SignIn
Kerala Kaumudi Online
Thursday, 25 April 2024 12.00 PM IST

മുങ്ങി മരണങ്ങൾ തുടർക്കഥ നീന്തൽ പരിശീലനത്തോട് സ്കൂളുകൾ മുഖം തിരിക്കല്ലെ...

drown
മുങ്ങി മരണങ്ങൾ

കണ്ണൂർ: മുങ്ങിമരണങ്ങൾ തുടർക്കഥയാകുമ്പോഴും നീന്തൽ പരിശീലനത്തോട് മുഖംതിരിച്ച് സ്കൂളുകൾ. നിലവിൽ വിരലിലെണ്ണാവുന്ന സ്കൂളുകൾ മാത്രമാണ് നീന്തൽ പരിശീലനം നൽകുന്നത്. ഏറ്റവും ഒടുവിൽ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് ട്യൂഷൻ കഴിഞ്ഞ് മടങ്ങിവരും വഴി കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 16 കാരൻ മരണപ്പെട്ടത്. എടച്ചേരി സ്വദേശി ലിനോ ജോസഫ് ആണ് മരണപ്പെട്ടത്. സ്കൂൾ അവധികാലത്ത് നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഇത്തരം മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ സ്കൂളുകളിൽ നീന്തൽ പഠനം കർശ്ശനമാക്കണമെന്ന ആവശ്യമാണ് പരക്കെ ഉയരുന്നത്.

നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്കൂളുകൾ വേണ്ട ഗൗരവം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം. നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും നടപടിയെടുക്കണമെന്ന് ബാലാവകാശ കമ്മിഷന്റെ ഉത്തരവും നിലവിലുണ്ട്.

ക്ഷേത്രക്കുളങ്ങളിലും മറ്ര് ജലാശയങ്ങളിലും കുട്ടികൾ ഇറങ്ങുന്നത് നിയന്ത്രിക്കുന്നതിന് മതിയായ സംവിധാനമില്ലാത്തതും വെല്ലുവിളിയാണ്. പലപ്പോഴും ജലാശയങ്ങളുടെ സ്വഭാവമറിയാതെയുള്ള പലരുടെയും എടുത്തുച്ചാട്ടങ്ങളാണ് വലിയ അപകടങ്ങളിലേക്കെത്തിക്കുന്നതെന്ന് വിദഗ്ദ്ധ പരിശീലകരും പറയുന്നു.

കഴി‌ഞ്ഞ വർഷം മരിച്ചത് 300 കുട്ടികൾ

അഗ്നിശമന സേനയുടെ കണക്ക് പ്രകാരം ജില്ലയിൽ കഴിഞ്ഞ വർഷം മുങ്ങിമരിച്ചവരുടെ എണ്ണം 300 ആണ്. വിദ്യാർത്ഥികളും 30 വയസ്സിൽ താഴെയുള്ളവരുമാണ് മുങ്ങിമരിച്ചവരിലേറെയും. ഇരിട്ടി, പേരാവൂർ മേഖലകളിലാണ് മുങ്ങിമരണങ്ങൾ കൂടുതൽ. ഈ വർഷം കണ്ണൂർ അഗ്നിശമന സേനാപരിധിയിൽ ആറ് മുങ്ങി മരണങ്ങളാണുണ്ടായത് .ഇതിൽ കുളത്തിൽ മുങ്ങി മരിച്ച രണ്ടു പേരും വിദ്യാർത്ഥികളാണ്. ഇരിട്ടിയിൽ മുങ്ങിമരിച്ച രണ്ടു പേർ മുതിർന്നവരാണ്.

ശ്രദ്ധിക്കണം

ജലസുരക്ഷയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കി നീന്തൽ പരിശീലനം ഉറപ്പാക്കുക

നന്നായി പരിശീലനം നേടിയവരിൽ നിന്ന് മാത്രം നീന്തൽ പഠിക്കുക.

മുതിർന്നവരില്ലാതെ കുട്ടികളെ വെള്ളത്തിൽ നീന്താനോ, കുളിക്കാനോ, കളിക്കാനോ പോകാൻ അനുവദിക്കരുത്.

പരിചിതമല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ നാട്ടുകാരുടെ മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക.

നേരം ഇരുട്ടിയ ശേഷവും ഒ​റ്റപ്പെട്ട സ്ഥലങ്ങളിലും വെള്ളത്തിൽ ഇറങ്ങരുത്

മദ്യലഹരിയിൽ ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്

സ്കൂളുകളിൽ നീന്തൽ പരിശീലനം കർശ്ശനമാക്കണം. അഞ്ച് മിനിറ്റ് വെള്ളത്തിൽ പിടിച്ചുനിൽക്കാൻ കഴിയും വിധം ചുരുങ്ങിയത് 20 മീറ്റർ എങ്കിലും നീന്താൻ പ്രാപ്തരാക്കുന്ന പ്രാഥമിക പരിശീലനമെങ്കിലും കുട്ടികൾക്ക് നൽകണം.വിദഗ്ദ്ധ പരിശീലകരെ കൊണ്ട് മാത്രം പരിശീലനം നൽകണം. വെള്ളത്തിൽ ഇറങ്ങുന്നത് ജലാശയത്തെ മനസ്സിലാക്കി വേണം.എല്ലാ സമയവും ഒരു പോലെയല്ല ജലാശയങ്ങൾ. കാലാവസ്ഥയ്ക്കനുസരിച്ച് ഒഴുക്കിലും വെള്ളത്തിന്റെ തോതിലുമെല്ലാം വ്യത്യാസം സംഭവിക്കാം.

ചാൾസൺ ഏഴിമല, നീന്തൽ പരിശീലകൻ, കണ്ണൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, SWIMMING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.