SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.52 PM IST

വ്യവസായ ഭൂപടത്തിൽ ഇടം തേടി കണ്ണൂർ

industri

കണ്ണൂർ: വ്യവസായ വികസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന കണ്ണൂരിന് അർഹമായ പരിഗണന കിട്ടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇന്ന് കണ്ണൂരിലെത്തുന്ന വ്യവസായ മന്ത്രി പി. രാജീവിന്റെ ശ്രദ്ധയിലേക്ക് പുതിയ വികസന പദ്ധതികൾ കൊണ്ടുവരാനാണ് വ്യവസായ സംരംഭകർ ആഗ്രഹിക്കുന്നത്.

ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളൊക്കെയുണ്ടെങ്കിലും പുതിയ വ്യവസായങ്ങൾ ഇവിടെയെത്തുന്നില്ലെന്നതാണ് ഈ രംഗത്തുള്ളവരുടെ പരാതി. വലിയതോതിൽ വ്യവസായ വികസനം ലക്ഷ്യമിട്ട് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്തവള പരിസരത്ത്‌ 4896 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന പദ്ധതിക്ക് വേഗം പോരെന്ന പരാതിയും നിലവിലുണ്ട്. കിൻഫ്രയുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുത്ത്‌ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള വ്യവസായ പാർക്കുകളാക്കി നിക്ഷേപകർക്ക്‌ കൈമാറാനാണ് ലക്ഷ്യമിട്ടത്. കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽതന്നെ പദ്ധതി ഇടം നേടിയിരുന്നു. കിഫ്‌ബിയിൽനിന്ന്‌ 12,000 കോടി രൂപ ചെലവഴിച്ച്‌ 5,000 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ഇത്തവണയുണ്ടായി.

മട്ടന്നൂർ വെള്ളിയാംപറമ്പിൽ നിലവിലുള്ള കിൻഫ്ര വ്യവസായ പാർക്ക്‌ വികസിപ്പിക്കുന്നതിന്‌ 54 ഏക്കർ ഭൂമികൂടി ഏറ്റെടുക്കുന്ന നടപടിയും വേഗത്തിലാക്കണം. ഭൂമി വ്യവസായ പ്ലോട്ടുകളാക്കി തിരിച്ച്‌ റോഡുബന്ധം, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാണ്‌ ഓരോ പാർക്കും സജ്ജമാക്കുക എന്നായിരുന്നു പ്രഖ്യാപനം.

ഇരിണാവിൽ ഇലക്ട്രിക്

വാഹനാധിഷ്ഠിത വ്യവസായം

ഇരിണാവിൽ ഇലക്ട്രിക് വാഹനാധിഷ്ഠിത വ്യവസായം തുടങ്ങുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല. സർക്കാരിന്റെയും സ്വകാര്യ വ്യവസായികളുടെയും സംയുക്ത സംരംഭമായി പി.പി.പി അടിസ്ഥാനത്തിൽ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ഇരിണാവിൽ താപ വൈദ്യുതി നിലയത്തിനായി ഏറ്റെടുത്ത സ്ഥലത്ത് പദ്ധതി തുടങ്ങാനായിരുന്നു ലക്ഷ്യം.

എന്നാൽ കോസ്റ്റ് ഗാർഡ് അക്കാഡമിക്കായി വിട്ടു നൽകിയ സ്ഥലം സംസ്ഥാന സർക്കാരിന് തിരിച്ചുകിട്ടാത്തതാണ് പദ്ധതി തുടങ്ങാൻ കഴിയാത്തതിന് കാരണം. 1997 ലാണ് കല്യാശേരി, പാപ്പിനിശേരി വില്ലേജുകളിലായി കിടക്കുന്ന 164 ഏക്കർ സ്ഥലം താപ വൈദ്യുതി നിലയത്തിനായ് കിൻഫ്ര ഏറ്റെടുക്കുന്നത്. പദ്ധതി നടപ്പിലാകാത്തതിനാൽ കൽക്കരി അധിഷ്ഠിത വ്യവസായത്തിനായി ആലോചിച്ചു. അതും ഒഴിവാക്കി. സിമന്റ്‌ കമ്പനിക്കായി ജെ.പി ഗ്രൂപ്പിന് വിട്ടു നൽകിയെങ്കിലും നാട്ടുകാരുടെ എതിർപ്പ് മൂലം അതും മുടങ്ങി. പിന്നീടാണ് സ്ഥലം കോസ്റ്റ് ഗാർഡ് അക്കാഡമി തുടങ്ങാനായി കേന്ദ്രത്തിന് വിട്ടു കൊടുത്തത്. പ്രാരംഭ നടപടികൾ തുടങ്ങിയെങ്കിലും ആ പദ്ധതിയും ഉപേക്ഷിക്കപ്പെട്ടു.

നിലവിൽ 164 ഏക്കർ സ്ഥലം ഉപയോഗശൂന്യമായി കിടക്കുകയാണ്. സ്ഥലം വിട്ടുകിട്ടിയാൽ മാത്രമേ ഇലക്ട്രിക് വാഹനാധിഷ്ഠിത വ്യവസായം ആരംഭിക്കാൻ സാധിക്കുകയുള്ളു. അതിനായുള്ള ഇടപെടലുകളാണ് ശക്തമായി നടക്കേണ്ടത്.

പദ്ധതികൾ ഇവയും

എരമം സൈബർപാർക്ക്, ഫുഡ് പാർക്ക്

തളിപ്പറമ്പ്- പയ്യന്നൂർ മേഖലയിൽ വ്യവസായ പാർക്ക്

മറൈൻ ഫുഡ് പാർക്ക്

കണ്ണൂരിന്റെ വ്യവസായ വികസനത്തിന് നിരവധി പദ്ധതികളുണ്ട്. ഈ പദ്ധതികളെ ലക്ഷ്യത്തിലെത്തിക്കാനുള്ള കർമ്മപദ്ധതികളാണ് ഇനിയുണ്ടാകേണ്ടത്. ഈ ആവശ്യം ഉന്നയിച്ച് വ്യവസായ മന്ത്രി പി. രാജീവിന് വിശദമായ നിവേദനം നൽകിയിട്ടുണ്ട്.

സി. ജയചന്ദ്രൻ, ചെയർമാൻ, ദിശ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, MINISTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.