SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.52 AM IST

അരനൂറ്റാണ്ട് പിന്നിട്ട് ആദ്യ നാർക്കോ അനാലിസിസ്; നക്സലൈറ്റ് പി.ടി.തോമസ് ഇവിടെയുണ്ട്

thomas

കണ്ണൂർ : രാജ്യത്തെ ആദ്യ നാർക്കോ അനാലിസിസിന് അരനൂറ്റാണ്ട് തികയുന്നു. ട്രൂത്ത് സിറം എന്ന പേരിൽ അറിയപ്പെട്ട ഏറെക്കുറെ പ്രാകൃതമെന്ന് ആരും സമ്മതിക്കുന്ന കുത്തിവെപ്പിന് വിധേയനായ പി.ടി. തോമസ് എഴുപത്തിയഞ്ചാം വയസിൽ ശാരീരിക അവശതകളോടെ കാർത്തികപുരത്ത് ഇപ്പോഴുമുണ്ട്.

1971 മാർച്ച് 10. തിരുവനന്തപുരം പട്ടക്കുഴിയിലെ പൊലീസ് ക്യാമ്പ്. മുരളീകൃഷ്ണദാസ്, ലക്ഷ്മണ,ഷണ്മുഖദാസ്, അലക്സാണ്ടർ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം എസ്.പി ജയറാം പടിക്കൽ പൊലീസ് ക്യാമ്പിലെത്തുന്നു. കൂടെ പെട്ടിയും തൂക്കി ഒരു ഡോക്ടറാണെന്ന് തോന്നിപ്പിക്കുന്ന മദ്ധ്യവയസ്കനും. തമിഴ്നാട് കന്യാകുമാരിയിലെ ഡോക്ടറാണെന്ന് പിന്നീടറിഞ്ഞു. തറയിൽകിടത്തിയാണ് കുത്തിവെപ്പ് നൽകിയത്. ആദ്യമായാണ് ഒരു കേസിൽ ഈ പരീക്ഷണം നടത്തിയതെന്ന് അന്ന് അവിടെയുണ്ടായിരുന്ന പൊലീസുകാർ പറയുന്നതിൽ നിന്നും അറിഞ്ഞു.
ട്രൂത്ത് സിറത്തിലൂടെ അവർ ഉദ്ദേശിച്ചതു കിട്ടിയോ എന്ന് തോമസിന് ഇന്നും അറിയില്ല. ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല. സോഡിയം പെന്റാതോൾ എന്ന രാസവസ്തുവാണ് തനിക്ക് കുത്തിവച്ചതെന്ന് പിന്നീട് മനസിലായെന്നും തോമസ് പറയുന്നു.

അടിയന്തരാവസ്ഥയ്ക്ക് നാലുവർഷം മുമ്പ് നക്സലൈറ്റ് ഗൂഢാലോചനക്കേസിലാണ് പി.ടിയെ പിടികൂടിയത്.1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിറകെ തിരുവനന്തപുരം ഏജീസ് ഓഫീസ് ജീവനക്കാരനായിരുന്ന തോമസിനെ രാഷ്ട്രപതി വി.വി.ഗിരിയുടെ പ്രത്യേക ഉത്തരവ് വഴി പിരിച്ചുവിട്ടു. ഇരുപത്തിയഞ്ചാംവയസിൽ 1971 മുതൽ 76 വരെ ജയിലിൽ. . അഞ്ചുവർഷത്തെ ജയിൽവാസത്തിനിടെ കുപ്രസിദ്ധമായ ഉരുട്ടൽ അടക്കം ഏറ്റുവാങ്ങി.

" ഏജീസ് ഓഫീസ് യൂണിറ്റിന്റെ സമരത്തിന് പിന്നിലെ നക്‌സലൈറ്റ് സാധീനമുണ്ടെന്ന വിശ്വാസത്തിലായിരുന്നു അന്ന് പൊലീസ് "- മർദ്ദനത്തിന്റ ഓർമ്മ പുതുക്കുന്ന ചുമയുടെ അകമ്പടിയോടെ പി.ടി. തോമസ് പറഞ്ഞു.ജയിൽ മോചിതനായ ശേഷം യാത്രയ്ക്കൊപ്പം സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തനവും.തോട്ടങ്ങളിലും ആദിവാസി മേഖലകളിലും പല സമരത്തിലും പങ്കെടുത്തു. തളിപ്പറമ്പിൽ പാരലൽ കോളേജ് അദ്ധ്യാപകനായി . പ്രമുഖ പ്രസാധകർക്ക് വേണ്ടി ഇംഗ്ളീഷിൽ നിന്നു വിവർത്തനവും മറ്റും നടത്തി കഴിയുകയാണ് പി.ടി.തോമസ് ഇപ്പോൾ. ഭാര്യ ശാന്തയും മകൾ രാധയും അടങ്ങിയതാണ് പഴയ വിപ്ളവകാരിയുടെ കുടുംബം.

എന്താണ് നാർക്കോ അനാലിസിസ്

ഇന്ദ്രിയങ്ങളെ മന്ദീഭവിപ്പിച്ച് വേദനയില്ലാതെ ഉറക്കത്തിനും മയക്കത്തിനുമിടയിലുള്ള ഒരവസ്ഥയിലേക്ക് മനുഷ്യനെ എത്തിക്കാൻ കഴിവുള്ളവയാണ് നാർക്കോട്ടിക്കുകൾ. ഇത്തരം നാർക്കോട്ടിക്കുകളാണ് പലപ്പോഴും ട്രൂത്ത് സിറങ്ങളായി ഉപയോഗിക്കുന്നത്. ചോദ്യങ്ങൾക്കെല്ലാം ആത്മനിയന്ത്രണമില്ലാതെ ഉത്തരം നൽകത്തക്ക രീതിയിൽ വ്യക്തികളുടെ തലച്ചോറിൽ രാസമാറ്റമുണ്ടാക്കാൻ ട്രൂത്ത് സിറം എന്നറിയപ്പെടുന്ന മരുന്നുകൾക്ക് കഴിയുന്നു.എന്നാൽ അവർ പറയുന്ന കാര്യങ്ങൾ പൂർണായും സത്യമാണെന്ന് ഉറപ്പിക്കാൻ കഴിയുകയില്ല.1943ൽ സ്റ്റീഫൻ ഹോഴ്‌സിലി പ്രസിദ്ധീകരിച്ച 'നാർകോ അനാലിസിസ് എ ന്യൂ ടെക്‌നിക് ഇൻ ഷോർട്ട് കട്ട് സൈക്കോതെറാപ്പി' എന്ന പുസ്തകത്തിലാണ് മനശാസ്ത്ര ചികിത്സാരീതിയെന്ന് വിശേഷിപ്പിച്ച് നാർകോ പരിശോധനയെക്കുറിച്ച് ആദ്യമായി പ്രതിപാദിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.