കണ്ണൂർ: സി.പി.എം 23 ാം പാർട്ടി കോൺഗ്രസിന് ആദ്യമായി കണ്ണൂർ വേദിയാകുമ്പോൾ ചരിത്രത്തിലിടം നേടിയ പിണറായി പാറപ്രം സമ്മേളനത്തെ പുനരാവിഷ്ക്കരിച്ചിരിക്കുകയാണ് ശിൽപ്പി ഉണ്ണികാനായി . പാർട്ടി കോൺഗ്രസിന്റെ അനുബന്ധപരിപാടിയായ ചരിത്രപ്രദർശനത്തിനായാണ് ഉപയോഗശൂന്യമായ പേപ്പർ ,തുണി ,മൈദ,പശ ,വൈക്കോൽ ,പുല്ല് ,കമ്പി എന്നിവ ഉപയോഗിച്ച് ചരിത്രത്തിലിടം നേടിയ സമ്മേളനത്തെ പുനരാവിഷ്കരിച്ചത്.
ഒരു മാസം സമയമെടുത്താണ് ഉണ്ണി കാനായി വീട്ടിൽ വച്ച് ശില്പങ്ങൾ തീർത്തത്. അതീവ രഹസ്യമായി ചേർന്ന യോഗത്തിൽ കൃഷ്ണപിള്ളപ്രസംഗിക്കുന്നതും തൊട്ടടുത്ത് വി.വി.കുഞ്ഞമ്പു ,സി.എച്ച്.കണാരൻ,എ.കെ.ജി ,ഇ.എം.എസ്, കെ. ദാമോരൻ ,എ.വി.കുഞ്ഞമ്പു ,കെ.പി.ഗോപാലൻ ,സുബ്രമണ്യ ഷേണായി അടക്കമുള്ള നേതാക്കൾ വേദിയിൽ ഇരിക്കുന്നതും കാണാം.
വിനേഷ് കൊയക്കിൽ ,രതീഷ് വിറകൻ,കെ.ആർ.ടിനു ,സുരേഷ് അമ്മാനപ്പാറ ,ബാലൻ പാച്ചേനി ,മിഥുൻ പാലങ്ങാട്ട് എന്നിവർ ശില്പനിർമ്മാണത്തിൽ ഉണ്ണി കാനായിയുടെ സഹായികളായി ഉണ്ടായിരുന്നു. ചരിത്ര പ്രദർശനത്തിന് കൺവീനർ പി.ജയരാജൻ ,പി.ഹരീന്ദ്രൻ ,എ.വി.രഞ്ജിത്ത്, റിഗേഷ് കൊയിലി എന്നിവർ നേതൃത്വം നൽകും.
ചരിത്രം രചിച്ച സമ്മേളനം
പാറപ്രത്ത് 1939 ഡിസംബർ അവസാനം ചേർന്ന സമ്മേളനമാണ് പിണറായി പാറപ്രം സമ്മേളനമെന്നറിയപ്പെടുന്നത്. ഈ സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള സംസ്ഥാന ഘടകം ഔപചാരികമായി രൂപീകരിക്കുന്നത്. കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ പ്രമുഖ നേതാക്കളെല്ലാം ചേർന്ന് പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് ഈ സമ്മേളനം നടന്നത്.1937 സെപ്തംബറിൽ കോഴിക്കോട്ട് പാളയത്തുള്ള ഒരു പച്ചക്കറി പീടികയുടെ മുകളിൽ വച്ച് വളരെ രഹസ്യമായി പി. കൃഷ്ണപിള്ള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ .ദാമോദരൻ, എൻ സി .ശേഖർ എന്നീ നാലുപേരടങ്ങുന്ന ഒരു ഘടകം കേന്ദ്രക്കമ്മറ്റിയിൽ നിന്നും എത്തിയ എസ്.വി.ഘാട്ടെയുടെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു. ആ കമ്മറ്റിയാണ് പിണറായി പാറപ്രം സമ്മേളനത്തിന് ചുക്കാൻ പിടിച്ചത്.
പി.കൃഷ്ണപിള്ള, കെ.ദാമോദരൻ, ഇ.എം.എസ് നമ്പൂതിരിപ്പാട്, എൻ.ഇ.ബാലറാം, പി.നാരായണൻ നായർ, കെ.കെ.വാര്യർ, എ.കെ.ഗോപാലൻ, വിഷ്ണു ഭാരതീയൻ, ഇ.പി.ഗോപാലൻ, പി.എസ്.നമ്പൂതിരി, സി.എച്ച്.കണാരൻ, കെ.എ.കേരളീയൻ, ടി.എസ്.തിരുമുമ്പ്, കെ.പി.ഗോപാലൻ, ചന്ദ്രോത്ത് കുഞ്ഞിരാമൻ നായർ, എം.കെ.കേളു, സുബ്രഹ്മണ്യ ഷേണായി, വി.വി.കുഞ്ഞമ്പു എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. കെ.പി.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.പാറപ്രത്തെ വിവേകാനന്ദ വായനശാലയ്ക് സമീപം താമസിച്ചിരുന്ന വടവതി അപ്പുക്കുട്ടി കാരണവർ എന്നയാളിന്റെ സംരക്ഷണത്തിൽ അതീവ രഹസ്യമായാണ് സമ്മേളനം നടന്നത്ത്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |