SignIn
Kerala Kaumudi Online
Saturday, 20 April 2024 1.41 AM IST

കയ്യൂരും മൊറാഴയും കനൽമുദ്ര‌യായ ഒന്നാം പാർട്ടി കോൺഗ്രസ്

kayyoor
കയ്യൂർ സമരം

കണ്ണൂർ: രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. ശക്തമായ പോരാട്ടങ്ങളുടെ വേലിയേറ്റങ്ങൾക്കിടെയാണ്‌ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ആദ്യ പാർട്ടി കോൺഗ്രസ്‌ 1943 മേയ്‌ 23 മുതൽ ജൂൺ ഒന്നുവരെ മുംബൈയിൽ നടന്നത്‌. ഇതു മാത്രമല്ല, ഈ സമ്മേളനത്തിന്റെ സവിശേഷത. വടക്കൻ ജില്ലയായ കണ്ണൂരിലെ കയ്യൂരും മൊറാഴയും ഈ സമ്മേളനത്തിൽ പ്രധാന ചർച്ചയായെന്നാണ് ആദ്യ പാർട്ടി കോൺഗ്രസ്സിന്റെ വ്യത്യസ്തത.

കയ്യൂർ രക്തസാക്ഷി പ്രമേയം മലബാറിലെ സമര നായകൻ കെ. പി .ആർ ഗോപാലനാണ് അവതരിപ്പിച്ചത്. തൂക്കുകയർ വരിഞ്ഞുമുറുകി കണ്ഠനാളമിടറുമ്പോഴും ജന്മി–നാടുവാഴിത്തത്തെയും സാമ്രാജ്യത്വത്തെയും വിറപ്പിച്ച് ഇൻക്വിലാബ് വിളിച്ച രണധീരർ. മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ... കയ്യൂർ സഖാക്കൾ.... എന്ന രീതിയിലായിരുന്നു പ്രമേയം.

രക്തസാക്ഷി പൊടോര കുഞ്ഞമ്പുനായരുടെ സഹോദരനും കയ്യൂർ സെൽ സെക്രട്ടറിയുമായ കേളുനായർ രക്തസാക്ഷികളെ അനുസ്‌മരിച്ചു. ബിശ്വനാഥ് മുഖർജി ജയിൽശിക്ഷ അനുഭവിക്കുന്ന സഖാക്കളെപ്പറ്റി പ്രമേയം അവതരിപ്പിച്ചു. മലബാർ കർഷക സമരത്തിലെ മറ്റു ധീരരായ പോരാളികളെക്കുറിച്ചും മട്ടന്നൂരിലെയും കയ്യൂരിലെയും മൊറാഴയിലെയും സഖാക്കളെപ്പറ്റിയും സമ്മേളനത്തിൽ പരാമർശിക്കപ്പെട്ടു.

മുംബെ കാംഗർ മൈതാനത്തിനടുത്തുള്ള ആർ. എം ഭട്ട് സ്കൂൾ ഹാളിൽ നടന്ന പാർടി കോൺഗ്രസിൽ 139 പ്രതിനിധികൾ പങ്കെടുത്തു. 1920 ഒക്ടോബർ 17ന്‌ താഷ്‌കെന്റിൽ പാർട്ടി രൂപീകരിച്ച്‌ 23 വർഷത്തിനുശേഷമാണ്‌ വിവിധ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പുകളെ ഒരുമിച്ച്‌ ചേർത്ത്‌ ആദ്യ പാർട്ടി കോൺഗ്രസ്‌ സംഘടിപ്പിക്കാനായത്‌. ക്വിറ്റ് ഇന്ത്യ സമരത്തിനുശേഷവും രണ്ടാം ലോകയുദ്ധത്തിന്റെ സാഹചര്യത്തിലുമായിരുന്നു കോൺഗ്രസ്‌. ഒരുവശത്ത് സോവിയറ്റ് യൂണിയനും ചൈനയും അടക്കമുള്ള ഫാസിസ്റ്റ് വിരുദ്ധ സഖ്യത്തോടുള്ള അനുഭാവവും മറുവശത്ത് ഇന്ത്യക്ക്‌ ദേശീയസ്വാതന്ത്ര്യം നിഷേധിക്കുന്ന ബ്രിട്ടീഷ് ഭരണാധികാരികളോടുള്ള രോഷവുമായിരുന്നു. ഇവ രണ്ടിനോടും എങ്ങനെ പൊരുത്തപ്പെടുമെന്ന പ്രശ്നം പാർട്ടിക്കകത്ത്‌ ഉയർന്നുവന്നിരുന്നു. ഉൾപ്പാർട്ടി ജനാധിപത്യത്തിന്റേതായ ഔപചാരികത്വം പാർട്ടി കോൺഗ്രസിൽ ചർച്ചയായി.

