മട്ടന്നൂർ: നഗരസഭ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു മുന്നോടിയായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ ചേർന്നു. സമാധാന പൂർണമായി തിരഞ്ഞെടുപ്പ് നടന്നത് പോലെ വിജയാഹ്ലാദവും അനിഷ്ട സംഭവങ്ങളില്ലാതെ നടത്തുന്നതിന്റെ ഭാഗമായാണ് കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപൊയിലിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്.
6 മണിക്കുള്ളിൽ ആഘോഷ പരിപാടികൾ അവസാനിപ്പിക്കണം, പരാജയപ്പെട്ട സ്ഥാനാർഥികളുടെയോ നേതാക്കളുടെയോ വീടുകൾക്ക് മുന്നിൽ നിന്ന് വിഷമമുണ്ടാക്കുന്ന രീതിയിൽ ആഹ്ലാദ പ്രകടനമോ പടക്കം പൊട്ടിക്കാലോ പാടില്ല, വ്യക്തിപരമായും പ്രകോപനപരമായും മുദ്രാവാക്യങ്ങൾ വിളിക്കാൻ പാടില്ല, എല്ലാ ഇടങ്ങളിലും സംഘർഷം ഒഴിവാക്കാൻ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കൽ, പ്രകടനം നടത്തുന്നവർ പൊലീസിനെ അറിയിക്കണം തുടങ്ങിയ കാര്യത്തിൽ യോഗത്തിൽ തീരുമാനമായി.
എൽ.ഡി.എഫിന് ബസ് സ്റ്റാൻഡിലും യു.ഡി.എഫിന് പ്രകാശ് ജംഗ്ഷനിലും ബി.ജെ.പിക്ക് ലിങ്ക് മാൾ പരിസരത്തും കേന്ദ്രീകരിച്ച് ആഹ്ലാദ പ്രകടനം നടത്താം. പൊലീസ് ആവശ്യപ്പെടുന്ന സമയത്ത് എല്ലാവരും പരിപാടികൾ അവസാനിപ്പിക്കണം. ജനങ്ങൾക്കോ വാഹനഗതാഗതത്തിനോ തടസം വരുന്ന രീതിയിൽ ആഹ്ലാദം അതിരുവിടാൻ പാടില്ല. തുറന്ന വാഹനത്തിലുള്ളതും വലിയ ബോക്സ് വച്ചുള്ളതുമായ ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കാനും തീരുമാനമായി.
സംഘർഷ സാധ്യത ഒഴിവാക്കാൻ പൊലീസ് നഗരസഭാ പരിധിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. യോഗത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എം. കൃഷ്ണൻ, എസ്.ഐ കെ.വി. ഉമേശൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |