SignIn
Kerala Kaumudi Online
Friday, 26 April 2024 2.31 AM IST

വിട പറഞ്ഞത് പോരാട്ടത്തിന്റെ പെൺകരുത്ത്

ammukkutty

ആലക്കോട് : കർഷക തൊഴിലാളി നേതാവ് കെ. എസ്. അമ്മുക്കുട്ടിയുടെ നിര്യാണത്തോടെ നഷ്ടമായത് മലബാറിലെ പോരാട്ടത്തിന്റെ പെൺകരുത്ത്. കർഷക തൊഴിലാളികളെ ഒന്നിപ്പിക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കരുത്തോടെയാണ് അവർ എന്നും നിലകൊണ്ടത്.അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയന്റെ വർക്കിംഗ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിവനിതയും കെ .എസ്. അമ്മുക്കുട്ടിയാണ്. അന്നത്തെ സഹപ്രവർത്തകരിൽ സാക്ഷാൽ ഹർകിഷൻ സിംഗ് സുർജീത്തുമുണ്ടായിരുന്നു. വി.എസ് ആയിരുന്നു കമ്മിറ്റിയിലെ മറ്റൊരാൾ.

പതിമൂന്നാം വയസിൽ കോട്ടയത്തുനിന്നും വടക്കേ മലബാറിലെ കാർത്തികപുരമെന്ന മലമ്പ്രദേശത്തേക്ക് കുടുംബത്തോടൊപ്പം വന്ന അമ്മുക്കുട്ടി വളരെ പെട്ടെന്നാണ് മലബാറുകാരുടെ പ്രിയ പോരാളിയായത്. അഞ്ചാം ക്ലാസിൽ വച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നതിനാൽ കാട്ടിൽ മുളവെട്ടി കുടിൽ കെട്ടിയാണ് അവർ താമസിച്ചിരുന്നത്.കൂലിയായി കിട്ടുന്ന നെല്ല് ഒരിത്തിരി അധികം കിട്ടാൻ മാതാപിതാക്കൾക്കൊപ്പം അമ്മുക്കുട്ടിയും ജന്മിയുടെ കൃഷിയിടത്തിൽ പണിക്ക് പോകാൻ തുടങ്ങി.

" പട്ടിണിയല്ലേ , രാവേറും വരെ പണിയെടുത്താലും ഒരിത്തിരിയല്ലേ കിട്ടത്തൊള്ളൂ. കുഞ്ഞാണെങ്കിലും ഞാൻ കൂടെ പോയാൽ അത്രേം കൂടി ആയല്ലോ എന്ന് കരുതി " അക്കാലത്തെക്കുറിച്ച് അമ്മുക്കുട്ടി പറഞ്ഞതാണ്.

മഴക്കാലമായാൽ ഉപ്പ് കിട്ടാത്ത കാലം.മലവെള്ളത്തിനൊപ്പം മാറാ രോഗങ്ങളും കുത്തിയൊലിച്ച് വന്നിരുന്ന കാലം ആനയും മറ്റ് കാട്ടുമൃഗങ്ങളും പകലിറങ്ങി നടന്നിരുന്ന കാലം .പട്ടിണിയുടെയും വറുതിയുടെയും കാലം.

ആ കാലത്തോട് പൊരുതിയ അമ്മുക്കുട്ടി കമ്യൂണിസ്റ്റ്കാരിയായി മാറി. ആദിവാസികളെ സംഘടിപ്പിക്കാൻ വന്ന എ. വി കുഞ്ഞമ്പുവിന്റെയും പാച്ചേനി കുഞ്ഞിരാമന്റെയും കെ .കെ .എൻ പരിയാരത്തിന്റെയുമെല്ലാം കൂടെ കൂടി. അവരിലൂടെ ലോകത്തെ പഠിച്ചെടുക്കുകയായിരുന്നു അവർ.

മണ്ണിൽ അദ്ധ്വാനിക്കുന്നവർക്ക് ഇത്തിരി മണ്ണിനു വേണ്ടി നടത്തിയ മിച്ചഭൂമി സമരത്തിന് നേതൃത്വം നൽകിയതിന് അന്നത്തെ സർക്കാർ അനുകൂലികളായ ഗുണ്ടകളുടെ അക്രമത്തിൽ ദിവസങ്ങളോളം അമ്മുക്കുട്ടി ബോധരഹിതയായികിടന്നു. മാസങ്ങളോളം ഒന്നനങ്ങാനാവാതെ കട്ടിലിൽ വീണു. " എത്രയോ മാസം ദേഹമാസകലം വേദന കൊണ്ട് പുളഞ്ഞു. ആറ് മാസമെടുത്തു, സ്വന്തം കൈ കൊണ്ട് ഒരു ബണ്ണ് കഴിക്കാൻ." അതിലുണ്ട് എല്ലാം. അവിടെ നിന്നും അമ്മുക്കുട്ടി വീണ്ടും എഴുന്നേറ്റു. കാടും മലയും കയറി കർഷക തൊഴിലാളികളെ സംഘടിപ്പിച്ചു. ലോറിയിൽ കയറിയും ജീപ്പിൽ തൂങ്ങിയും അവർ ഒരോയിടത്തുമെത്തി. പാർട്ടി ഓഫീസുകളിൽ കിടന്നുറങ്ങി.

" കോമ്രേഡ് ആമ്മക്കുട്ടീ... " എന്ന സുർജീത്തിന്റെ വിളിയെക്കുറിച്ച് പറഞ്ഞ് മലയാളികളായ മറ്റ് സഖാക്കൾ സ്നേഹത്തോടെ കളിയാക്കുമായിരുന്നത്രേ.സഖാവ് സുർജിത്തിന്റെ കൂടെ എന്റെ പേരും എഴുതിയില്ലേ. അതിനു മാത്രം ഈ പാർട്ടി എന്നെ വളർത്തിയില്ലേ. അതിനപ്പുറം എന്തു വേണം ."- എന്നായിരുന്നു ആ ഉജ്വലപോരാളി അപ്പോൾ നൽകാറുള്ള മറുപടി. പ്രായാധിക്യത്തെതുടർന്ന് ഏതാനും വർഷമായി ഏക മകൾ സരോജിനിക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. അമ്മുക്കുട്ടി അമ്മ.

മുഖ്യമന്ത്രി അനുശോചിച്ചു

ആലക്കോട് :അമ്മുക്കുട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, ആലക്കോട് ഏരിയാകമ്മിറ്റി സെക്രട്ടറി പി.വി ബാബുരാജ്, ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ചന്ദ്രശേഖരൻ, ജില്ലാ കമ്മിറ്റി അംഗം എം. കരുണാകരൻ തുടങ്ങിയവർ അനുശോചിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.