പി.സി. ജോഷിയുടെ രാഷ്ട്രീയ പ്രമേയം

പി.സി ജോഷി അവതരിപ്പിച്ച രാഷ്ട്രീയപ്രമേയം ഒമ്പതു മണിക്കൂർ നീണ്ടുനിന്നു. ജപ്പാന്റെ കടന്നാക്രമണവും രാജ്യത്തെ ആഭ്യന്തരപ്രശ്നങ്ങളും വലിയ വിപത്താണെന്ന്‌ റിപ്പോർട്ടിനകത്ത് എടുത്തുപറഞ്ഞു. ജനകീയയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളി വർഗത്തിന്റെ കടമകളും ദേശീയ പ്രതിരോധവും സംബന്ധിച്ച റിപ്പോർട്ട്‌ പൊളിറ്റ്ബ്യൂറോ അംഗം ബി.ടി.രണദിവെ അവതരിപ്പിച്ചു.

പ്രവിശ്യാ സെക്രട്ടറിമാർ പ്രവർത്തനവും അനുഭവങ്ങളും വിശദീകരിക്കുന്ന പ്രത്യേക റിപ്പോർട്ടും അവതരിപ്പിച്ചു. ഭക്ഷ്യവിഷയത്തിൽ എസ് ജി സർദേശായും കൂടുതൽ ഭക്ഷ്യധാന്യം ഉൽപ്പാദിപ്പിക്കുന്ന വിഷയത്തിൽ ഇ.എം.എസും വിദ്യാർഥികളെ സംബന്ധിച്ച് അരുൺ ബോസും റിപ്പോർട്ട്‌ അവതരിപ്പിച്ചു. വനിതാ മേഖലയെക്കുറിച്ചും ബാലസംഘത്തെക്കുറിച്ചും റിപ്പോർട്ടുകളുണ്ടായിരുന്നു. പാർടിയുടെ പുതിയ നിയമാവലി ജി അധികാരി അവതരിപ്പിച്ചു. റെഡ് ആർമിക്കും ഡച്ച്‌ സേനയ്ക്കും അഭിവാദ്യമർപ്പിച്ചു. ഇന്ത്യൻ സൈന്യത്തിനും നാവികസേനയ്ക്കും അഭിവാദ്യമർപ്പിച്ചുള്ള പ്രമേയം സോംനാഥ്‌ ലാഹിരിയും കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ പിരിച്ചുവിട്ടതിനെക്കുറിച്ചുള്ള പ്രമേയം ബി.ടി. രണദിവെയും അവതരിപ്പിച്ചു.

അംഗസംഖ്യ 200ൽനിന്ന്‌ 15000

1934ൽ ബ്രിട്ടീഷ് ഭരണകൂടം കമ്യൂണിസ്റ്റ്‌ പാർട്ടിയെ നിരോധിക്കുമ്പോൾ 200 അംഗങ്ങളാണ് ഉണ്ടായിരുന്നത്. 1942 ജൂലായിലാണ് വിലക്ക്‌ നീക്കുന്നത്‌. ഒന്നാം പാർട്ടി കോൺഗ്രസ്‌ നടക്കുമ്പോൾ അംഗത്വം 15,000 കടന്നിരുന്നു. നിരോധനം നീക്കിയെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെയുള്ള അടിച്ചമർത്തലുകൾക്ക് കുറവുണ്ടായിരുന്നില്ല. കോൺഗ്രസ്‌ നടക്കുമ്പോൾ എഴുന്നൂറിലധികം പാർട്ടി അംഗങ്ങൾ തടവിലായിരുന്നു. അതിൽ 105 പേർ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.