കണ്ണൂർ: കാലാവസ്ഥാപ്രവചനങ്ങൾക്ക് കൂടുതൽ കൃത്യതയും വ്യക്തതയും വരുത്തുന്നതിനായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എസ്.ടി റഡാർ സ്ഥാപിക്കുന്നു . മൂന്നു മാസത്തിനകം നടപടികൾ പൂർത്തിയാകുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. പ്രകൃതിദുരന്തങ്ങളും അതിവർഷവും നേരത്തെ അറിയാൻ ഇതിലൂടെ കഴിയും.കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് എന്നീ ജില്ലകൾക്ക് പുറമെ കർണാടകയിലെ കൂർഗ്ഗ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കാലാവസ്ഥാ വ്യതിയാനം കൃത്യമായി മനസ്സിലാക്കാൻ ഈ റഡാറിലൂടെ സാധിക്കും .
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നേതൃത്വത്തിലാണ് പുതിയ റഡാർ സ്ഥാപിക്കുന്നത്..100 കിലോമീറ്ററാണ് പുതുതായി സ്ഥാപിക്കുന്ന ഉപകരണത്തിന്റെ പരിധി.മഴയുടെ അളവ്, കാറ്റിന്റെ വേഗം, ദിശ, അന്തരീക്ഷ ഈർപ്പം, താപനില തുടങ്ങിയ വിവരങ്ങൾ തത്സമയം ലഭ്യമാകുമെന്നതാണ് ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികളുടെ പ്രത്യേകത .
കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ സേവനങ്ങൾ അപര്യാപ്തമാണെന്ന് കാണിച്ച് സംസ്ഥാന ദുരന്തനിവാരണ ഏജൻസി കാലാവസ്ഥാ പ്രവചനത്തിന് സ്വകാര്യകമ്പനികളുടെ സേവനം തേടണമെന്നു ആവശ്യപ്പെട്ടിരുന്നു. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ കീഴിലുള്ള സംസ്ഥാനത്തെ ഓട്ടോമേറ്റഡ് കാലാവസ്ഥാ സ്റ്റേഷനുകളുടെ പ്രവർത്തനം പലതും ശരാശരിക്കും താഴെയാണെന്നും ആക്ഷേപമുയർന്നിരുന്നു.ഐ.എസ്.ആർ.ഒയുടെ വിപുലമായ സാറ്റലൈറ്റ് നെറ്റ് വർക്ക്, ഡോപ്ളർ റഡാർ ശൃംഖലകൾ, പ്രതിരോധവകുപ്പ് എന്നിവർ ശേഖരിക്കുന്ന കാലാവസ്ഥാ വിവരങ്ങൾ കേന്ദ്രകാലാവസ്ഥാ വകുപ്പിനുണ്ട്. കൂടാതെ രാജ്യാന്തര ഏജൻസികൾ നൽകുന്ന പിന്തുണയും. ലോകത്തെ ഏറ്റവും പ്രവർത്തന പരിചയമുള്ള ഏജൻസികളിലൊന്നായാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് രാജ്യാന്തര തലത്തിൽ വിലയിരുത്തപ്പെടുന്നത്.
യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച്, ഇന്ത്യയെപ്പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാലാവസ്ഥാ പഠനവും കാലാവസ്ഥാ പ്രവചനവും സങ്കീർണമാണ്. ഇത്തരം മേഖലകളിൽ കാറ്റിന്റെ ഗതിയും വേഗവും മാത്രമല്ല അന്തരീക്ഷ താപനിലയിലെ വ്യതിയാനങ്ങളും കാലാവസ്ഥയെ തുടർച്ചയായി സ്വാധീനിക്കുന്നു.
'സ്ട്രാറ്റോസ്ഫിയർ ട്രോപോസ്ഫിയർ റഡാർ'
എസ്.ടി റഡാർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 'സ്ട്രാറ്റോസ്ഫിയർ ട്രോപോസ്ഫിയർ റഡാർ' ഭൂപ്രതലത്തിന് 20 കിലോമീറ്റർ വരെ ഉയരത്തിലുള്ള കാറ്റിന്റേയും മറ്റ് അന്തരീക്ഷമാറ്റങ്ങളുടെയും നേരിയ ചലനം പോലും വിശകലനം ചെയ്യാൻ ശേഷിയുള്ളതാണ്. 205 മെഗാഹെർട്സ് ഫ്രീക്വൻസിയിലാണ് റഡാർ പ്രവർത്തിക്കുക.
അന്തരീക്ഷത്തിലെ ലംബപ്രവേഗത്തെ അടിസ്ഥാനമാക്കിയാണ് ഈ റഡാർ റീഡിംഗ് തയ്യാറാക്കുന്നത്. മറ്റ് റഡാറുളേക്കാൾ ചെലവ് കുറവാണ്. മാത്രമല്ല, സ്ഥാപിക്കാൻ സ്ഥലം കുറച്ചുമതി. ഇതാണ് എസ് . ടി റഡാറിന്റെ മറ്റൊരു പ്രത്യേകത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |