SignIn
Kerala Kaumudi Online
Friday, 19 April 2024 6.40 AM IST

നെട്ടോട്ടമോടി ഫയർഫോഴ്സ്: തീപിടിച്ച് വ്യാഴം

fire
താവക്കര റയിൽവേ ട്രാക്കിനു ചേർന്ന പ്രദേശത്തെ കാടിന് തീ പിടിച്ചപ്പോൾ

കണ്ണൂർ: കടുത്ത വേനൽ ചൂടിൽ ഇന്നലെ ജില്ലയിൽ പലയിടങ്ങളിലായി തീപിടിത്തമുണ്ടായി. ഇരിട്ടി ആറളം ഫാം,​ കോളിത്തട്ട്,​ കല്ലേരിമല,​തളിപ്പറമ്പ് പൂവം പെരുമ്പാറ,​ ശ്രീകണ്ഠപുരം കക്കണ്ണൻപാറ,​ പേരാവൂർ മേൽമുരിങ്ങോടി ആനക്കുഴി,​ കണ്ണൂർ താവക്കര തുടങ്ങിയ ഇടങ്ങളിൽ വലിയതോതിൽ തീപടർന്നു. ഫയർഫോഴ്സ് ഏറെ നേരം അദ്ധ്വാനിച്ചാണ് മിക്കയിടത്തും തീയണച്ചത്.

. ഇന്നലെഉച്ചക്ക് 12.25 ന് പൂവ്വം പെരുമ്പാറയിൽ വൻ തീപിടുത്തമാണുണ്ടായത്. ഏതാണ്ട് 20 ഏക്കറോളം തരിശുഭൂമിയിലാണ് തീപടർന്നത്. കനത്ത വെയിലിലും കാറ്റിലും തീ പടർന്നുപിടിച്ചതോടെ തളിപ്പറമ്പിലെ മൂന്ന് യൂണിറ്റുകളും ഇവിടെ തീകെടുത്താനായി എത്തി. ഇതിനിടെ പുളിമ്പറമ്പിലും ആടിക്കുംപാറയിലും തീപിടിച്ചതായി വിവരം ലഭിച്ചതോടെ പയ്യന്നൂരിൽ നിന്നാണ് സേന എത്തിയത്. പൂല്ലം പെരുമ്പാറയിൽ ഏതാണ്ട് നാലരമണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടെ നടുവിൽ പുത്തൂരിൽ തീപിടിച്ചതായി വിവരം ലഭിച്ചതോടെ പെരുമ്പാറയിൽ തീയണച്ചുകൊണ്ടിരുന്ന ഒരു യൂണിറ്റിനെ അങ്ങോട്ടേക്ക് അയക്കേണ്ടിവന്നു. ഇവയൊക്കെ നിയന്ത്രണവിധേയമാക്കി എത്തിയപ്പോഴാണ് ശ്രീകണ്ഠാപുരം കാക്കണ്ണൻപാറയിൽ കശുമാവിൻതോട്ടങ്ങൾക്ക് തീപിടിച്ച വിവരമറിഞ്ഞത് ഇതോടെ രണ്ട് യൂണിറ്റ അങ്ങോട്ടേക്ക് പോയി. സന്ധ്യയോടെയാണ് ഇവിടെ തീ നിയന്ത്രിക്കാനായത്. സ്‌റ്റേഷൻ ഓഫീസർ പി.വി.അശോകന്റെ നേതൃത്വത്തിലാണ് എല്ലായിടത്തും അഗ്നിശമനസേന തീയണക്കാനെത്തിയത്.

