കാസർകോട്: അധോലോക ഗുണ്ട സിയയുടെ കൂട്ടാളി ഗൾഫിൽ ഒളിവിൽ കഴിയുന്ന ഉപ്പള കയ്യാർ സ്വദേശി അട്ടഗോളി റഫീഖ് എന്ന നപ്പട്ട റഫീഖിനെ(34)തിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. കാസർകോട് പൊലീസിന്റെ അപേക്ഷ പ്രകാരമാണ് ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പ്രകാരം ഏതു രാജ്യത്തെ പൊലീസിനും എവിടെ വെച്ചും പ്രതിയെ അറസ്റ്റ് ചെയ്യാം.
മൂന്നു കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം, പിടിച്ചുപറി അടക്കം കേരളത്തിലും കർണാടകത്തിലും 14 കേസുകളിൽ പ്രതിയാണ് റഫീഖ്. കാസർകോട്, മഞ്ചേശ്വരം, പുത്തൂർ, ഉള്ളാൾ പോലീസ് സ്റ്റേഷനുകളിലാണ് കേസുള്ളത്. കർണ്ണാടകയിലെ പുത്തൂർ റൂറൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ഒരു അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. അടുത്തിടെ മുംബൈ വിമാന താവളത്തിൽ വച്ച് അറസ്റ്റിലായ സിയയുടെ കൂട്ടാളിയാണ് നപ്പട്ട റഫീഖ്.
ഡോൺ തസ്ലിം വധക്കേസിലെ മുഖ്യപ്രതി
ചെമ്പരിക്കയിലെ ഡോൺ തസ്ലിം എന്ന മുഹ് തസിമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയാണ് റഫീഖ്. സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട പണമിടപാടാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. 2018 ൽ തലപ്പാടിക്കടുത്തുള്ള കെസി റോഡിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയതിനും റഫീഖിനെതിരേ കേസുണ്ട്. മഞ്ചേശ്വരത്ത് മദ്രസ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലും റഫീഖ് ഉണ്ട്. സ്വർണവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോയത്. അധോലോകനായകൻ രവി പൂജാരിയുടെ കൂട്ടാളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |