനോദത്തിന്റെ പേരിൽ കേരളത്തിന്റെ ശുദ്ധജല മത്സ്യസമ്പത്തിന് ഗുരുതര നാശം വിതക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തെ മത്സ്യവേട്ട നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കടലിൽ ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതുപോലെ ഇത് സാധ്യമല്ലെന്ന് നാം തിരിച്ചറിയണം. അതിനാൽ നിയമം വഴിയുള്ള നിരോധന പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കണം

-പി.വി. സതീശൻ, ഡപ്യൂൂട്ടി ഡയരക്ടർ ഓഫ് ഫിഷറീസ്, കാസർകോട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, FISH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.