അഗ്നിഭയത്തിൽ കണ്ണൂർ റെയിൽവേ സ്‌റ്റേഷനും
കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് റെയിൽവേ ട്രക്കിനടുത്തെ പുൽക്കാടുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. തീപിടിച്ച സ്ഥലത്തു നിന്നും വളരെ കുറച്ചുദൂരം മാമ്രേയുള്ളു പെട്രോളിയംസംഭരണശാല. ഇതാണ് നഗരവാസികളിൽ പരിഭ്രാന്തിയുണ്ടായത്. എന്നാൽ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഫയർഫോഴ്സ് പ്രതിസന്ധികളെ മറികടന്നു കൊണ്ടു അതിവേഗംതീയണയ്ക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് താവക്കര കണ്ണൂർ യൂനിവേഴ്സിറ്റി ഭാഗത്തെ ട്രാക്കിനരികിലെ പുൽക്കാടുകൾക്ക് തീപ്പിടിച്ചത്.ഇതേ തുടർന്ന് കിഴക്ക് വശത്തെ ട്രാക്കിലൂടെ കടന്ന് പോവേണ്ട ട്രെയിനുകൾ മുക്കാൽമണിക്കൂറുകളോളം നിർത്തിയിട്ടു.
കണ്ണൂരിൽ നിന്നെത്തിയ ഫയർ ആന്റ് റസ്‌ക്യൂ ടീം മൂന്നു മണിക്കൂർ ശ്രമിച്ചാണ് തീയണച്ചത്. റെയിൽവേ ട്രാക്കിനു സമീപത്തുള്ള ചിലമരങ്ങൾ പൂർണമായും കത്തിനശിച്ചു.ഫയർ ആൻഡ് റസ്‌ക്യൂ ടീമിന്റെ വലിയ വാഹനത്തിന് അപകടം നടന്ന ഭാഗത്തേക്ക് പോവാൻ കഴിയാതിരുന്നത് തീയണക്കാൻ തടസം നേരിട്ടു.തുടർന്ന് താവക്കരയിലെ കണ്ണൂർസർവകലാശാല ആസ്ഥാനത്തെ കുളത്തിൽ നിന്ന് അഗ്നിശമന സേനയുടെ ഹോസിലൂടെ വെള്ളം ചീറ്റിയാണ് തീയണച്ചത്.ട്രാക്കിനു സമീപത്തെ പഴയ കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിലെ മരപ്പലകകൾക്കും തീപ്പിടിച്ചത് മൂലം അണയ്ക്കാൻ ഏറെ സമയമെടുക്കേണ്ടി വന്നു. കടുത്ത വേനലായതിനാൽ ഉണങ്ങി നിൽക്കുന്ന മരവും പുൽക്കാടുകൾക്കും പിടിച്ച തീ ആളിപ്പടരുകയായിരുന്നു. ഫയർഫോഴ്സ്.
കണ്ണൂർ അസി. സ്റ്റേഷൻ മാസ്റ്റർ ഇ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.

തൃക്കരിപ്പൂരിൽ ഖാദി ഷോറൂം കത്തിനശിച്ചു

തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെ വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ. ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന ഖാദി വസ്ത്രങ്ങളുടെ അനുബന്ധശാലയായ ഖാദി ഇന്ത്യയിലാണ് തീപിടുത്തമുണ്ടായത്. തുണിത്തരങ്ങൾ തയ്യൽ മെഷിൻ, ഉന്നക്കിടക്കകൾ, റെഡിമെയ്ഡ് വസ്ത്രങ്ങളടക്കം എല്ലാം കത്തിനശിച്ചു. ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് സംഭവം. കടക്കകത്ത് നിന്ന് തീയും ഉയരുന്നതും കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നടക്കാവിൽ നിന്നെത്തിയ അഗ്നിശമനേ സേനയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീയണച്ചത്. തൊട്ടടുത്തുള്ള തുണിക്കടകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർ ഫോർസ് ഉദ്യോഗസ്ഥ കെ.എം. ശ്രീനാഥ്, എം. പ്രേമൻ തുടങ്ങിയ ടീമിനോടൊപ്പം ചന്തേര എസ്.ഐ. ശ്രീ ദാസ് അടങ്ങുന്ന പോലീസും സ്ഥലത്തെത്തി. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതാണ് സൂചന.

ആനക്കുഴിയിൽ വൻ തീപിടുത്തം
പേരാവൂർ മേൽമുരിങ്ങോടി ആനക്കുഴിയിലുണ്ടായ വൻ തീപടുത്തത്തിൽ ഏക്കർ കണക്കിന് കശുമാവിൻ തോട്ടവും റബ്ബർ തോട്ടവും കത്തിനശിച്ചു. പേരാവൂർ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഇന്നലെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. മേൽമുരിങ്ങോടി സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടത്തിലും, പന്ത്രവേലിൽ ജിമ്മി, പന്ത്രവേലിൽ ബാബു എന്നിവരുടെ കൃഷിടത്തിലുമാണ് തീപിടുത്തമുണ്ടായത്. മറ്റൊരു തോട്ടത്തിൽ കശുവണ്ടി ശേഖരിക്കാനെത്തിയവരാണ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടത്തിന് മുകൾ ഭാഗത്തായി തീ പടരുന്നത് കണ്ടത്.
പെട്ടെന്ന് അവർ വിവരമറിയിച്ചതിനെത്തുടർന്ന് താഴെ നിന്നും ആളുകൾ ഓടി മുകളിലെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും മൂന്നേക്കറിലധികം വരുന്ന തോട്ടത്തിന്റെ സിംഹഭാഗവും കത്തിനശിച്ചിരുന്നു. ഇതിനിടയിൽ വിവരമറിഞ്ഞ് പേരാവൂർ ഫയർഫോഴ്സും സ്ഥലത്തെത്തി.വാഹന സൗകര്യം ഇല്ലാത്ത പ്രദേശമായതിനാൽ ഫയർ ഫോഴ്സിന്റെ വാഹനത്തിന് തീപിടുത്തമുണ്ടായ മേഖലകളിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല. ഒടുവിൽ നാട്ടുകാരും, പേരാവൂർ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പല ഭാഗങ്ങളിലെയും കാടുകൾ വെട്ടിനീക്കി ഫയർലൈൻ തീർത്താണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്.

ഓടിത്തളർന്ന് ഫയർഫോഴ്സ്

വാഹനത്തിന്റെ കാലപ്പഴക്കവും തീകെടുത്താൻ ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതും അഗ്നി സുരക്ഷാ സേനയ്ക്ക് തീ അണയ്ക്കുന്നതിന് വലിയ പ്രതിസന്ധിയാവുകയാണ്. ഫയർഫോഴ്സിനെ നവീകരിച്ചെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും പലയിടങ്ങളിലും ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ലാത്ത സ്ഥിതിയാണ്. ഇന്നലെ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം തീപ്പിടുത്തമുണ്ടായപ്പോൾ അഗ്നിശമന സേന കൊണ്ടുവന്ന പൈപ്പിൽ നിന്നും ചോർന്ന് വെളളം പുറത്തേക്ക് പോകുന്നത് കാണാമായിരുന്നു.

ആറളത്ത് വൻ തീപിടിത്തം

ഇരിട്ടിയുടെ വിവിധ മേഖലകളിൽ വ്യാഴാഴ്ച ഉണ്ടായ തീപ്പിടുത്തങ്ങളിൽ കൃഷിയിടങ്ങളടക്കം ഏക്കർ കണക്കിന് കൃഷിയിടങ്ങൾ കത്തി നശിച്ചു. ആറളം ഫാമിലെ ബ്ലോക്ക് ഒൻപത് , ഉളിക്കൽ അറബിക്കുളം, കുന്നോത്ത് എന്നിവിടങ്ങളിലാണ് തീപ്പിടുത്തമുണ്ടായത്. ഉച്ചക്ക് 12 നും മൊന്നുമണിക്കും ഇടയിലായിരുന്നു തീപ്പിടുത്തം ഉണ്ടായത് . ആറളം ഫാമിൽ വായനാടുകാർക്ക് പതിച്ചു കൊടുത്ത ഭൂമിയോട് ചേർന്നാണ് തീപ്പിടുത്തം ഉണ്ടായത്. അഗ്നിശമനസേനയുടെ വാട്ടർ ടെണ്ടർ വാഹനം പോകാൻ കഴിയാത്ത സ്ഥലത്തായിരുന്നതിനാൽ ഏറെ പണിപ്പെട്ടാണ് ഇരിട്ടിയിൽ നിന്നും പേരാവൂരിൽ നിന്നുമെത്തിയ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയത്.. ഉളിക്കൽ അറബിക്കുളം മലയിലും, കുന്നോത്തും ഉണ്ടായ തീപ്പിടുത്തത്തിലും ഏക്കർ കണക്കിന് സ്ഥലത്തെ കൃഷി കത്തിനശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.