കണ്ണൂർ: ഇടതുപക്ഷ ഭരണത്തിൽ ജയിലുകൾ ക്രിമിനലുകൾക്ക് സുഖവാസ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. ഡി.സി.സി ഓഫീസിൽനടന്ന കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരം തികഞ്ഞ പരാജയമാണ്. കൊടി സുനിമാരാണ് ജയിലുകൾ ഭരിക്കുന്നത്. ജയിൽ സൂപ്രണ്ടിന്റെ ഓഫീസ് ഫോൺ പോലും ക്രിമിനലുകൾ ഉപയോഗിച്ചു എന്ന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ജയിൽ സൂപ്രണ്ടിന്റെ അധികാരം ഇത്തരം ക്രിമിനലുകൾ നൽകിയോ എന്നത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുധാകരൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, പി.ടി തോമസ് എം.എൽ.എ, ടി.സിദ്ദിഖ് എം.എൽ.എ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി എന്നിവർ സംസാരിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ, വി.എ. നാരായണൻ, സജീവ് മാറോളി, മേയർ അഡ്വ. ടി.ഒ. മോഹനൻ, സെക്രട്ടറിമാരായ ഡോ. കെ.വി. ഫിലോമിന, ചന്ദ്രൻ തില്ലങ്കേരി, യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യു, മുൻ യു.ഡി.എഫ് ചെയർമാൻ പ്രൊഫ. എ.ഡി. മുസ്തഫ, എം. നാരായണൻ കുട്ടി, കെ.സി മുഹമ്മദ് ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |