കണ്ണൂർ: കണ്ണൂരിന്റെ വിനോദസഞ്ചാരമേഖലക്ക് പുതിയ അനുഭവങ്ങൾ പകരാൻ കണ്ണൂരിൽ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ 11 കി.മീ നീളത്തിലാണ് കയാക്കത്തോൺ സംഘടിപ്പിക്കുന്നത്.
സിംഗിൾ കയാക്കിംഗ്, ഡബിൾ കയാക്കിംഗ്, എന്നീ വിഭാഗങ്ങളിലാണ് മത്സരം. സിംഗിൾ കയാക്കുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മത്സരം ഉണ്ടാകും. ഡബിൾ കയാക്കുകളിൽ പുരുഷന്മാർ, സ്ത്രീകൾ എന്നീ വിഭാഗത്തിലും പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന മിക്സഡ് വിഭാഗത്തിലും പ്രത്യേകം മത്സരം ഉണ്ടാകും. ഒന്നാമതെത്തുന്ന ടീമിന് 50,000 രൂപയും രണ്ടാമതെത്തുന്ന ടീമിന് 30,000 രൂപയും സമ്മാനമായി ലഭിക്കും. വ്യക്തിഗത മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് 25000രൂപയും രണ്ടാം സ്ഥാനത്തിന് 15000 രൂപയുമാണ് സമ്മാനത്തുക.
അറിയാം ഗ്രാമസൗന്ദര്യം, കണ്ടൽ സമൃദ്ധിയും
ഗ്രാമസൗന്ദര്യം ആസ്വദിക്കാനും കണ്ടൽ സമൃദ്ധി കണ്ടറിയാനും കയാക്കിംഗിലൂടെ സാധിക്കും. വളപട്ടണം റയിൽവേ പാലത്തിനു കീഴിലൂടെയുള്ള യാത്ര, ചെറുതോണികളിലൂടെയുള്ള മീൻ പിടുത്തം, തുരുത്തുകൾ തുടങ്ങി വ്യത്യസ്തമായ കാഴ്ചാനുഭവങ്ങളാണ് കയാക്കത്തോൺ സമ്മാനിക്കുന്നത്. കേരളത്തിന് പുറമെ കർണാടക, തമിഴ്നാട്,ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള
താരങ്ങളും ചാമ്പ്യൻഷിപ്പിന്റെ ഭാഗമാകും.
മത്സരാർത്ഥികളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി കോസ്റ്റൽ പൊലീസ്, വിവിധ കരകളിൽ ആംബുലൻസ് സൗകര്യം, ബോട്ടുകളിൽ മെഡിക്കൽ സംഘം, കുടിവെള്ളം, ഫയർ ഫോഴ്സിന്റെ സ്ക്യൂബാ ടീം, ആവശ്യമായ കുടിവെള്ളം, റിഫ്രഷ്മെന്റുകൾ എന്നിവയും ഉറപ്പാക്കും.
ജനപ്രതിനിധികളുടെയും ഡിടിപിസി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കയാക്കത്തോണിന്റെ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. കെ.വി.സുമേഷ് എം.എൽ.എ ചെയർമാനും ജില്ലാ കളക്ടർ എസ് .ചന്ദ്രശേഖർ ജനറൽ കൺവീനറുമായ സംഘാടകസമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ടൂറിസം കലണ്ടറിന്റെ ഭാഗമായി എല്ലാ മാസവും പുതുമയാർന്ന കലാകായികവിനോദ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കും. മേയ് ആദ്യവാരം ദേശീയ ചൂണ്ടയിടൽ മത്സരം കോട്ടക്കീൽ പുഴയോരത്ത് നടത്തും.
ഫ്ളാഗ് ഓഫ് 24ന്
24ന് രാവിലെ ഏഴ് മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ കയാക്കത്തോൺ ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് കെ.വി. സുമേഷ് എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പി.ആർ.ഡി ചേമ്പറിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ.ജിജേഷ് കുമാർ എന്നിവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |