ചെറുവത്തൂർ: വാട്സ്ആപ്പിൽ കുത്തിയും ഗെയിം കളിച്ചും സമയം കൊല്ലുന്നവർക്ക് മുന്നിൽ സ്വന്തം സ്മാർട്ട് ഫോണിൽ കൈവിരലുകൾ കൊണ്ട് മിഴിവുറ്റ ചിത്രങ്ങൾ വരച്ച് വ്യത്യസ്തനാകുകയാണ് കാസർകോട് ചെറുവത്തൂർ കണ്ണങ്കൈയിലെ സിയാദ് മുഹമ്മദ്. വാഹന പ്രേമിയും ചെറുവത്തൂർ ടൗണിലെ മൊബൈൽ ഫോൺ ഷോപ്പുടമയുമായ സിയാദ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത സ്കെച്ച് ബുക്ക് മൊബൈൽ ആപ്പ് ഉപയോഗിച്ച് വാഹനങ്ങളുടെ മനോഹര ചിത്രങ്ങളാണ് ആദ്യം വരച്ചത്.
മൊബൈൽ ബിസിനസാണ് തൊഴിലെങ്കിലും താൽപര്യം ചിത്രകലയോടായിരുന്നു. പക്ഷെ ശാസ്ത്രീയമായി അഭ്യസിക്കാൻ കഴിഞ്ഞില്ല. പെൻസിൽ ഡ്രോയിംഗിൽ സ്കൂൾ പഠനകാലത്ത് ജില്ലാതലത്തിൽ സമ്മാനം നേടിയിരുന്നു. കഴിഞ്ഞ ലോക്ക്ഡൗണിലാണ് സ്മാർട്ട് ഫോണിൽ ചിത്രരചന പരീക്ഷണം തുടങ്ങിയത്. ട്രിപ്പിൾ ലോക്ക്ഡൗണിൽ വീടിനുള്ളിൽ ഒതുങ്ങേണ്ടിവന്ന സിയാദിന് തുണയായത് സ്മാർട്ട് ഫോണായിരുന്നു.
എപ്പോഴും എവിടെവച്ചും എന്തും വരയ്ക്കാം എന്ന സൗകര്യമാണ് മൊബൈൽ ഫോണിലെ വരയിൽ സിയാദ് കാണുന്ന നേട്ടം. വാഹനങ്ങളുടെ പലവിധ മോഡലുകൾ, മുഖ്യമന്ത്രി പിണറായി വിജയൻ, ബോബി ചെമ്മണ്ണൂർ, മലയാള സിനിമ താരങ്ങൾ എന്നിവരുടെയെല്ലാം ചിത്രങ്ങൾ സിയാദിന്റെ കരവിരുതിൽ പിറന്നിട്ടുണ്ട്. മല്ലൂ ട്രാവലർ ഷാക്കിറിനെ വരച്ചതോടെ സോഷ്യൽ മീഡിയിയൽ പ്രോത്സാഹനം ലഭിച്ചു. ഇഷ്ടപ്പെട്ട വാഹനം കണ്ടാൽ അപ്പോൾ തന്നെ വര തുടങ്ങും. സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ വൈറലാകാൻ തുടങ്ങിയതോടെ നിരവധി വാഹന പ്രേമികൾ സിയാദിന്റെ ചിത്രങ്ങളെ തേടിയെത്തുന്നുണ്ട്. ചിത്രകലയിൽ ഉയരങ്ങൾ കീഴടക്കണമെന്നാണ് വേറിട്ടവഴികളിലൂടെ യാത്ര ചെയ്യുന്ന ഈ യുവാവിന്റെ ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |