കണ്ണൂർ: കണ്ണൂരിലെ നിർദ്ദിഷ്ട സിറ്റി റോഡ് വികസന പദ്ധതിയുടെ ഭാഗമായുള്ള നാല് റോഡുകളുടെ സ്ഥലമെടുപ്പ് നടപടികൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സർക്കാർ നിർദേശം. ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. സർവേ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നഗരത്തിലെ 11 പ്രധാന റോഡുകളാണ് പരിഷ്കരിക്കുന്നത്. എട്ടു റോഡുകൾക്കാണ് സ്ഥലമേറ്റെടുക്കേണ്ടത്. ഇതിൽ നാലെണ്ണത്തിന്റെ നടപടികളാണ് പുരോഗമിക്കുന്നത്. റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിക്ക് 738 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. വിവിധ റോഡുകൾക്കായി 26 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് 337 കോടി രൂപയും വികസന പ്രവർത്തനങ്ങൾക്കായി 401 കോടി രൂപയും. ഭൂമി സമയബന്ധിതമായി ഏറ്റെടുക്കുന്നതിന് എട്ട് തസ്തികകളുള്ള ലാൻഡ് അക്വിസിഷൻ യൂനിറ്റ് തുടങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നു. സർവേ നടപടികൾ വേഗത്തിലാക്കുന്നതിന് കൂടുതൽ സർവേയർമാരെ നിയോഗിക്കാനും നടപടിയായിട്ടുണ്ട്.
നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിച്ചെടുക്കാൻ പാകത്തിൽ പരസ്പരം ബന്ധപ്പെടുത്തി ആധുനിക രീതിയിലായിരിക്കും നിർമാണം. ഗതാഗതം സുതാര്യമാക്കാൻ നഗരത്തിന് ചുറ്റും റിംഗ് റോഡും ഉണ്ടാവും. തയ്യിൽ - തെഴുക്കിലെ പീടിക റോഡിലും ചാലാട് കുഞ്ഞിപ്പള്ളി റോഡിലും റോഡ് ഓവർ ബ്രിഡ്ജുകൾ നിർമിക്കുന്നതിനും അനുമതിയായിട്ടുണ്ട്. ഇവിടങ്ങളിൽ 19 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുക്കും.
കുടിയേറക്കേണ്ടത് ആയിരത്തോളം വ്യാപാരികളെ
നഗര റോഡ് വികസനത്തിന്റെ ഭാഗമായി കണ്ണൂരിൽ കുടിയിറക്കേണ്ടത് ആയിരത്തോളം വ്യാപാരികളെ. ഇത്രത്തോളം വ്യാപാരികളെ വഴിയാധാരമാക്കുമ്പോൾ അവർക്ക് നൽകുന്ന നഷ്ടപരിഹാരമാകട്ടെ ഏറെ തുച്ഛവും. കാൽടെക്സ്, മേലെ ചൊവ്വ, പുതിയതെരു എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങൾ ഭൂരിഭാഗവും പൊളിച്ചുനീക്കേണ്ടതായി വരും.
പുതിയതെരു മാർക്കറ്റ് തന്നെ റോഡ് വികസനം വരുമ്പോൾഅപ്രത്യക്ഷമാകും. ഇവിടെ ഒരു ഭാഗത്ത് മാത്രം ഏകദേശം 200നടുത്ത് കച്ചവട സ്ഥാപനങ്ങളാണ് നീക്കം ചെയ്യുക. പുതിയതെരു മാർക്കറ്റ് സംരക്ഷിക്കുന്നതിന് വ്യാപാരികളുടെ സംയുക്ത ആക്ഷൻ കമ്മിറ്റി ബദൽരേഖ സമർപ്പിച്ചിട്ടുണ്ട്.
പരിഷ്കരിക്കുന്നത് 11 റോഡുകൾ
വളപട്ടണം മന്ന -ചാല ജംഗ്ഷൻ ദേശീയപാത വികസനം
ചാലാട് -പള്ളിക്കുന്ന് -കുഞ്ഞിപ്പള്ളി
പൊടിക്കുണ്ട്– കൊറ്റാളി
പുതിയതെരു– കൊറ്റാളി– കണ്ണോത്തുംചാൽ
കക്കാട് –-മുണ്ടയാട്
ജെ.ടി.എസ് -പ്ലാസ
തയ്യിൽ –തെഴുക്കിൽ പീടിക
മുനീശ്വരൻ കോവിൽ–പൊലീസ് ക്ലബ് –പ്ലാസ
താലൂക്ക് ഓഫീസ് - സിവിൽ സ്റ്റേഷൻ
സബ്ജയിൽ –എസ്.പി.സി.എ
എ.കെ.ജി ആശുപത്രി- കുഞ്ഞിപ്പള്ളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |