കാഞ്ഞങ്ങാട്: ഭൂമിയിലെ ജീവജാലങ്ങളെ നിലനിർത്തുന്ന ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞ് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ ശാസ്ത്രരംഗം അവതരിപ്പിച്ച തിരുവാതിര വിജ്ഞാനപ്രദവും കൗതുകകരവുമായി.കത്തിച്ചു വെച്ച നിലവിളക്കിന് ചുറ്റും സെറ്റുമുണ്ടും ചുവന്ന ബ്ലൗസുമിട്ട പതിനാല് പെൺകുട്ടികൾ ചുവടുവച്ചത് നവ്യാനുഭവമായി.
'ഒത്തുചേരാം ഓസോൺ ദിനത്തിൽ, ശാസ്ത്രാവബോധചിന്തയിൽ മുഴുകി.....' എന്ന വന്ദന ശ്ലോകത്തോടെയാണ് തിരുവാതിരയുടെ തുടക്കം. അദൃശ്യ നായക പരിവേഷം പൂണ്ട് ഭൂമിയിലുള്ള ജീവികൾക്കെല്ലാം വിഘ്നമില്ലാത്ത നാളിനു വേണ്ടി നിലകൊള്ളുന്ന രക്ഷാകവചമായ ഓസോൺ പാളിയെ സംരക്ഷിക്കുമെന്ന് ആഹ്വാനം ചെയ്ത മംഗള ശ്ലോകത്തോടെ യാണ് കലാപ്രകടനം അവസാനിപ്പിച്ചത്
അദ്ധ്യാപികയായ കെ.ഗായത്രിയുടെ വരികൾ സജിന അത്തായി പാടി. അദ്ധ്യാപികമാരായ കെ.വി. വനജ, പി.സജിത എന്നിവരായിരുന്നു കുട്ടികളെ പരീശീലിപ്പിച്ചത്.ജീഷ്ണ ,ശ്രീക അശോക്,അനന്യ ,പൂജ,ശിവാ മൃത,അഭിനന്ദ,ദർശന,കാർത്തിക,ശ്രേയ ,മിത്യ രാജൻ,വൈഗാ ലക്ഷ്മി,ആദിയ,അൻസില അജയ്,അതിഷ അജേഷ് എന്നീ കുട്ടികളാണ് തിരുവാതിരയിൽ ചുവട് വെച്ചത്. പ്രധാനാദ്ധ്യാപകൻ കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായുള്ള പോസ്റ്റർ രചനാ മത്സരം, പ്രശ്നോത്തരി എന്നിവ ഇന്ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |