SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.56 AM IST

കഴുമരം തലകുനിച്ചു കെ.പി.ആറിന് മുന്നിൽ

kpr
കെ.പി.ആർ ഗോപാലൻ

കണ്ണൂർ: 1940 സെപ്തംബർ 15. ചുവപ്പിൽ കണ്ണൂർ ചരിത്രമെഴുതിയ ദിനം.മൊറാഴ സംഭവത്തിലെ വധശിക്ഷയോടെ കുന്നത്ത് പുതിയവീട്ടിൽ രാമപുരത്ത് ഗോപാലൻ എന്ന കെ .പി .ആർ ഗോപാലനെന്ന വിപ്ലവകാരിയെ ലോകം അറിഞ്ഞു. കെ. പി ആറിനെ ഒന്നാംപ്രതിയാക്കി 38 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസ് ഫയൽചെയ്തു. ഒളിവിൽപ്പോയ കെ.പി.ആറിന്റെ അറസ്റ്റിലേക്ക് വിവരങ്ങൾ നൽകുന്നവർക്ക് 1000 രൂപ ഇനാം പ്രഖ്യാപിച്ചു. കടുത്ത ദാരിദ്ര്യം ഉറഞ്ഞു തുള്ളിയിട്ടും ഈ പോരാളിയെ ഒറ്റുകൊടുക്കാൻ പോലും ഒരാളുണ്ടായില്ല. ആരും ഒറ്റുകൊടുത്തില്ല. കെ.പി.ആറിന്റെ രഹസ്യകേന്ദ്രം കോൺഗ്രസ്‌ ഒറ്റുകാരുടെ സഹായത്താൽ കണ്ടെത്തി.

ഒളിവിന് സഹായിച്ചവർക്ക് പ്രശ്നമുണ്ടാകാതിരിക്കാൻ കെ.പി.ആർ കീഴടങ്ങി. ഇത് ആഘോഷിക്കാൻ വെള്ളക്കാരൻ കമാൻ‌ഡന്റ് കുതിച്ചെത്തി. "ഇയാളെ എന്തേ വെടിവച്ച് കൊന്നില്ലാ'യെന്നായിരുന്നു ആക്രോശം. ‘നിങ്ങൾക്ക് കഴിയുമെങ്കിൽ എന്നെ വെടിവയ്‌ക്കൂ'വെന്ന കെ.പി.ആറിന്റെ ധീരതയ്ക്ക് മുന്നിൽ കമാൻഡന്റും പതറി.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച് ജനങ്ങൾ തൂക്കുമരത്തിൽനിന്ന് ഇറക്കിക്കൊണ്ടുവന്ന കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും വിപ്ലവതേജസും ആവേശവുമാണ് കെ.പി.ആർ . ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ പ്രസരിപ്പിച്ച വിപ്ലവജ്വാല നാടിന്റെ വിമോചന സമരങ്ങൾക്ക് ചൂടും ചൂരും നൽകി.
കൊലക്കയറിനെ തട്ടിമാറ്റിയ കെ.പി. ആർ ഗാന്ധിജിക്ക് യുവമനസ്സുകളെ ഇളക്കി മറിച്ച ഗോപാലൻ നമ്പ്യാരും പി .കൃഷ്ണപിള്ളയ്ക്ക് പ്രിയങ്കരനായ ബോൾഷെവിക്കുമാണ്. ദേശീയ പ്രസ്ഥാനത്തിന്റെ വിത്തുകൾ മുളപൊട്ടിയ കല്യാശേരിയിലാണ് ജനനം. കല്യാശേരി ഹയർ എലിമെന്ററി സ്കൂളിലെ പഠനം, ഗാന്ധിജിയുടെ മലബാർ സന്ദർശനം, പയ്യന്നൂർ, ബക്കളം കോൺഗ്രസ് സമ്മേളനങ്ങൾ, പട്ടിണി ജാഥ, കമ്യൂണിസ്റ്റ് പാർടിയുടെ പിണറായി പാറപ്രം സമ്മേളനം, മൊറാഴ സംഭവം തുടങ്ങി എണ്ണമറ്റ പോരാട്ടങ്ങളിലൂടെ കെ പി ആർ വിപ്ലവജ്വാലയായി.

കൈയ്ക്കും കാലിനും വിലങ്ങിട്ട്

കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് തലശേരി കോടതിയിലേക്ക് കെ.പി.ആറിനെ കൊണ്ടുപോയത് കൈകൾക്കും കാലിനും വിലങ്ങിട്ടായിരുന്നു. അരയ്ക്ക് ചങ്ങല. ചങ്ങല പിടിച്ച് കമാൻഡന്റ്. ആയുധധാരികളായ പൊലീസ് അകമ്പടി. വഴിനീളെ പൊലീസ് പാറാവ്. 41 ദിവസം വിചാരണ നീണ്ടു. സെഷൻസ് ജഡ്ജി എം.രങ്കനാഥ ആചാര്യ വിധി പ്രഖ്യാപിച്ചു. 34 പ്രതികളിൽ 20 പേരെ കുറ്റവിമുക്തരാക്കി. കെ.പി .ആറിന് ഏഴു വർഷം ജയിൽശിക്ഷ. എസ്.ഐ.കുട്ടികൃഷ്ണമേനോനും ഹെഡ്കോൺസ്റ്റബിളും കൊല്ലപ്പെട്ടത് ആസൂത്രിതമായിരുന്നില്ലെന്നായിരുന്നു വിധിയുടെ അന്തഃസത്ത.

അധികാരികൾക്ക് ഈ വിധി ദഹിച്ചില്ല. 1942 ഫെബ്രുവരി 24ന് കെ.പി.ആറിന് കൊലക്കയറുമായി ഹൈക്കോടതി വിധിയെത്തി. കേരളം ഇളകിമറിഞ്ഞു. രാജ്യമാകെ അത്‌ അലയടിച്ചു. പൊതുജനാഭിപ്രായം കൊടുങ്കാറ്റായി. ഹരിജനിൽ ഗാന്ധിജി എഴുതി ‘ഇത് ബോധപൂർവമായ കൊലപാതകമല്ല. ഒരു യുവാവിനെ കൊലമരത്തിലേക്ക് അയക്കുന്നത് പ്രഹസനമാണ്‌’. തൂക്കിലിടാൻ അനുവദിക്കില്ലെന്ന് നെഹ്റുവും പ്രതികരിച്ചു. ആ മുദ്രാവാക്യത്തിന്റെ അലയൊലികൾ ബ്രിട്ടീഷ് പാർലമെന്റിലുമെത്തി. ഒടുവിൽ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.