SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.25 PM IST

അനുശോചന പ്രവാഹം

rahul
സതീശൻ പാച്ചേനി രാഹുൽ ഗാന്ധിക്കൊപ്പം

മുഖ്യമന്ത്രി അനുശോചിച്ചു

കണ്ണൂർ: കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി മുൻ അദ്ധ്യക്ഷനുമായ സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് സതീശൻ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. സൗമ്യതയും സൗഹൃദവും അദ്ദേഹം തന്റെ ഇടപെടലുകളിലാകെ പുലർത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.കോൺഗ്രസ് പാർട്ടിയെയും സതീശന്റെ ബന്ധുമിത്രാദികളെയും മുഖ്യമന്ത്രി അനുശോചനമറിയിച്ചു.

നഷ്ടമായത് തികഞ്ഞ പോരാളിയെ :കെ.സി.വേണുഗോപാൽ

ഏറ്റെടുത്ത ചുമതലകൾ ആത്മാർത്ഥതയോടും സത്യസന്ധവുമായി നിറവേറ്റാൻ എന്തു ത്യാഗത്തിനും തയ്യാറായ സതീശൻ മരണം വരെ ഒരു പോരാളിയായിരുന്നുവെന്ന് എ .ഐ. സി .സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അനുശോചിച്ചു. സതീശന്റെ മരണത്തോടെ സഹോദരനെയാണ് നഷ്ടമായതെന്നും കെ.സി. പറഞ്ഞു.

എന്നും പോരാട്ടങ്ങളുടെ മുൻപന്തിയിൽ: ഉമ്മൻചാണ്ടി

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്തേക്ക് കടന്നുവന്ന സതീശൻ യുവജന പ്രസ്ഥാനത്തിലും കോൺഗ്രസ് രാഷ്ട്രീയത്തിലും നിറഞ്ഞ് നിന്നിരുന്ന പൊതുപ്രവർത്തകനായിരുന്നു. പോരാട്ടങ്ങളുടെ മുൻപന്തിയുണ്ടായിരുന്ന സതീശൻ ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും ആത്മാർത്ഥയോടെ നിറവേറ്റിയെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി അനുശോചിച്ചു.

പാച്ചേനി സത്യസന്ധതയുടെ മറുവാക്ക്:കെ.സുധാകരൻ
കണ്ണൂർ: കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയും കണ്ണൂർ മുൻ ഡി.സി.സി പ്രസിഡന്റുമായിരുന്ന സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി അനുശോചിച്ചു.

കോൺഗ്രസ് പ്രസ്ഥാനത്തെ പ്രാണവായുപോലെ സ്‌നേഹിച്ച സഹോദരതുല്യനായ പൊതുപ്രവർത്തകനായിരുന്നു സതീശൻ. ആത്മാർത്ഥത, ഊർജ്ജസ്വലത, സത്യസന്ധത എന്ന വാക്കുകളുടെ പര്യായമായി സതീശൻ പാച്ചേനിയെന്ന് രേഖപ്പെടുത്തിയാൽ ഒട്ടും അതിശോക്തിയില്ല. കോൺഗ്രസ് ആശയവും ആദർശവും ജീവിതത്തിൽ പകർത്താൻ ശ്രമിച്ചതിന്റെ പേരിൽ സ്വന്തം കുടുംബത്ത് നിന്നും പടിയിറക്കപ്പെട്ടിട്ടും തളരാതെ പോരാടി ത്യാഗനിർഭരമായ ജീവിതം നയിച്ച പൊതുപ്രവർത്തകനാണ് സതീശൻ അനുശോചന സന്ദേശത്തിൽ സുധാകരൻ പറഞ്ഞു.

പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിയുടെ താങ്ങും തണലുമായി മാറാൻ സതീശന് കഴിഞ്ഞു.കിടപ്പാടം പണയം വെച്ചും പാർട്ടിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ ഓടിനടന്ന സതീശൻ കോൺഗ്രസ് പ്രവർത്തകർക്ക് എന്നും വികാരമാണ്. തിരഞ്ഞെടുപ്പ് മത്സര രംഗത്ത് അടിപതറിയെങ്കിലും അവയെല്ലാം ചരിത്ര രേഖകളിൽ ഇടം പിടിച്ചവയാണ്. അനുശോചന കുറിപ്പിൽ പറഞ്ഞു.


