SignIn
Kerala Kaumudi Online
Thursday, 25 April 2024 11.20 AM IST

മലബാറിനെ കൈയിലെടുക്കാൻ ബ്രിട്ടീഷ് ദർബാർ

vasisht
പ്രൊഫസർ എം.സി.വസിഷ്ഠ്

തലശ്ശേരി: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജനവികാരം ശക്തിയാർജ്ജിച്ച ഘട്ടത്തിൽ ജനങ്ങളെ കൈയിലെടുക്കാൻ ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാർ മലബാറിലെ വിവിധ മേഖലകളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളെ സംബന്ധിച്ച അപൂർവ രേഖ.കോഴിക്കോട് റീജണൽ ആർക്കൈവ്സിലെ സെലക്ടഡ് റിക്കോർഡ്സ് 201 എന്ന ഫയലിലെ സുപ്രധാന രേഖയിൽ നിന്നാണ് കണ്ണൂരിൽ ഇത്തരത്തിൽ സംഘടിപ്പിച്ച ദർബാറിനെക്കുറിച്ച് പറയുന്നത്.
മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസർ എം.സി.വസിഷ്ഠ്, അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ ഭാഗമായുള്ള അന്വേഷണത്തിനിടയിലാണ് ഈ രേഖ സംഘടിപ്പിച്ചത്.1911 ഡിസംബർ 12ാം തീയതി ഡൽഹിയിൽ ജോർജ് അഞ്ചാമന്റെ സാന്നിദ്ധ്യത്തിൽ ഇന്ത്യയിലെ നാട്ടുരാജാക്കന്മാരുടെയും ബ്രിട്ടീഷ് ഭരണത്തോട് വിധേയത്വം പുലർത്തുന്നവരുടെയും ഒരു പടുകൂറ്റൻ അസംബ്ലി (ഡൽഹി ദർബാർ) സംഘടിപ്പിച്ചിരുന്നു.ഇതോടനുബന്ധിച്ച് 1911 ഡിസംബർ 7നും 11 നും ഇടയിൽ മലബാർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇതുപ്രകാരം കോഴിക്കോട്ടും കണ്ണൂരിലും മലപ്പുറത്തും ഒറ്റപ്പാലത്തും മാനന്തവാടിയിലും വിവിധ ആഘോഷപരിപാടികൾ നടത്തി. കണ്ണൂരിൽ ഡൽഹി ദർബാറിന്റെ വിവരണങ്ങളാണ് രേഖയിൽ സൂചിപ്പിക്കുന്നത്.
1911 ഡിസംബർ 7ന് സി. കുഞ്ഞിക്കണ്ണൻ എന്നൊരു വ്യക്തി ശിപായിമാരുടെ ബാരക്സിനു പിന്നിലുള്ള മൈതാനത്ത് കീഴ്ജാതിക്കാർക്കായി നടന്ന അന്നദാനവും 8ന് കോട്ടമൈതാനത്ത് ശിപായിമാർക്കും പൊലീസ് കോൺസ്റ്റബിൾമാർക്കും പൊതുജനങ്ങൾക്കുമായി നടന്ന കായിക മത്സരങ്ങളും 9 ന് പട്ടാളക്കാർക്കും ദർബാറിലെ വളണ്ടിയർമാർക്കുമായി നടന്ന കായികമത്സരങ്ങളും നടന്നതായി രേഖയിലുണ്ട്.

തുടർന്നുള്ള ദിവസങ്ങളിൽ കീഴ്ജാതിക്കാർക്ക് അന്ന വസ്ത്രദാനം, ആശുപത്രിയിലെ രോഗികൾക്കുള്ള വസ്ത്രം, ഭക്ഷണം , വിദ്യാർത്ഥികൾക്ക് ലഘുഭക്ഷണ വിതരണം എന്നിവയെപ്പറ്റിയും രേഖയിലുണ്ട്. ബ്രിട്ടീഷ് ചക്രവർത്തിക്കുള്ള പ്രാർത്ഥനയോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്. 12 മണിക്ക് രാജാവിനെ പ്രശംസിച്ച് മംഗളപത്ര വായന, ഒരു മണിക്ക് ആനകളുടെ ഘോഷയാത്ര, ഏഴു മണിക്ക് കണ്ണൂർ നഗരത്തിൽ ദീപാലങ്കാരം, രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗം എന്നിങ്ങനെയായിരുന്നു പരിപാടി.
മലബാറിൽ ആധിപത്യം ഉറപ്പിച്ച ബ്രിട്ടീഷുകാർ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാനായി സാംസ്‌കാരിക ചിഹ്നങ്ങളെയും ബിംബങ്ങളെയും ഉപയോഗിച്ചിരുന്നു എന്നതിന് തെളിവാണ് ദർബാറുമായി ബന്ധപ്പെട്ട് മലബാറിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കപ്പെട്ട ആ ആഘോഷപരിപാടികൾ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അനുകൂലമായ ഒരു മനോഭാവം കോളനിവാസികളിലും, പ്രത്യേകിച്ച് പുതുതലമുറക്കാരായ സ്‌കൂൾ കുട്ടികളിലും ഉണ്ടാക്കുകയെന്നതായിരുന്നു ഇതിന്റെ ഒരു പ്രധാന ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, HISTORY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.