SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.40 PM IST

മലിനജലം ഒലിച്ചിറങ്ങുന്നു മൂക്കുംപൊത്തി യാത്രക്കാർ

oldbuststand

കണ്ണൂർ: ഒറ്റനോട്ടത്തിൽ ഭാർഗവി നിലയത്തെ ഓർമ്മിപ്പിക്കും കണ്ണൂർ പഴയബസ് സ്റ്റാൻഡ് കെട്ടിടം. മിക്ക ഭാഗത്തും മലിനജലവും തളം കെട്ടിയതിനാൽ ഇവിടെ നിൽക്കുന്നവർ ശ്വാസം മുട്ടിയാണ് നിൽക്കുന്നത്. മുകൾ നിലയിലെ ലോഡ്ജിലേയും മറ്റ് മുറികളിലെയും ശൗച്യാലയങ്ങളിൽ നിന്ന് ഒലിച്ചിറങ്ങുന്ന മലിനജലമാണ് ആയിരക്കണക്കിന് യാത്രക്കാരും നിരവധി വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിന്റെ പരിസരം ദുർഗന്ധപൂരിതമാക്കുന്നത്.

പൊട്ടിനിൽക്കുന്ന പൈപ്പുകളിൽ നിന്ന് തൂണിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം മുന്നിൽ തളംകെട്ടി നിൽക്കുകയാണ്. പയ്യന്നൂർ, കാസർകോട് ഭാഗങ്ങളിലേക്ക് പോകേണ്ട ബസ് യാത്രക്കാർ നിൽക്കുന്ന ഭാഗമാണ് ഏറ്റവും വൃത്തിഹീനം. ഈച്ചയാർക്കുന്നതിനാൽ നിൽക്കാൻ കഴിയില്ലെന്ന് യാത്രക്കാർ പറയുന്നു. അതീവ ശോചനീയാവസ്ഥയിലുള്ള ബസ് സ്റ്റാൻഡിന്റെ സീലിംഗ് പലയിടത്തും പൊട്ടിനിൽക്കുകയാണ്. മിക്കപ്പോഴും ഇത് അടർന്നുവീഴുന്നതും അപകടത്തിനിടയാക്കുന്നു. കെട്ടിട സമുച്ചയം തകരുമ്പോഴും കോർപറേഷൻ കൈക്കെട്ടി നിൽക്കുകയാണെന്ന ആരോപണം ശക്തമാണ്.

സാങ്കേതിക കുരുക്കുണ്ട്

ഇവിടെ പഴയ കെട്ടിടം പൊളിച്ചുമാറ്റി വൻഷോപ്പിംഗ് കോംപ്ളക്സ് പണിയാൻ കഴിഞ്ഞ ബഡ്ജറ്റിൽ കോടികൾ വകയിരുത്തിയെങ്കിലും നഗരസഭാ കാര്യാലയത്തിനായി പുതിയ കെട്ടിടസമുച്ചയം പണിയുന്നതിനാൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ നിർമാണത്തിന്റെ പ്രാരംഭ നടപടികൾ പോലും തുടങ്ങിയിട്ടില്ല. മാത്രമല്ല താവക്കരയിൽ ബി.ഒ.ടി ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നതിനാൽ പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തിന് സാങ്കേതിക കുരുക്കുമുണ്ട്. എൺപതുശതമാനം കച്ചവടക്കാരും പഴയബസ് സ്റ്റാൻഡിൽ നിന്നും ഒഴിഞ്ഞു പോയിട്ടുണ്ട്. എന്നാൽ ഇത്രയും വൃത്തികെട്ട സാഹചര്യത്തിലും ഇവിടെ ചായക്കടകളും ശീതളപാനീയകടകളും പ്രവർത്തിക്കുന്നുണ്ട്.

ഭയക്കണം രാത്രികാലത്ത്

നിത്യേനെ നൂറുകണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന പഴയബസ് സ്റ്റാൻഡിൽ രാത്രിയായാൽ സാമൂഹ്യവിരുദ്ധരുടെയും കഞ്ചാവ്, മയക്കുമരുന്ന് മാഫിയയുടെയും അഴിഞ്ഞാട്ടമാണ്. ഇവിടെ യാത്രക്കാരുടെ സുരക്ഷയ്ക്കായി പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്ക ദിവസങ്ങളിലും ഒഴിഞ്ഞുകിടപ്പാണ്. രാത്രി ഏറെ വൈകിയും പഴയ ബസ് സ്റ്റാൻഡിൽ ദീർഘദൂരബസുകൾ ഉൾപ്പെടെ എത്തിച്ചേരുന്നുണ്ട്. എന്നാൽ വെളിച്ചമില്ലാത്ത അരണ്ടമൂലകളിൽ അരക്ഷിതാവസ്ഥയോടെ ബസ് കാത്തു നിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.

കണ്ണൂർ നഗരത്തിന് അപമാനമായ പഴയബസ് സ്റ്റാൻഡ് എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റാൻ കോർപറേഷൻ അധികൃതർ തയ്യാറാകണം.ദുർഗന്ധം സഹിച്ചാണ് സ്ത്രീകളുംകുട്ടികളുമടക്കം ഇവിടെ ബസ് കാത്തുനിൽക്കുന്നത്. യാതൊരു സുരക്ഷയുമില്ലാതെ സാമൂഹ്യദ്രോഹികളുടെ അക്രമവും യാത്രക്കാർ നേരിടേണ്ട അവസ്ഥയാണ്.
അഡ്വ. ദേവദാസ് തളാപ്പ്(മനുഷ്യാവകാശ പ്രവർത്തകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.