വിലമതിക്കാനാകാത്ത സംഭാവന: എംഎം ഹസ്സൻ

കണ്ണൂർ ജില്ലയിൽ കോൺഗ്രസിനെയും കെ.എസ്. യു,യൂത്ത് കോൺഗ്രസ് യുവജന പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്തുന്നതിൽ സതീശൻ പാച്ചേനിയുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് യു.ഡി. എഫ് കൺവീനർ എം. എം. ഹസ്സൻ അനുസ്മരിച്ചു.

മേയർ ടി. ഒ. മോഹനൻ അനുശോചിച്ചു
സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ മേയറുടെ അനുശോചനം*

ജ്വലിച്ചു നിന്നപ്പോൾ പെട്ടെന്ന് അണഞ്ഞു പോയ പ്രകാശം പോലെയായിരുന്നു സതീശൻ പാച്ചേനിയുടെ വിയോഗമെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ ടി. ഒ. മോഹനൻ പറഞ്ഞു.

അരയാക്കണ്ടി സന്തോഷ് അനുശോചിച്ചു

കണ്ണൂർ: കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ എസ്. എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അനുശോചിച്ചു. പൊതുപ്രവർത്തകർക്ക് കൈമോശം വന്നു കൊണ്ടിരിക്കുന്ന ആദർശ രാഷ്ട്രീയത്തിന്റെ വഴികളിൽ ഉറച്ച നിലപാടുമായി മുന്നേറിയ നേതാവായിരുന്നു സതീശനെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു.
വീട്ടിൽ വച്ച മൃതദേഹത്തിൽ അരയാക്കണ്ടി അന്ത്യോപചാരമർപ്പിച്ചു.

ആത്മസമർപ്പണമുള്ള സഹപ്രവർത്തകൻ: എം.കെ രാഘവൻ
കണ്ണൂർ: കോൺഗ്രസ് രാഷ്ട്രീയത്തിൽ ആത്മാർത്ഥതയും ആത്മസമർപ്പണവും കൈമുതലാക്കിയ സഹപ്രവർത്തകനെയും സഹോദരനെയുമാണ് സതീശൻ പച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.കെ രാഘവൻ എം.പി അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

മന്ത്രി എ.കെ.ശശീന്ദ്രൻ അനുശോചിച്ചു
കണ്ണൂർ: സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ വനം വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അനുശോചിച്ചു. രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം കാത്തുസൂക്ഷിച്ച നിസ്വാർത്ഥനായ പൊതുപ്രവർത്തകനെയാണ് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

ഒരാഴ്ചത്തെ ദു:ഖാചരണം

പാച്ചേനിയോടുള്ള ആദരസൂചകമായി കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റി ഏഴ് ദിവസം ദു:ഖാചരണം ആചരിക്കാൻ തീരുമാനിച്ചു. ജില്ലയിലെ പാർട്ടി യുടെ ഔദ്യോഗിക പരിപാടികൾ ആദരസൂചകമായി മാറ്റി വെക്കേണ്ടതാണെന്ന് പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.

നിസ്വാർത്ഥനായ പൊതുപ്രവർത്തകൻ:പി.ടി.ജോസ്

കണ്ണൂർ:നിസ്വാർത്ഥനും മാന്യനുമായ ഒരു പൊതു പ്രവർത്തകനെയാണ് സതീശൻ പാച്ചേനിയുടെ വേർപാടോടെ നമുക്ക് നഷ്ട്ടമായിരിക്കുന്നത് അദ്ധ്വാന വർഗ സിദ്ധാന്ത വേദി ചെയർമാൻ പി.ടി.ജോസ് അനുശോചന കുറിപ്പിൽ പറഞ്ഞു.

കോൺഗ്രസിന് കനത്ത നഷ്ടം: മുല്ലപ്പള്ളി

കണ്ണൂർ: ആത്മസമർപ്പണവും കഠിനാധ്വാനവും മുഖമുദ്രയാക്കിയ നേതാവിനെയാണ് കോൺഗ്രസ് പ്രസ്ഥാനത്തിന് സതീശൻ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് കെ. പി.സി.സി മുൻ അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു. പാച്ചേനിയുടെ വിയോഗം കോൺഗ്രസിനും വ്യക്തിപരമായി തനിക്കും തീരാനഷ്ടമാണെന്നും മുല്ലപ്പള്ളി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.