SignIn
Kerala Kaumudi Online
Thursday, 25 April 2024 10.11 PM IST

നാടൻ മീനുകൾ നാടുനീങ്ങുന്നു: വില്ലൻ അധിനിവേശമത്സ്യങ്ങൾ

meen

കണ്ണൂർ :തദ്ദേശീയ മീനുകളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയായി തിലോപ്പിയ പോലുള്ള അധിനിവേശ മത്സ്യങ്ങൾ. തെക്കുപടിഞ്ഞാറൻ പശ്ചിമഘട്ടത്തിൽനിന്ന്‌ 32 പുതിയ വിദേശജീവവർഗത്തെ കണ്ടെത്തിയ റിപ്പോർട്ടിലാണ്‌ ആശങ്കാജനകമായ ഈ വസ്‌തുത പുറത്തുവിട്ടിരിക്കുന്നത്. വിദേശികളായ ഏഴ്‌ മത്സ്യങ്ങളാണ്‌ നാടന്‌ വെല്ലുവിളി ഉയർത്തുന്നത്‌.

ജലകൃഷി, അക്വേറിയം വ്യവസായം, കൊതുകുനിയന്ത്രണം എന്നിവയ്ക്കായി എത്തിക്കുന്ന സാംബിക്‌ തിലാപിയ ഉൾപ്പെടെയുള്ള വിദേശജനുസിൽപെട്ട മത്സ്യങ്ങൾ ജലാശയങ്ങളിലെത്തിയത്‌ പ്രളയം ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാലാണ്‌.കേരള സർവകലാശാലയിലെ അക്വാട്ടിക്‌ ബയോളജി ആൻഡ്‌ ഫിഷറീസ്‌ വകുപ്പ്‌ 44 നദികളിലും 53 റിസർവോയറുകളിലും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

കേരള സർവകലാശാലയിലെ അക്വാട്ടിക്‌ ബയോളജി ആൻഡ്‌ ഫിഷറീസ്‌ വകുപ്പ്‌ ഡോ.എ.ബിജുകുമാർ, ഗവേഷകരായ സ്മൃതിരാജ്‌, പ്രണവ്‌പ്രകാശ്‌, രാജേഷ്‌രഘുനാഥ്‌, അഞ്ചൽ സെന്റ്‌ ജോൺസ്‌ കോളേജിലെ ജോസിൻ.സി.തരിയൻ, കുഫോസിലെ രാജീവ്‌രാഘവൻ എന്നിവർ നടത്തിയ പഠനം ഡ്യൂക്‌ യൂണിവേഴ്‌സിറ്റി പ്രസിൽ പ്രസിദ്ധീകരിച്ചിരുന്നു.

മലിനജലത്തിലും ജീവിക്കാൻ കഴിവുള്ള ശ്വസനസംവിധാനമുള്ളതിനാൽ സക്കർക്യാറ്റ്‌ ഫിഷുകളുടെ എണ്ണവും സംസ്ഥാനത്ത്‌ വർദ്ധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഡാമുകളിൽ വളർത്തുന്ന കോമൺകാർപ്‌ വിഭാഗത്തിലെ മീനുകൾ, ആഫ്രിക്കൻകാറ്റ്‌ഫിഷ്‌ എന്നീ മത്സ്യങ്ങളും തദ്ദേശമത്സ്യങ്ങളെയും അവയുടെ മുട്ടകളെയും ഭക്ഷിക്കുന്നവയാണ്‌. കൊതുനിയന്ത്രണത്തിനായി വളർത്തുന്ന ഗപ്പി, കൊതുകുവിഴുങ്ങി മത്സ്യം തുടങ്ങിയവയും തദ്ദേശമത്സ്യങ്ങൾക്ക്‌ ഭീഷണിയാണ്‌. മത്സ്യങ്ങളുടെ വ്യാപനം തടയുകയും കച്ചവടം നിയന്ത്രിക്കുകയുമാണ്‌ തദ്ദേശീയ മത്സ്യസമ്പത്തിനെ നിലനിർത്താനുള്ള പ്രധാന പ്രതിവിധിയെന്നും ഇവരുടെ റിപ്പോർട്ടിലുണ്ട്.

സസ്യങ്ങളിലും അധിനിവേശക്കാർ

പോള, റെഡ്‌ കബോംബ, ആഫ്രിക്കൻപായൽ, വാട്ടർ ലെറ്റ്യൂസ്‌ എന്നീ അധിനിവേശജലസസ്യങ്ങളും തദ്ദേശീയസസ്യങ്ങളുടെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും മനുഷ്യരിൽ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

വിദേശവില്ലന്മാർ ഇവർ
മൊസാംബിക്‌തിലാപിയ, നൈൽതിലാപിയ, ഗപ്പി, മൊസ്‌കിറ്റോ ഫിഷ്‌, ആമസോൺ സൈൽഫിൻക്യാറ്റ്‌ ഫിഷ്‌ (സക്കർഫിഷ്‌), കോമൺകാർപ്‌, ക്ലാരിയസ്‌ ഗരിയേപിനസ്‌ എന്നിവയാണ് വിദേശമത്സ്യങ്ങൾ. കൊടും വില്ലൻ സാംബിക്‌തിലാപിയ (സിലോപ്പി) ആണ്‌. കരിമീനും അവയുടെ മുട്ടയുമാണ്‌ ഇഷ്ട ആഹാരം. മൂന്നുമാസം കൂടുമ്പോഴാണ്‌ ഇവയുടെ പ്രജനനം. സംസ്ഥാനത്ത്‌ മിക്ക ജലാശയങ്ങളിലും ഇതുണ്ട്‌. ഇവയുടെ വർദ്ധന കരിമീനുകളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണെന്ന്‌ ഗവേഷകർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.