SignIn
Kerala Kaumudi Online
Thursday, 25 April 2024 1.41 AM IST

ജനകീയാസൂത്രണത്തിന് വഴിതെളിച്ച കല്യാശേരി മാതൃക

kalyaseri

കണ്ണൂർ: "ഗൂഗിൾമാപ്പും വാട്സ് ആപ്പുമടക്കം വിവര സാങ്കേതിക വിദ്യകളൊന്നുമില്ലാതിരുന്ന ഒരു കാലത്ത് നാടിന്റെ ഭൂപടം തയാറാക്കിയപ്പോൾ ഗ്രാമവാസികൾ അത്ഭുതത്തിലായിരുന്നു. വീടും കിണറും വീട്ടിലേക്കുള്ള വഴിയും എല്ലാം ആ ഭൂപടത്തിൽ തെളിഞ്ഞു കണ്ടിരുന്നു. കാൽ നൂറ്റാണ്ട് മുമ്പാണ് ഇത്തരമൊരു ഭൂപട നിർമ്മാണമെന്ന് ഓർക്കണം"- ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം വിപുലമായി നാടെങ്ങും ആഘോഷിക്കുമ്പോൾ ആ മഹത്തായ പ്രസ്ഥാനത്തിന് വഴികാട്ടിയായ കല്യാശേരി മാതൃകയെ കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും റിട്ട. അദ്ധ്യാപകനുമായ ടി. ഗംഗാധരന്റെ വാക്കുകളിൽ ആവേശം.

1991 ലാണ് മുൻമുഖ്യമന്ത്രി ഇ.കെ. നായനാരുടെ ജന്മനാട് കൂടിയായ കല്യാശേരിയിൽ ഇത്തരമൊരു പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. സാക്ഷരതാ പ്രവർത്തനം കഴിഞ്ഞപ്പോൾ നിരവധി സന്നദ്ധപ്രവർത്തകരുണ്ടായിരുന്നു. അവരുടെ കർമ്മശേഷി പദ്ധതിക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു.

സംസ്ഥാനത്തെ 25 പഞ്ചായത്തുകളിൽ കല്യാശേരി മാത്രമാണ് പരീക്ഷണത്തിൽ ലക്ഷ്യം കണ്ടത്. ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ഗതാഗതം, വ്യവസായം, ജലസേചനം, ഊർജം, മത്സ്യകൃഷി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് വികസന രേഖ തയ്യാറാക്കിയിരുന്നത്. രണ്ടുമാസം കൊണ്ട് പഞ്ചായത്തിലെ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ചു.

75 ലക്ഷം രൂപയുടെ അന്യസംസ്ഥാന പച്ചക്കറി എത്തുന്നുണ്ടെന്ന് 65 പച്ചക്കറികടകളിൽ നടത്തിയ സർവ്വേയിൽ നിന്നു കണ്ടെത്തി. ഇത് മനസിലാക്കി പച്ചക്കറി കൃഷി തുടങ്ങാൻ നാട്ടുകാർ ആവേശത്തോടെ മുന്നോട്ടുവന്നു. റോഡ് നിർമ്മാണം, മണ്ണ് സംരക്ഷണം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഇതോടനുബന്ധിച്ച് നടന്നത്.

നാടിന്റെ വികസന പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ വളർന്നുവരണമെന്ന പാഠം ഉൾക്കൊണ്ടാണ് സംസ്ഥാനത്ത് ജനകീയാസൂത്രണം എന്ന വിപ്ളവകരമായ മുന്നേറ്റമുണ്ടായതെന്നും ഗംഗാധരൻ പറയുന്നു.

ആന്തൂർ നഗരസഭയിലെ ഒഴക്രോത്ത് താമസിക്കുന്ന ടി. ഗംഗാധരൻ മൊറാഴ എ.എൽ.പി സ്കൂൾ റിട്ട. അദ്ധ്യാപകനാണ്. പരിഷത്ത് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ദേശീയ നിർവാഹക സമിതി അംഗമാണ്. ഭാരതീയ ജ്ഞാൻ വിജ്ഞാൻ സമിതി കോ- ഓർഡിനേറ്ററുമായിരുന്നു.

സ്കൂൾ വിജയനിരക്ക് കൂട്ടി മുന്നോട്ട്

കല്യാശേരി പഞ്ചായത്തിലെ പ്രധാനപ്പെട്ട സ്കൂളായ കല്യാശേരി ഹയർ സെക്കൻഡറിയിലെ വിജയനിരക്ക് 1993ൽ 52 ശതമാനമായിരുന്നു. നിരന്തര പരിശ്രമവും ഇടപെടലും കൊണ്ട് പത്ത് വർഷം കഴിയുമ്പോൾ ഇത് 93 ശതമാനമായി. ഇതോടെയാണ് സി.ഡി.എസിൽ കല്യാശേരിയുടെ അനുഭവപാഠങ്ങൾ എന്ന സെമിനാർ സംഘടിക്കുന്നത്. ഈ സെമിനാറിൽ നിന്നാണ് തോമസ് ഐസക് ഉൾപ്പെടെയുള്ളവർ ആവേശത്തോടെ കല്യാശേരി മോഡൽ എന്ന വിഷയവുമായി മുന്നോട്ട് വരുന്നത്. ഇതാണ് പിൽക്കാലത്ത് ജനകീയാസൂത്രണത്തിന് വഴിയും വഴികാട്ടിയുമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, JANAKEEYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.