കാഞ്ഞങ്ങാട് :സർക്കാറിന്റെ നൂറുദിന പദ്ധതിയിൽപെടുത്തി കെ.സി.സി.പി.എൽ പുതുക്കൈയിൽ ആരംഭിക്കുന്ന ഹൈടെക് കയർ ഡിഫൈബറിംഗ് യൂണിറ്റും കരിന്തളം തലയടുക്കത്ത് ആരംഭിക്കുന്ന പെട്രോൾ പമ്പിന്റെ ശിലാസ്ഥാപനവും 13 ഉച്ചക്ക് രണ്ടുമണിക്ക് മന്ത്രി പി രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ളേയ്സ് ഹൈടെക് കയർ യൂണിറ്റിന്റെ രണ്ടാമത്തെ സംരംഭമാണ് പുതുക്കൈയിൽ ആരംഭിക്കുന്നത്.
സർക്കാർ ഗ്രാൻഡോടെ പ്രവർത്തിക്കുന്ന യൂണിറ്റിനുള്ള സാങ്കേതിക സഹായം കയർ മിഷനറി മാനുഫാക്ചേഴ്സ് കമ്പനിയാണ് നൽകിയത്. ഇവിടെ ഉൽപാദിപ്പിക്കുന്ന മുഴുവൻ ഫൈബറും കയർഫെഡ് ഏറ്റെടുക്കും. ഇതിന്റെ ഉപോത്പന്നങ്ങളായ ചെറിയ ചകിരി നാരും ചകിരിചോറും ഉപയോഗിച്ച് 16.44 കോടിരൂപയുടെ തുടർ പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്. 5.38 കോടി രൂപയുടെ ഗാർഡൻ ആർടിക്കിൽ യൂണിറ്റ്, 9.87 കോടി രൂപ മുടക്കിൽ ബഡ് നിർമ്മാണ യൂണിറ്റ്, 10 കോടി രൂപ ചിലവിട്ടുള്ള വളം നിർമ്മാണ ഫാക്ടറി എന്നിവ രണ്ടാം ഘട്ടത്തിൽ നടപ്പാക്കും .
പാപ്പിനിശേരിയിൽ ആരംഭിച്ച ആദ്യ പെട്രോൾ പമ്പ് വിജയകരമായതിന്റെ അനുഭവത്തിലാണ് രണ്ടാമത്തേത് തലയടുക്കത്ത് ആരംഭിക്കുന്നത്.പൊതുമേഖാസ്ഥാപനങ്ങളുടെ സ്ഥലം വിട്ടുകിട്ടിയാൽ കാസർകോടുമുതൽ തിരുവനന്തപുരം വരെ പെട്രോൾ പമ്പുകളുടെ ശൃംഖലകൾ സ്ഥാപിക്കുമെന്നും കെ.സി.സി.പി എം.ഡി വ്യക്തമാക്കി . വാർത്താ സമ്മേളനത്തിൽ അസി. ജനറൽമാനേജർ എ. കെ. കൃഷ്ണകുമാർ, അസി. മാനേജർ കെ. മധുസുദനൻ എന്നിവരും സംബന്ധിച്ചു. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |