കണ്ണൂർ: വിൽപനക്കായി ബൈക്കിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവും രണ്ടുഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. പരിയാരം കടന്നപ്പള്ളി ചന്തപ്പുരയിലെ സാജിദ് ഷഹ്ദിയാസിനെയാണ് (26) ടൗൺ സി.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂർ ജെ.എസ് പോൾ ജംഗ്ഷനിൽ രാജീവ് ഗാന്ധി റോഡിൽ ഇന്നലെ രാവിലെ നടന്ന വാഹന പരിശോധനക്കിടെയാണ് സാജിദ് പിടിയിലാവുന്നത്. വിൽപനയ്ക്കായി കൊണ്ടുപോകുന്ന നിലയിലാണ് കഞ്ചാവും എം.ഡി.എം.എയും കണ്ടെത്തിയത്. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ താമസിക്കുന്ന സമീപത്തെ കെട്ടിടത്തിലെ മുറിയിലും കഞ്ചാവ് ഇലകളും കഞ്ചാവ് പൂക്കളും ചില്ലറ വില്പനക്കായി ഉപയോഗിക്കുന്ന തൂക്കുന്ന മെഷീനും കണ്ടെത്തി. എസ്.ഐ അരുൺ നാരായണൻ, പൊലീസ് ഉദ്യോഗസ്ഥരായ രാജേഷ്, അബ്ദുൽ നാസർ, മനീഷ് എന്നിവരാണ് പരിശോധന നടത്തിയത്. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |